റിമോർട്ട് ഡോർ ചതിച്ചാശാനേ! മൊബൈൽ കള്ളനെ റിമോർട്ട് ഉപയോഗിച്ച് പൂട്ടി കടയുടമ
text_fieldsമൊബൈൽ വാങ്ങാനെന്ന വ്യാജേന കടയിൽ കയറി ലക്ഷങ്ങളുടെ ഫോണുകളുമായി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ റിമോർട്ട് വാതിൽ ഉപയോഗിച്ച് പൂട്ടി കടയുടമ. ഒടുവിൽ കട്ടെടുത്ത ഫോണുകൾ തിരികെ നൽകി മാപ്പുപറഞ്ഞ് കള്ളൻ തടിയൂരിയെങ്കിലും സി.സി.ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.
ബ്രിട്ടനിലെ ഡ്യൂസ്ബറിയിലാണ് സംഭവം. 1,600 പൗണ്ട് (ഏകദേശം 1.60 ലക്ഷം രൂപ) വിലയുള്ള മൊബൈൽ ഫോണുകളാണ് കടയിലെത്തിയയാൾ കവർന്നത്. ഈ സമയത്ത് കടയുടമ അഫ്സൽ ആദം (52) കൗണ്ടറിനുള്ളിലായിരുന്നു. ഫോണുകളുമായി മോഷ്ടാവ് ഓടിരക്ഷപ്പെടുന്നത് കണ്ട അഫ്സൽ ഞൊടിയിടയിൽ റിമോർട്ട് ഉപയോഗിച്ച് കടയുടെ വാതിൽ അടക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള വഴിയടഞ്ഞതോടെ കള്ളൻ നാണംകെട്ട് ഉടമയുടെ അടുത്തേക്ക് മടങ്ങുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഫോണുകൾ തിരികെ നൽകിയ ഇയാൾ മുൻവശത്തെ വാതിൽ തുറന്നുതന്ന് തന്നെ പോകാൻ അനുവദിക്കണമെന്ന് കടയുടമയോട് അപേക്ഷിക്കുകയായിരുന്നു.
വെസ്റ്റ് യോർക്ക്ഷയറിലെ ഡ്യൂസ്ബറിയിലെ മൊബൈൽ ഫോൺ ഷോപ്പിൽ കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിക്കാണ് സംഭവമെന്ന് മെട്രോ ന്യൂസ് നിപ്പോർട്ട് ചെയ്തു. കടയിലേക്ക് വന്ന കള്ളന് കൗണ്ടറിന് പിന്നിലുള്ള കടയുടമ കുറച്ച് ഫോണുകൾ കാണിച്ചുകൊടുക്കുകയായിരുന്നു. നോക്കാൻ എന്ന വ്യാജേന അവ കൈയിലെടുത്ത അയാൾ ഉടൻ തന്നെ ഗ്ലാസ് വാതിലിനടുത്തേക്ക് ഓടിയപ്പോഴാണ് കടയുടമ റിമോട്ട് ഉപയോഗിച്ച് വാതിൽ അടച്ചത്.
2020 ൽ 250 പൗണ്ട് ചെലവഴിച്ചാണ് വാതിലിന് റിമോർട്ട് ലോക്കിങ് സംവിധാനം ഏർപ്പെടുത്തിയതെന്ന് കടയുടമ അഫ്സൽ ആദം പറഞ്ഞു. 1,600 പൗണ്ട് വിലയുള്ള മൊബൈൽ മോഷണം തടഞ്ഞതോടെ ഈ പണം മുതലായതായി ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.