'നിങ്ങൾ ഇന്ത്യക്കാർ വംശഹത്യ നടത്തുന്നവർ, ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ': പോളണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം -Video
text_fieldsവാഴ്സോ: പോളണ്ടിലെ വാഴ്സോയിൽ ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച് വെള്ളക്കാരൻ. യു.എസ് ടൂറിസ്റ്റാണ് രൂക്ഷമായ വിദ്വേഷപരാമർശം നടത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തത്. "എന്തുകൊണ്ടാണ് നിങ്ങൾ ഒരു പരാന്നഭോജിയായത്? വെള്ളക്കാരനെ വംശഹത്യ ചെയ്യുന്നത്?.. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ" എന്ന് തുടങ്ങി പിന്നാലെ നടന്ന് അധിക്ഷേപിക്കുന്നത് വിഡിയോയിൽ കാണാം.
10 ദിവസത്തിനുള്ളിൽ ഇന്ത്യക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വിദ്വേഷ കുറ്റകൃത്യമാണിത്. വാഴ്സോയിലെ ആട്രിയം റെഡൂട്ട ഷോപ്പിങ് സെന്ററിന് പുറത്താണ് പുതിയ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഉപദ്രവം അസഹ്യമായപ്പോൾ വിഡിയോ ചിത്രീകരണം നിർത്താൻ ഇന്ത്യക്കാരൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇത് ചെവിക്കൊള്ളാതെ വിദേശത്തുള്ള ഇന്ത്യക്കാർ വെള്ളക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇയാൾ, ഇന്ത്യക്കാർ സ്വന്തം അധ്വാനത്തിലൂടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കണമെന്നും പറഞ്ഞു.
നാല് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഇന്ത്യക്കാരനോട് വംശീയ വിവേചനത്തോടെ നിരന്തരം ചോദ്യമുന്നയിക്കുന്നത് കേൾക്കാം: "നിങ്ങൾ എന്തിനാണ് പോളണ്ടിൽ വന്നത്? അമേരിക്കയിൽ നിങ്ങളുടെ ആളുകൾ ഒരുപാടുണ്ട്. നിങ്ങൾക്ക് പോളണ്ടിനെ ആക്രമിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാത്തത്?
നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്ന് നിങ്ങൾ കരുതുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ യൂറോപ്യന്മാർ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങളുടെ ആളുകൾ ഞങ്ങളുടെ മാതൃരാജ്യത്തെ ആക്രമിക്കുന്നത്? നിങ്ങൾക്ക് ഇന്ത്യയുണ്ട്! എന്തിനാണ് വെള്ളക്കാരുടെ നാട്ടിലേക്ക് വരുന്നത്?
നിങ്ങൾ ഞങ്ങളുടെ വംശത്തെ കൂട്ടക്കൊല ചെയ്യുകയാണ്. നിങ്ങൾ ആക്രമണകാരിയാണ്. ആക്രമണകാരികൾ സ്വന്തം നാട്ടിലേക്ക് പോകുക. യൂറോപ്പിൽ നിങ്ങൾ കഴിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പോളിഷുകാർക്ക് വേണ്ടിയാണ് പോളണ്ട്. നിങ്ങൾ പോളിഷുകാരൻ അല്ല, നിങ്ങൾ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്?' -അയാൾ പിന്തുടർന്ന് ചോദിച്ചു.
'വൃത്തികെട്ട ഹിന്ദു, വെറുപ്പുളവാക്കുന്ന നായ' തുടങ്ങിയ വംശീയമുറവിളിയുമായി ഇന്ത്യൻ വംശജരായ യുവാക്കൾ കാലിഫോർണിയ തെരുവിൽ ഏറ്റുമുട്ടുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. 'എൻ.ബി.സി' ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തേജീന്ദർ സിംഗ്, കൃഷ്ണൻ ജയരാമൻ എന്നിവരാണ് നടുറോഡിൽ ഏറ്റുമുട്ടിയത്.
ആഗസ്റ്റ് 21ന് കാലിഫോർണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മർ ബൊളിവാർഡിലെ ടാക്കോ ബെല്ലിൽ വച്ച് 37കാരനായ തേജീന്ദർ സിംഗ് കൃഷ്ണൻ ജയരാമനെ വാക്കാൽ ആക്രമിച്ചതായി എൻ.ബി.സി ന്യൂസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. തന്നെ വംശീയമായി അധിക്ഷേപിച്ചതും ഒരു ഇന്ത്യക്കാരൻ ആണെന്ന് അറിഞ്ഞതിൽ അങ്ങേയറ്റം സങ്കടകരമാണെന്ന് കൃഷ്ണൻ ജയരാമൻ പറഞ്ഞു. അടുത്തിടെ ഇന്ത്യൻ യുവതികളെ വംശീയമായി അധിക്ഷേപിക്കുന്ന വിദേശ വനിതയുടെ വീഡിയോ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.