ഗസ്സയിൽ മരിച്ചുവീഴുന്ന കുരുന്നുകളെ വരെ കളിയാക്കി ഇസ്രായേലി സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ നിറയുന്നു
text_fieldsഗസ്സ സിറ്റി: ഇസ്രായേലിന്‍റെ സമ്പൂർണ ഉപരോധത്തിലും വ്യോമാക്രമണത്തിലും ഗസ്സയിൽ വെള്ളവും വൈദ്യുതിയുമില്ലാതെ നരകയാതന അനുഭവിക്കുന്ന, ഏത് നിമിഷവും മരണം പ്രതീക്ഷിക്കുന്ന ഫലസ്തീൻ ജനതയെ അപഹസിച്ചുള്ള വിഡിയോകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇസ്രായേലി സമൂഹമാധ്യമ ഇൻഫ്ലുവേഴ്സാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്, ടിക്ടോക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഗസ്സയിലെ ജനങ്ങളെ കളിയാക്കിയുള്ള വിഡിയോകൾ പ്രസിദ്ധീകരിക്കുന്നത്.
ഇസ്രായേലിന്‍റെ മനുഷ്യത്വരഹിത ആക്രമണം തുടരുമ്പോൾ കനത്ത മാനുഷിക ദുരന്തമാണ് ഗസ്സ അനുഭവിക്കുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല, പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളിൽ പോലും സൗകര്യമില്ലാത്ത അവസ്ഥ. സുരക്ഷിതമായ ഒരു തരി മണ്ണുപോലുമില്ല. ഇതിനെയാണ് ഇസ്രായേലി സെലബ്രിറ്റികൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നത്.
ഫലസ്തീനികളുടെ വേഷം ധരിച്ച് തക്കാളി സോസ് മുഖത്ത് പുരട്ടി കൊല്ലപ്പെട്ടതുപോലെ കിടക്കുക, കൊച്ചുകുട്ടികളെ വരെ ഉപയോഗിച്ച് ഫലസ്തീനികളെ അപഹസിക്കുക, ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് കളിയാക്കിക്കൊണ്ടുള്ള വിഡിയോകൾ ചെയ്യുക തുടങ്ങിയവാണ് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേലിന്‍റെ നിഷ്ഠൂരമായ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളെ പോലും പാവകളെ ഉപയോഗിച്ച് അപഹസിക്കുകയാണ്. വെള്ളമില്ലാതെ ഗസ്സക്കാർ യാതന അനുഭവിക്കുമ്പോൾ ഇസ്രായേലികൾ വെള്ളം പാഴാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയാണ്. ലൈറ്റ് ഓഫാക്കിയും ഓണാക്കിയും ഗസ്സയിലെ വൈദ്യുതിയില്ലായ്മയെ പരിഹസിക്കുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് വിഡിയോകളാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായുള്ളത്.
മനുഷ്യത്വരഹിതമായ ഇത്തരം വിഡിയോകൾക്കെതിരെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കുന്നില്ല. അതേസമയം, ഗസ്സയിലെ ദുരവസ്ഥ പുറംലോകത്തെത്തിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയുമുണ്ട്. 'ഐ ഓൺ ഫലസ്തീൻ' എന്ന ഇൻസ്റ്റഗ്രാം പേജിന് 60 ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ടായിരുന്നു. ഗസ്സയിലെ നിരവധി ദുരന്തചിത്രങ്ങൾ ഈ പേജിലൂടെ പുറംലോകം കണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച ഈ പേജ് അപ്രത്യക്ഷമായി. ഹാക്കിങ് ശ്രമം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അക്കൗണ്ട് ലോക്ക് ചെയ്തതെന്നാണ് മെറ്റയുടെ വിശദീകരണം. ഇതുകൂടാതെ, നൂറുകണക്കിന് ഫലസ്തീൻ അനുകൂല പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.