ഡെൽറ്റ വകഭേദം ബാധിച്ചവരുടെ വീടുകൾ ബലമായി അടച്ചുപൂട്ടി ചൈനീസ് സർക്കാർ; ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് വാതിലുകൾ സീൽ ചെയ്യുന്നു
text_fieldsകോവിഡ് ഡെൽറ്റ വകഭേദം പടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി ചൈനീസ് സർക്കാർ. രോഗം ബാധിച്ചവരുടെ വീടുകൾ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടിയിടുകയാണ് അധികൃതർ ചെയ്യുന്നത്. ഇത്തരം നിരവധി സംഭവങ്ങളുശട വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിപിഇ കിറ്റണിഞ്ഞ ജീവനക്കാർ വീടുകളുടെ വാതിലുകൾക്ക് മുകളിൽ ഇരുമ്പ് ദണ്ഡുകൾ ഉറപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ വർഷം കോവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ വുഹാനിൽ കണ്ട തീവ്ര നടപടികളുടെ ആവർത്തനമാണ് രോഗികളെ വീടുകളിൽ പൂട്ടിയിടാനുള്ള നീക്കമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെയ്‌ബോ, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലാണ് വീഡിയോകൾ പ്രചരിക്കുന്നത്. ചിലയിടങ്ങളിൽ രോഗികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ മൊത്തത്തിൽ അടച്ചുപൂട്ടിയതായും വിവരമുണ്ട്. ദിവസത്തിൽ മൂന്നുതവണയിൽ കൂടുതൽ വാതിൽ തുറന്നതായി കണ്ടെത്തിയാൽ അവരെ പൂട്ടിയിടുമെന്ന് ചില മാധ്യമങ്ങൾ പറയുന്നു.
അതേസമയം പുതിയ കോവിഡ് വേരിയന്‍റുകൾക്ക് എവിടെയും എപ്പോഴും എത്തിപ്പെടാൻ കഴിയുമെന്ന് പുതിയ കേന്ദ്രസർക്കാർ പഠനം പറയുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നീ വേരിയന്‍റുകളിൽ നടത്തിയ പഠനത്തിലാണ് ഈ വൈറസുകൾക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാൻ കഴിയുമെന്ന് കണ്ടെത്തിയത്.
ദേശീയ രോഗപ്രതിരോധ ബോർഡ് ഡയറക്ടർ ഡോ. എസ്.കെ സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നീ വേരിയന്‍റുകളിലാണ് പഠനം നടത്തിയത്. കാപ്പ, ബി1617.3 എന്നീ വേരിയന്‍റുകളെക്കുറിച്ച് ബോർഡ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ട് തരത്തിലുള്ള പഠനങ്ങളാണ് തങ്ങൾ നടത്തിയത്. പുറത്തുനിന്നും വരുന്ന ആശങ്കയയുർത്തുന്ന വേരിയന്‍റുകളെക്കുറിച്ചും ഡെൽറ്റ പ്ലസ് വേരിയന്‍റ് നമ്മുടെ രാജ്യത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും. ഇപ്പോൾ പുതിയ വേരിയന്‍റുകളെക്കുറിച്ചും പഠനം നടത്തേണ്ടി വന്നിരിക്കുകയാണ്. അവക്ക് എപ്പോൾ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്നതാണ് അതിനുകാരണം.'
അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ട്. ഡെൽറ്റ വകദേദം പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികൾ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക് ഓട്ടോ ഷോ അധികൃതർ റദ്ദാക്കി. ലൂസിയാനയിൽ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റ് തുടർച്ചയായി രണ്ടാംവർഷവും ഉപേക്ഷിച്ചു.
ഫ്ലോറിഡയടക്കം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കണോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഡെൽറ്റ വകഭേദം ആൽഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാൽ മാസ്ക് നിർബന്ധമാക്കണമെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.