ഗസ്സയിൽ ചോരപ്പുഴ ഒഴുക്കി ഇസ്രായേലിൽ അധികാരം ഉറപ്പാക്കി നെതന്യാഹു
text_fieldsജറൂസലം: ഇടവേളക്കുശേഷം വീണ്ടും ഗസ്സക്കു മേൽ അഗ്നി വർഷിച്ച പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു അതുവഴി എളുപ്പം ഭരണം ഉറപ്പാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. 12 വർഷമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ലിക്കുഡ് പാർട്ടി നേതാവിന് രണ്ടുവർഷത്തിനിടെ തുടർച്ചയായ നാലു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞും ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ രൂപവതക്രണം പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ പ്രസിഡന്‍റ് പ്രതിപക്ഷത്തെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് യായർ ലാപിഡ് മന്ത്രിസഭ രൂപവത്കരണ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗസ്സക്കു മേൽ പതിച്ച ബോംബുകൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ജൂത, ഫലസ്തീനി വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത ഇത് വീണ്ടും രൂക്ഷമാക്കി. ഇതോടെ ലാപിഡിന് പിന്തുണക്കേണ്ട അറബ് കക്ഷി മന്ത്രിസഭ രൂപവത്കരണ ചർച്ചകളിൽനിന്ന് പിന്മാറി. ജൂൺ രണ്ടിനകം സഖ്യസർക്കാർ രൂപവത്കരിക്കണമെന്ന സമയപരിധി ലാപിഡിന് പാലിക്കാനാകില്ലെന്നതാണ് സ്ഥിതി. മാത്രവുമല്ല, നെതന്യാഹുവിന് പിന്തുണയുമായി പ്രതിപക്ഷത്തെ ചിലർ എത്തുമെന്ന സൂചനയുമുണ്ട്.
ഫലസ്തീനികളെ നേരിടാൻ കരുത്തുറ്റ നേതാവ് എന്ന ലാബൽ ഉയർത്തിക്കാട്ടി മന്ത്രിസഭ ഉണ്ടാക്കാനാണ് നെതന്യാഹുവിന്‍റെ നീക്കം. ഇത് വിജയം കാണുമെന്നാണ് ഏറ്റവുമൊടുവിലെ സൂചനകൾ. 2012ലും 2014ലും ഗസ്സക്കുമേൽ ആക്രമണം നടത്തിയത് നെതന്യാഹുവായിരുന്നു. ഫലസ്തീനി പ്രശ്നം ശരാശരി ഇസ്രായേലി മനസ്സിൽനിന്ന് പരമാവധി അകറ്റിനിർത്തുന്നതിൽ നേരത്തെ വിജയം കണ്ട അദ്ദേഹം അടുത്തായി അഴിമതിക്കേസുകളിൽ കുടുങ്ങിയതോടെ വീണ്ടും പ്രകോപനത്തിനും പിന്നാലെ രൂക്ഷമായ ആക്രമണത്തിനും തീരുമാനമെടുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗസ്സയിലെയും മസ്ജിദുൽ അഖ്സയിലെയും ഇസ്രായേൽ സൈനിക നീക്കം അറബികൾക്കും ജൂതർക്കുമിടയിൽ വംശീയ സംഘർഷത്തിനും വളമിട്ടിരുന്നു. അറബികൾ ജൂതർക്കൊപ്പം സമാധാനമായി കഴിഞ്ഞുപോന്ന പ്രദേശങ്ങളിലേറെയും ദിവസങ്ങളായി കടുത്ത ആഭ്യന്തര സംഘർഷം നിലനിൽക്കുകയാണ്. 66 ലക്ഷം ജൂതരും 20 ലക്ഷം അറബികളുമാണ് ഇസ്രായേലിലെ ജനസംഖ്യ. ഗസ്സ, വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ കൂടി ചേർത്താൽ അറബികൾ 60 ലക്ഷമാണ്. ഇവർക്കിടയിൽ ആഭ്യന്തര സംഘട്ടനം രൂക്ഷമായാൽ ഏതറ്റം വരെ പോകുമെന്നതാണ് ആശങ്ക.
പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ പാർട്ടികളെ ഒരു കുടക്കീഴിൽ നിർത്തി മന്ത്രിസഭ രൂപവത്കരിക്കാൻ ലാപിഡിന് സാധ്യമാക്കാത്തതാണ് കുഴക്കുന്നത്. മുൻ മാധ്യമപ്രവർത്തകനായ ലാപിഡ് രാഷ്ട്രീയ രംഗത്ത് ഇനിയും നെതന്യാഹുവിനോളം ദേശീയ പ്രസക്തനല്ല. അതിനാൽ ചെറുകിട പാർട്ടികളുമായി ഭിന്നത പരിഹരിക്കുന്നതിലും വിജയം കാണാനാകാത്ത സ്ഥിതിയുണ്ട്.
ഇസ്രായേലിന്‍റെ ചരിത്രത്തിലാദ്യമായി ക്രിമിനൽ വിചാരണ നേരിടാനിരിക്കുകയാണ് നെതന്യാഹു. ഒരു പ്രധാനമന്ത്രിയും ഇതുപോലെ ജയിൽശിക്ഷക്കരികെ എത്തിയിട്ടില്ല. അഴിമതിയും കൈക്കൂലിയുമുൾപെടെ വിവിധ കേസുകളിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. സമയമെടുക്കുമെങ്കിലും ശിക്ഷ ലഭിക്കുന്ന പക്ഷം തടവറ കാത്തിരിക്കുന്നുവെന്നത് വീണ്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ നെതന്യാഹുവിനെ നിർബന്ധിക്കുന്നുണ്ട്. പുതിയ ആക്രമണം താത്കാലിക അഭയമാകുെമന്നും കണക്കുകൂട്ടുന്നു. ഇതിനു പക്ഷേ, ഗസ്സയിെല ലക്ഷങ്ങൾ നൽകേണ്ടിവരുന്നത് വലിയ വിലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.