അമേരിക്കൻ പ്രസിഡന്റിനെ പ്രവചിച്ച് തായ്ലൻഡിലെ 'വൈറൽ ഹിപ്പോ' -വിഡിയോ
text_fieldsബാങ്കോക്ക്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് തായ്ലൻഡിലെ വൈറൽ കുഞ്ഞു ഹിപ്പോയായ മൂ ഡെംഗ്. ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നാണ് തായ്ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിൽ ഹിപ്പോയുടെ പ്രവചനം.
തിങ്കളാഴ്ച പുറത്തുവന്ന വിഡിയോയിൽ മൃഗശാലയിലെ കുളക്കരയിൽ ട്രംപിന്റെയും കമല ഹാരിസിന്റെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകൾ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയപ്പോൾ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ടാണ് കുഞ്ഞു ഹിപ്പോ തിരഞ്ഞെടുത്തത്. അതേ സമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു.
2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ സെൻസേഷനാണ്. എക്സിലും ടിക്ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വിഡിയോകൾ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നർത്തകൻ മൈക്കൽ ജാക്സൻ്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന "മൂൺവാക്കിലൂടെ" മൂ ഡെങ് സമൂഹ്യമാധ്യമങ്ങൾ കൈയ്യടക്കിയിരുന്നു.
ചരിത്രത്തിെല ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്നാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളിൽ കമല മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ വിവിധ സമയ സോണുകളിൽ പ്രാദേശിക സമയം ഏഴുമുതൽ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവിൽ ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച ഒമ്പത് കോടി പേർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.