റഷ്യക്ക് മുമ്പിൽ യുക്രെയ്ൻ അടിയറവ് പറയില്ല, എല്ലാറ്റിനെയും അതിജീവിക്കുമെന്ന് സെലൻസ്കി
text_fieldsവാഷിങ്ടൺ: റഷ്യൻ കടന്നുകയറ്റത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അമേരിക്കൻ കോൺഗ്രസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് റഷ്യക്കെതിരെ സെലൻസ്കി ആഞ്ഞടിച്ചത്. എല്ലാ പ്രതിബന്ധങ്ങൾക്കും ദുതിരങ്ങൾക്കും മുമ്പിൽ യുക്രെയ്ൻ അടിയറവ് പറയില്ലെന്നും എല്ലാറ്റിനെയും അതിജീവിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി.
യുക്രെയ്ൻ ജനതക്ക് ഭയമില്ല. റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ഘട്ടത്തിൽ യുക്രെയ്നാണ് വിജയിച്ചത്. റഷ്യൻ സ്വേച്ഛാധിപത്യത്തിന് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഈ യുദ്ധം താൽകാലിക വിരാമമില്ല, മാറ്റിവെക്കാനോ സാധിക്കില്ല. സമുദ്രമോ മറ്റെന്തെങ്കിലുമോ സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിച്ച് യുദ്ധത്തെ അവഗണിക്കാനാവില്ലെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.
ഒരു യുദ്ധം നടക്കുമ്പോൾ അമേരിക്ക മുതൽ ചൈന വരെയും യൂറോപ്പ് മുതൽ ലാറ്റിനമേരിക്ക വരെയും എല്ലാ രാജ്യങ്ങളിൽ നിന്നും ആസ്‌ട്രേലിയ വരെയും ഒരാൾക്ക് മാറിനിൽക്കാനും ഒരേസമയം സുരക്ഷിതത്വം അനുഭവിക്കാനും അനുവദിക്കാത്തവിധം ലോകം പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്.
യുക്രെയ്നും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വൊളോദിമിർ സെലൻസ്കി എടുത്തുപറഞ്ഞു. ഈ യുദ്ധത്തിൽ രണ്ട് രാജ്യങ്ങളും സഖ്യകക്ഷികളാണ്. അടുത്ത വർഷം ഒരു വഴിത്തിരിവായിരിക്കും, യുക്രെയ്ൻ ധൈര്യവും അമേരിക്കൻ ദൃഢനിശ്ചയവും നമ്മുടെ പൊതു സ്വാതന്ത്ര്യത്തിന്റെ ഭാവി ഉറപ്പുനൽകുമെന്ന് എനിക്കറിയാം. മൂല്യങ്ങൾക്കായി പൗര സ്വാതന്ത്ര്യം നിലകൊള്ളും - സെലൻസ്കി ചൂണ്ടിക്കാട്ടി.
ബഖ്മുട്ട് പോലുള്ള യുക്രെയ്ൻ നഗരങ്ങൾക്കെതിരെ റഷ്യ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും ഒരിക്കലും കീഴടങ്ങില്ല. റഷ്യക്കാർ രാവും പകലും 70,000 ആളുകളുള്ള നഗരം പിടിച്ചെടുക്കുന്നു, പക്ഷേ ബഖ്മുട്ട് നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം ബഖ്മുട്ടിൽ 70,000 പേർ താമസിച്ചിരുന്നു. ഇപ്പോൾ കുറച്ച് സിവിലിയൻമാർ മാത്രമാണ് അവിടെയുള്ളത്. ആ ഭൂമിയുടെ ഓരോ ഇഞ്ചും ചോരയിൽ കുതിർന്നിരിക്കുന്നു. കനത്ത പോരാട്ടത്തിലും കയ്യാങ്കളിയിലും ഡോൺബാസിൽ പല തവണ അധിനിവേശം നടന്നു. എന്നാൽ, യുക്രെയ്നിൽ ഡോൺബാസ് നിൽക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി.
ബഖ്മുതിനും മറ്റ് മനോഹരമായ നഗരങ്ങൾക്കും നേരെ റഷ്യക്കാർ അവർക്കുള്ള എല്ലാ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നു. പീരങ്കികളിലും സ്ഫോടനവസ്തുക്കളിലും അധിനിവേശക്കാർക്ക് മേൽക്കൈയുണ്ട്. യുക്രെയ്ന് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ മിസൈലുകളും വിമാനങ്ങളും അവരുടെ കൈവശമുണ്ട് എന്നത് സത്യമാണ്. എന്നാൽ, യുക്രെയ്ൻ സേനയുടെ പ്രതിരോധം ഇപ്പോഴും നിലകൊള്ളുന്നതായും സെലൻസ്കി കൂട്ടിച്ചേർത്തു.
ഹ്രസ്വസന്ദർശനത്തിനാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അമേരിക്കയിലെത്തിയത്. 1800 കോടി ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചാണ് യുക്രെയ്ൻ പ്രസിഡന്റിനെ യു.എസ് വരവേറ്റത്. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം സെലൻസ്കിയുടെ ആദ്യ വിദേശയാത്രയാണിത്.
അതിനിടെ, സെലൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. സമാധാന ചർച്ചക്ക് യുക്രെയ്ന് താൽപര്യമില്ലെന്നാണ് പുതിയ നീക്കങ്ങൾ തെളിയിക്കുന്നതെന്നും യു.എസിൽ നിന്ന് ആയുധം വാങ്ങി യുദ്ധം ചെയ്യാനാണ് അവരുടെ തീരുമാനമെന്നും പുടിൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.