അറസ്റ്റ് വാറണ്ടിന് പിന്നാലെ ക്രിമിയയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പുടിൻ
text_fieldsമോസ്കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ക്രിമിയയിലേക്കായിരുന്നു പുടിന്റെ അപ്രതീക്ഷിത സന്ദർശനം. ക്രിമിയയിൽ ഒരു സ്കൂളും കുട്ടികളുടെ കലാകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ക്രിമിയയെ റഷ്യ കൂട്ടിച്ചേർത്ത് ഒമ്പത് വർഷം തികയുന്നവേളയിലാണ് പുടിന്റെ സന്ദർശനം.
അതേസമയം, ക്രിമിയയിൽ സന്ദർശനം നടത്തിയ പുടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന ആരോപണവുമായി യുക്രെയ്ൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് രംഗത്തെത്തി. പുടിന്റെ നടത്തത്തിൽ ക്ഷീണം പ്രകടമാണെന്നായിരുന്നു വിഡിയോ പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ ആരോപണം.നേരത്തെ വിഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പുടിൻ അറിയിച്ചത്. എന്നാൽ, കാറോടിച്ച് ക്രിമിയയിലെ ഏറ്റവും വലിയ നഗരത്തിൽ പുടിനെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്നിൽ നിന്നും കുട്ടികളെ കടത്തിയെന്നായിരുന്നു പുടിനെതിരായ ആരോപണം. റഷ്യയുടെ മന്ത്രിയുടെ പേരിലും യുദ്ധക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ, അറസ്റ്റ് വാറണ്ടിനെ ടോയ്‍ലറ്റ് പേപ്പർ എന്നാണ് റഷ്യ പരിഹസിച്ചത്. ഇതിന് മുമ്പ് 2020ലാണ് പുടിൻ ക്രിമിയ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.