അമ്മയെ കുറിച്ചുള്ള ബാല്യകാല ഓർമ പങ്കിട്ട് പുടിൻ; ട്രോളി നെറ്റിസൺസ്
text_fieldsമോസ്കോ: അമ്മയുമൊത്തുള്ള ബാല്യകാല ഓർമകൾ പങ്കുവെച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിക്കാലത്ത് അമ്മ തന്നെ ശിക്ഷിച്ചതിനെ കുറിച്ചാണ് പുടിൻ വിഡിയോയിൽ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച പ്യാറ്റിഗോർസ്കിൽ യുവജന കൂട്ടായ്മയായ മൂവ്‌മെന്റ് ഓഫ് ദി ഫസ്റ്റുമായി നടത്തിയ പൊതുയോഗത്തിലായിരുന്നു പുടിൻ ഇതെ കുറിച്ച് പറഞ്ഞത്. എന്നാൽ വിഡിയോ കണ്ട പലരും കഥയുടെ ബാക്കി ചോദിക്കുന്നുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ബാല്യകാല സ്മരണയെ കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മയുമൊത്തുള്ള അനുഭവം പുടിൻ തുറന്നുപറഞ്ഞത്. തന്നെ ഒരു മൂലയിൽ ഇരുത്തി അമ്മ ശിക്ഷിച്ചതിനെ കുറിച്ചാണ് പുടിൻ വിവരിച്ചത്. യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോ ആണ് വിഡിയോയുടെ ക്ലിപ്പ് പങ്കുവെച്ചത്.
''ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. കഥയുടെ തുടക്കം ഞാൻ പറയാം. അമ്മ എന്നെ ഒരു മൂലയിൽ നിർത്തി. അതെന്തിനാണെന്ന് ഞാൻ ഓർക്കുന്നില്ല. കുറച്ചു നേരം അമ്മ ചുറ്റും നടന്നു. പിന്നെ എന്നെ ഭയപ്പെടുത്തുന്ന രീതിയിൽ നോക്കി നീ ക്ഷമ ചോദിക്കാൻ പോവുകയാണോ അല്ലയോ? എന്ന് ചോദിച്ചു.'-എന്നാണ് പുടിൻ പറയുന്നത്.
അവസാനം ആ മൂലയിൽ നിന്ന് മാറ്റിനിർത്തി അമ്മയെന്നെ ഉമ്മ വെച്ചുവെന്നും പുടിൻ സൂചിപ്പിച്ചു. സംഭവം നടക്കുമ്പോൾ പുടിൻ മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂവെന്ന് റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. നിരവധിയാളുകളാണ് വിഡിയോക്ക് പ്രതികരണവുമായെത്തിയത്.പാപത്തിന്റെയും വീണ്ടെടുപ്പിന്റെയും ഗൂഢാലോചനയില്ലാത്ത ആഖ്യാന രഹിതമായ കഥയെന്ന് ഒരാൾ പറഞ്ഞു. അയാളിപ്പോഴും ഒരു മൂലയിൽ തന്നെയാണെന്ന് മറ്റൊരാൾ പറഞ്ഞു. കഥയും മധ്യഭാഗം എവിടെയെന്നാണ് ഒരാളുടെ ചോദ്യം.
സോവിയറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ദരിദ്രസാഹചര്യത്തിൽ അമ്മ മരിയയും അച്ഛൻ വ്ലാദിമിറും ചേർന്നാണ് പുടിനെ വളർത്തിയത്. 1952 ലായിരുന്നു പുടിന്റെ ജനനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.