ഉറപ്പാണ് പുടിൻ ! 2036 വരെ റഷ്യൻ പ്രസിഡൻറ്
text_fieldsമോസ്കോ: റഷ്യയിൽ രണ്ടുതവണകൂടി അധികാരത്തിൽ തുടരാനുള്ള നിയമ ഭേദഗതിയിൽ ഒപ്പുവെച്ച് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ.
ഇതോടെ, 2036 വരെ റഷ്യൻ പ്രസിഡൻറായി പുടിന് അധികാരത്തിൽ തുടരാം. രണ്ടു പതിറ്റാണ്ടിലധികമായി അധികാരത്തിൽ തുടരുന്ന പുടിൻ നേരത്തെ നിയമഭേദഗതിക്കാവശ്യമായ ചരടുവലി നടത്തിയിരുന്നു.
കഴിഞ്ഞ വർഷമാണ് അധികാരത്തിൽ തുടരാനായി ഭരണഘടനയിൽ മാറ്റംകൊണ്ടുവന്നത്. ജൂലൈയിൽ ഫെഡറൽ അസംബ്ലി ഇതിന് അനുമതി നൽകുകയും ചെയ്തു. നിലവിലെ കാലാവധി 2024ൽ അവസാനിക്കാനിരിക്കെയാണ് തുടർച്ചയായ രണ്ടു തവണ അധികാത്തിൽ തുടരുന്ന പുടിൻ ഭരണഘടന മാറ്റി സ്ഥാനം ഭദ്രമാക്കിയത്.
അതേസമയം പുടിെൻറ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറഞ്ഞു. പ്രസിഡൻറായി തുടരാൻ സ്വയം ഭരണഘടന മാറ്റിയതിനെതിരെ ട്വിറ്ററിൽ ട്രോൾ മഴയാണ്. ഇങ്ങനെ പോയാൽ ആജീവനാന്തം റഷ്യയിൽ പ്രസിഡൻറായി 68 പിന്നിട്ട ഇയാൾ തന്നെ തുടരുമെന്ന് ട്രോളുകൾ പരിഹസിച്ചു.
പടുവൃദ്ധെൻറ വിഡിയോ പങ്കുവെച്ച് '2035 യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന പുടിൻ' എന്ന് ചിലർ ട്രോളി. തുടർച്ചയായി രണ്ട് വട്ടം മാത്രമാണ് പ്രസിഡൻറ് പദവിയിലിരിക്കാൻ റഷ്യൻ ഭരണഘടന അനുവദിച്ചിരുന്നത്. എന്നാൽ, വീണ്ടും അധികാരത്തിൽ തുടരുന്നതിനാവശ്യമായ നിയമഭേദഗതി പലഘട്ടങ്ങളിലായി വരുത്തിയാണ് പുടിൻ സ്വാധീനം ഉറപ്പിച്ചത്.
2000ത്തിലാണ് ആദ്യമായി പ്രസിഡൻറ് സ്ഥാനത്ത് എത്തുന്നത്. 2004ലെ തെരഞ്ഞെടുപ്പിൽ രണ്ടാമതും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായി. പിന്നീട് നിയമ ഭേദഗതി വരുത്തി 2012ലും 2018ലും പ്രസിഡൻറ് സ്ഥാനത്ത് തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.