പുടിന് അർബുദ ശസ്ത്രക്രിയ; ചാര സംഘടന മുൻ മേധാവിക്ക് നിയന്ത്രണം കൈമാറിയെന്ന് റിപ്പോർട്ട്
text_fieldsമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അർബുദ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനാൽ യുക്രെയ്ൻ അധിനിവേശത്തിന്റെ ചുമതല ചരസംഘടന (എഫ്.എസ്.ബി) മുൻ തലവൻ നിക്കോളായ് പത്രുഷേവിനെ ഏൽപിച്ചതായി റിപ്പോർട്ടുകൾ. ഏപ്രിൽ പകുതിയോടെ നടത്താനിരുന്ന ശസ്ത്രക്രിയ നീണ്ടുപോയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊതുമധ്യത്തിൽ അത്ര സുപരിചിതനല്ലെങ്കിലും 70 കാരനായ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റഷ്യൻ യുദ്ധതന്ത്രത്തിന്റെ പ്രധാന ശിൽപിയായാണ് അറിയപ്പെടുന്നത്. കിയവ് നഗരം നവ-നാസികളാൽ നിറഞ്ഞിരിക്കുകയാണെന്ന് പുടിനെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് പത്രുഷേവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ ഭരണഘടന പ്രകാരം അധികാരം പ്രധാനമന്ത്രിക്ക് കൈമാറണമെന്നിരിക്കേ പുടിന്റെ നീക്കം ആശ്ചര്യകരമായാണ് വിവിധ കേന്ദ്രങ്ങൾ കരുതുന്നത്. പുടിൻ യുക്രെയ്‌നിലുടനീളം സമ്പൂർണ യുദ്ധം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വാർത്ത.
ഇതാദ്യമായല്ല പുടിന്റെ ആരോഗ്യപ്രശ്‌നങ്ങൾ പുറത്തുവരുന്നത്. ഒന്നര വർഷം മുമ്പ് ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പുടിന് ഉദരാശയ അർബുദവും പാർക്കിൻസൺസും ഉണ്ടെന്ന് റഷ്യൻ മാധ്യമമായ എസ്.വി.ആർ റിപ്പോർട്ട് ചെയ്തിരുന്നു.
ശസ്ത്രക്രിയയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുടിന്റെ അസുഖം ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിലെ സങ്കീർണതകൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.