പുടിൻ സ്വന്തം അണികളുടെ കൈകളാൽ കൊല്ലപ്പെടും -അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ്
text_fieldsമോസ്കോ: തന്റെ അടുത്ത അണികളുടെ കൈകളാൽ തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൊല്ലപ്പെടുമെന്ന അവകാശവാദവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരാണ്ട് തികയുന്ന വേളയിൽ തന്നെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിലാണ് സെലൻസ്കി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
റഷ്യൻ പ്രസിഡന്റിന്റെ അസ്ഥിരമായ ഭരണത്തിന് അന്ത്യം കുറിച്ച് അണികളിലൊരാൾ തന്നെ പുടിനെ വധിക്കും എന്നായിരുന്നു സെലൻസ്കി പറഞ്ഞത്. ഒരു വേട്ടക്കാരൻ തന്നെ മറ്റൊരു വേട്ടക്കാരനെ വിഴുങ്ങും. അപ്പോഴവർ കൊമറോവിന്റെ, സെലൻസ്കിയുടെ വാക്കുകൾ ഓർക്കും. കൊലപാതകിയെ കൊല്ലുന്നതിന് അവർ ഒരു കാരണം കണ്ടെത്തും. ശരിക്കും അത് പ്രായോഗികമാവുമോ? ഉറപ്പാണത്. എപ്പോഴാണതെന്ന് എനിക്ക് പറയാനാവില്ല-യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.
അടുത്ത സൗഹൃദവലയത്തിനുള്ളിൽ പുടിനെതിരെ കടുത്ത അസഹിഷ്ണുതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത അണികൾക്കിടയിൽ പുടിനെതിരെ അമർഷം പുകയുന്നതായി സമീപകാലത്ത് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധമുഖത്തുനിന്ന് റഷ്യൻ സൈനികർ പരാതിപ്പെടുന്നതിന്റെയും കരയുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു.
അതേസമയം, ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും പുടിനോട് കടപ്പെട്ടിരിക്കുന്നതിനാൽ അത്തരമൊരു സാഹചര്യം അസാധ്യമാണെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട്. സെലൻസ്കിയുടെ അവകാശവാദത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.