ഒരുകാലത്ത് പുടിന്റെ അനുയായിയും പിന്നീട് വിമർശകനുമായ വിക്ടർ ചെർക്സോവ് അന്തരിച്ചു
text_fieldsമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അനുയായിയും പിന്നീട് വിമർശകനുമായി മാറിയ വിക്ടർ ചെർക്സോവ് അന്തരിച്ചു. 72 വയസായിരുന്നു. സെന്റ്പീറ്റേഴ്സ് ബർഗിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇദ്ദേഹം ഗുരുതരരോഗബാധിതനായിരുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെ.ജി.ബി ഓഫിസർ ആയാണ് ചെർക്സോവ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
1992നും 1998നുമിടയിൽ അദ്ദേഹം റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.എസ്.ബിയുടെ തലപ്പത്തെത്തി. ഇക്കാലത്താണ് പുടിനുമായി അടുക്കുന്നത്. 1998ൽ പുടിനെ എഫ്.എസ്.ബി ഡയറക്ടറായി നിയമിച്ചപ്പോൾ ചെർക്സോ മോസ്കോയിലേക്ക് മാറി. 2000ത്തിൽ പുടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സജീവമായിരുന്നു. 2007ൽ ഒരു പത്രത്തിൽ എഴുതിയ ലേഖനമാണ് പുടിന്റെ എതിർപ്പിന് കാരണമാക്കിയത്.
സുരക്ഷ ഏജൻസിയിലെ അഴിമതിയെ കുറിച്ചാണ് അദ്ദേഹം ലേഖനത്തിൽ പറഞ്ഞത്. അത്തരമൊരു ലേഖനത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറയുകയുമുണ്ടായി. പുടിന്റെ അപ്രീതിക്ക് പാത്രമായതോടെ ചെർക്സോവിനെ തരംതാഴ്ത്തുകയും സർക്കാർ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. യുക്രെയ്ൻ അധിനിവേശം തുടങ്ങിയതിനു പിന്നാലെ നിരവധി റഷ്യൻ പ്രമുഖരാണ് മരണപ്പെട്ടത്. ഇവരിൽ ഏറെ പേരും ദുരൂഹസാഹചത്യത്തിൽ ആണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.