റഷ്യയിൽ പ്രതിസന്ധി ഒഴിഞ്ഞു; ബെലറൂസിന്റെ മധ്യസ്ഥത ചർച്ചക്ക് പിന്നാലെ വിമതനീക്കം നിർത്തി വാഗ്നർ ഗ്രൂപ്പ്
text_fieldsമോസ്കോ: ബെലറൂസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥത ചർച്ചകൾക്ക് പിന്നാലെ വിമത നീക്കത്തിൽ നിന്ന് പിന്മാറി വാഗ്നർ ഗ്രൂപ്പ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ അനുമതിയോടെ ബെലറൂസ് പ്രസിഡന്റ് നടത്തിയ മധ്യസ്ഥ നീക്കമാണ് ഫലം കണ്ടത്. പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ മുന്നോട്ടുവെച്ച നിർദേശങ്ങൾ വാഗ്നർ ഗ്രൂപ്പ് അംഗീകരിച്ചുവെന്നാണ് വാർത്തകൾ.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗനി പ്രിഗോസിൻ പറഞ്ഞു. വാഗ്നർ സേനയെ പിരിച്ചുവിടാൻ അവർ ആഗ്രഹിച്ചു. ജൂൺ 23ന് ഞങ്ങൾ നീതിക്ക് വേണ്ടിയുള്ള യാത്ര ആരംഭിച്ചു. ഇപ്പോൾ രക്തം ചൊരിയാവുന്ന നിമിഷം വന്നിരിക്കുന്നുവെന്ന് പ്രിഗോസിൻ പറഞ്ഞു. ഞങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കുന്നു. റഷ്യൻ രക്തം ഒരുവശത്ത് മാത്രമാണ് വീഴുന്നത്. അതിനാൽ ഞങ്ങൾ തിരികെ പോവുകയാണെന്നും പ്രിഗോസിൻ കൂട്ടിച്ചേർത്തു. വാഗ്നർ ഗ്രൂപ്പ് തലവൻ ഉടൻ തന്നെ ബെലറൂസിലേക്ക് പോകും. അവിടെ വെച്ച് കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
റഷ്യൻ സൈന്യത്തിന് നേരെ സായുധനീക്കത്തിന് തുടക്കമിട്ട വാഗ്നർ ഗ്രൂപ്പ് രാജ്യതലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റോസ്തോവ്, വെറോണീസ് എന്നീ നഗരങ്ങൾ വാഗ്നർ പട്ടാളം നിയന്ത്രണത്തിലാക്കിയതിന് ശേഷമായിരുന്നു മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കം.
റഷ്യൻ പ്രസിഡന്‍റ് വ്ലോദിമിർ പുടിന്‍റെ വിമാനങ്ങളിലൊന്ന് മോസ്കോയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ പുടിൻ രാജ്യംവിട്ടതായും അഭ്യൂഹമുയർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റിന്‍റെ കൂലിപ്പട്ടാളമായി അറിയപ്പെടുന്ന വാഗ്നർ ഗ്രൂപ്പ്, സൈനിക നേതൃത്വവുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. യുക്രെയ്നിൽ റഷ്യൻ സേനക്കൊപ്പം നിർണായക നീക്കങ്ങൾ നടത്തിയ വാഗ്നർ ഗ്രൂപ്പ്, തങ്ങൾക്ക് സൈന്യം ആയുധങ്ങൾ നൽകുന്നില്ലെന്ന് നിരന്തരം പരാതിപ്പെട്ടിരുന്നു. റഷ്യൻ സൈന്യം തങ്ങളുടെ നേർക്ക് ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സൈനിക കേന്ദ്രം പിടിച്ചടക്കി വാഗ്നർ പട്ടാളം അപ്രതീക്ഷിത നീക്കത്തിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.