'പ്രിഗോഷിൻ ജീവനോടെയുണ്ട്?'; വാഗ്നർ തലവൻ കൊല്ലപ്പെട്ടിട്ടില്ലെന്നും കരീബിയൻ ദ്വീപിൽ കഴിയുകയാണെന്നും റഷ്യൻ രാഷ്ട്രീയ നിരീക്ഷകൻ
text_fieldsമോസ്കോ: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ പടയുടെ നേതാവ് യെവ്ജിനി പ്രിഗോഷിൻ കൊല്ലപ്പെട്ടിട്ടില്ലെന്നും കരീബിയൻ ദ്വീപിൽ കഴിയുകയാണെന്നും അവകാശവാദവുമായി റഷ്യയിലെ രാഷ്ട്രീയ നിരീക്ഷകൻ ഡോ. വലേരി സൊളോവി. കരീബിയൻ ദ്വീപായ മാർഗരിറ്റയിൽ സുഖവാസത്തിലാണ് പ്രിഗോഷിൻ എന്നാണ് വിവാദമായ രാഷ്ട്രീയ തിയറികൾ ആവിഷ്കരിക്കുന്നതിൽ കുപ്രശസ്തി നേടിയ ഡോ. വലേരിയുടെ അവകാശവാദം. പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന കാര്യത്തിൽ തങ്ങൾക്കും സംശയമുണ്ടെന്ന് യുക്രെയ്നിയൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഡോ. വലേരിയുടെ പ്രസ്താവനയും ചർച്ചയാവുകയാണ്.
ബ്രിട്ടീഷ് മാധ്യമമായ ഡെയിലി സ്റ്റാറാണ് ഡോ. വലേരിയുടെ അവകാശവാദം റിപ്പോർട്ട് ചെയ്തത്. തനിക്ക് സഞ്ചരിക്കാനുള്ള വിമാനം യാത്രക്കിടെ സ്ഫോടനത്തിൽ തകരുമെന്ന വിവരം പ്രിഗോഷിന് നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നും അദ്ദേഹം ആ വിമാനത്തിൽ യാത്രചെയ്യുന്നത് ഒഴിവാക്കിയെന്നും ഡോ. വലേരി പറയുന്നു. വ്ലാദ്മിർ പുടിനും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രൂഷേവും ചേർന്ന് തയാറാക്കിയ പദ്ധതിയായിരുന്നു വിമാനാപകടം. വാഗ്നർ പടയുടെ പ്രധാനികൾ വിമാന സ്ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോൾ പ്രിഗോഷിൻ ജീവനോടെ ബാക്കിയായി. പുടിന്‍റെ മരണശേഷം പ്രിഗോഷിൻ തിരികെ വരാൻ സാധ്യതയുണ്ടെന്നും വലേരി ചൂണ്ടിക്കാട്ടുന്നു.
പുടിന്‍റെ ആരോഗ്യം ക്ഷയിച്ചുവരികയാണെന്നും ഡോ. വലേരി പറയുന്നു. അങ്ങനെയല്ലെന്ന് വരുത്താനായി പുടിനുമായി രൂപസാദൃശ്യമുള്ള രണ്ട് 'ഡമ്മി'കളെ നിയോഗിച്ചിരിക്കുകയാണ്. പുടിന്‍റെ കാലശേഷം അധികാരത്തർക്കമുണ്ടാകുമ്പോൾ പ്രിഗോഷിൻ തിരിച്ചുവരും. അവശേഷിക്കുന്ന 5000ത്തോളം വാഗ്നർ കൂലിപ്പട്ടാളക്കാരെ ആത്മഹത്യ സ്ക്വാഡ് പോലെ ഉപയോഗിക്കുമെന്നും വലേരി പറയുന്നു.
പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന കാര്യം ഉറപ്പുവരുത്താൻ തങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്‍റലിജൻസ് വക്താവ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. മോസ്കോയിലേക്ക് ജൂണിൽ മാർച്ചുചെയ്ത വാഗ്നർ പടയുടെ കമാൻഡർ ദിമിത്രി ഉത്കിൻ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രിഗോഷിന്‍റെ ഏതാനും അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് മാത്രമേ തങ്ങൾക്ക് ഇപ്പോൾ സ്ഥിരീകരിക്കാനായിട്ടുള്ളൂവെന്നും യുക്രെയ്ൻ മിലിട്ടറി ഇന്‍റലിജൻസ് വക്താവ് പറഞ്ഞു.
ആഗസ്റ്റ് 23ന് മോസ്കോയിൽ നിന്ന് സെന്‍റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് പ്രിഗോഷിൻ കൊല്ലപ്പെട്ടുവെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും മരിച്ചിരുന്നു. വിമാനം തകരാനുണ്ടായ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. രഹസ്യമായ രീതിയിലാണ് പ്രിഗോഷിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ, പുടിന്‍റെ വലംകൈയായിരുന്നെങ്കിലും പിന്നീട് പുടിനുമായി പ്രിഗോഷിന്‍റെ ബന്ധം തകർന്നിരുന്നു. മോസ്കോ ലക്ഷ്യമാക്കി വാഗ്നർ പട നടത്തിയ സൈനിക നീക്കം പുടിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.