റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് പ്രിഗോസിൻ; നടപടി രാജ്യദ്രോഹക്കുറ്റമെന്ന് പുടിൻ
text_fieldsമോസ്കോ: റഷ്യൻ സൈനിക നഗരമായ റൊസ്തോവ് പിടിച്ചെടുത്തതായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോസിൻ. പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം റഷ്യ ശക്തമാക്കിയിട്ടുണ്ട്. സായുധ കലാപം മുന്നിൽ കണ്ട് മോസ്കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. റൊസ്തോവിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
റൊസ്തോവ് നഗരത്തിലെ സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തെന്നാണ് പ്രിഗോസിൻ വിഡിയോ വഴി അവകാശപ്പെട്ടത്. വ്യോമതാവളം ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയെന്നാണ് പ്രിഗോസിന്റെ അവകാശ വാദം. യുക്രെയ്ന് എതിരായ സൈനിക നീക്കത്തിൽ റഷ്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ സൈനിക കേന്ദ്രങ്ങൾ.
സായുധ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് പ്രിഗോസിന് എതിരെ ക്രിമിനൽ കേസെടുത്തിരിക്കുകയാണ്. എന്നാൽ റഷ്യൻ സൈന്യത്തിനെതിരായ സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചാണ് നടക്കുന്നതെന്നാണ് പ്രിഗോസിന്റെ വാദം.
പ്രിഗോസിന്റെ നീക്കം രാജ്യദ്രോഹക്കുറ്റമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആരോപിച്ചു. റഷ്യൻ സൈന്യത്തിനെതിരെ ആയുധം കൈയിലേന്തുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.
റഷ്യയെ സംരക്ഷിക്കാൻ കഴിയുന്നത് എന്തും ചെയ്യുമെന്നും പുടിൻ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഉറപ്പുനൽകി. റഷ്യൻ പ്രസിഡന്റിന്റെ വ്ലാദിമിർ പുടിന്റെ കൂലിപ്പട്ടാളമായാണ് വാഗ്നർ ഗ്രൂപ്പ് അറിയപ്പെട്ടിരുന്നത്.
യെവ്ഗെനി പ്രിഗോസിൻ എന്ന റഷ്യൻ ധനികൻ പുടിന്റെ ഷെഫ് എന്നായിരുന്നു മുമ്പ് അറിയപ്പെട്ടത്. റസ്റ്റാറന്റ് ബിസിനസായിരുന്നു ഇദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.