ബഖ്മൂത്ത് വിടുമെന്ന് വാഗ്നർ കൂലിപ്പട്ടാളം; നിയന്ത്രണം റഷ്യൻ സേനക്ക് കൈമാറും
text_fieldsകിയവ്: എട്ടുമാസം നീണ്ട പോരാട്ടത്തിനൊടുവിൽ യുക്രെയ്ൻ നഗരമായ ബഖ്മൂത്ത് പിടിച്ചടക്കിയ റഷ്യയുടെ കൂലിപ്പട്ടാളം ‘വാഗ്നർ’ ദിവസങ്ങൾക്കുള്ളിൽ നഗരം വിടും. നഗരത്തിന്റെ നിയന്ത്രണം ജൂൺ ഒന്നിന് പൂർണമായും റഷ്യൻ സേനക്ക് കൈമാറുമെന്ന് വാഗ്നർ മേധാവി യവ്ജനി പ്രിഗോസിൻ പറഞ്ഞു. യുക്രെയ്ൻ സേനക്കെതിരെ പോരാട്ടത്തിന് റഷ്യ ഇറക്കിയതായിരുന്നു വാഗ്നർ സേന. മേയ് 25 മുതൽ ഒരാഴ്ചയെടുത്ത് അവസാനത്തെ സൈനികനെയും പിൻവലിക്കുമെന്ന് പ്രിഗോസിൻ വ്യക്തമാക്കി. ബഖ്മൂത്തിൽ കീഴടങ്ങൽ പൂർത്തിയായെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നിഷേധിക്കുകയാണ്. ഇപ്പോഴും നേരിയ തോതിൽ നിയന്ത്രണം നിലനിർത്താനാകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
സംഘർഷം കനത്തുനിൽക്കുന്നതിനിടെ യുക്രെയ്ൻ സേനയിലെ ‘അട്ടിമറി വിഭാഗം’ റഷ്യൻ അതിർത്തി കടന്നുകയറിയതായി റിപ്പോർട്ടുകൾ പറയുന്നു. ബെൽഗോറോഡ് മേഖലയിലാണ് കടന്നുകയറ്റം. യുക്രെയ്നാണ് പിന്നിലെന്ന് റഷ്യ ആരോപിക്കുന്നുവെങ്കിലും തങ്ങൾക്ക് പങ്കിലെന്ന് സെലൻസ്കിയുടെ പ്രതിനിധി അറിയിച്ചു.
അതിനിടെ, യുക്രെയ്ന് എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന ജി-7 പ്രഖ്യാപനത്തിനെതിരെ റഷ്യ ശക്തമായി രംഗത്തെത്തി. യുദ്ധത്തിൽ നാറ്റോ നേരിട്ട് ഇടപെടുന്നതിന് തുല്യമാണ് എഫ്-16 വിമാന കൈമാറ്റമെന്നും പ്രത്യാഘാതം അതിഗുരുതരമാകുമെന്നും യു.എസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റണോവ് പറഞ്ഞു. ഈ യുദ്ധവിമാനം പറത്താനും സൂക്ഷിക്കാനും ആവശ്യമായ സംവിധാനങ്ങൾ മാത്രമല്ല, വൈമാനികരും മറ്റു ജീവനക്കാരും യുക്രെയ്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനൊപ്പം അമേരിക്കൻ വൈമാനികരും എത്തുമ്പോൾ എന്താകും സംഭവിക്കുകയെന്ന് അമേരിക്ക ഓർക്കണമെന്ന് ആന്റണോവ് പറഞ്ഞു.
എന്നാൽ, അമേരിക്ക എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവ റഷ്യൻ മണ്ണിൽ ആക്രമണം നടത്തില്ലെന്ന് ഉറപ്പുനൽകുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. ജപ്പാനിലെ ഹിരോഷിമയിൽ സമാപിച്ച ജി-7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഡച്ച് പ്രധാനമന്ത്രി മാർക് റൂട്ടും ചേർന്നാണ് എഫ്-16 യുദ്ധവിമാനം കൈമാറുമെന്ന് പ്രഖ്യാപിച്ചത്. തൊട്ടുപിറകെ, യുക്രെയ്ൻ പൈലറ്റുമാർക്ക് ഈ വിമാനം പറത്താൻ പരിശീലനം നൽകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.