ലബനനിലെ വാക്കി-ടോക്കി പൊട്ടിത്തെറി; മരണം 20 ആയി
text_fieldsബെയ്റൂത്ത്: മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയിൽ മരണം 20 ആയി. 450 പേർക്കാണ് പരിക്കേറ്റത്. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ലെന്ന് ലബനൻ മാധ്യമങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിനുപയോഗിക്കുന്ന ‘പേജറു’കൾ വ്യാപകമായി പൊട്ടിത്തെറിച്ചത്. ഇസ്രായേൽ ഹാക്ക് ചെയ്യാനും നിൽക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല അംഗങ്ങളോട് മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് തായ്‍വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽനിന്ന് ഹിസ്ബുല്ല പേജറുകൾ വാങ്ങി അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാൻഡ് നെയിമിൽ ഹംഗറിയിലെ ബി.എ.സി കൺസൽട്ടിങ് എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്ന് തായ്‍വാൻ കമ്പനി പ്രതികരിച്ചു.
പൊട്ടിത്തെറിച്ച പേജറുകളിൽ നിർമാണ ഘട്ടത്തിൽതന്നെ മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നിൽ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേർക്കാണ് സംശയമുന നീളുന്നത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.