ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനക്കാരിയായി വാങ് യാപിങ്
text_fieldsബെയ്ജിങ്: ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനക്കാരിയെന്ന ചരിത്രം കുറിച്ച് വാങ് യാപിങ്. ചൈനയുടെ നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയമായ ടിയങ്കോങ്ങിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെയാണ് വാങ് യാപിങ് ചരിത്രം കുറിച്ചത്. യാപിങ്ങിനൊപ്പമുള്ള ചൈനീസ് ബഹിരാകാശ യാത്രികനായ ഴായ് ഴിഗാങും കൂടെയുണ്ടായിരുന്നു. സംഘത്തിലുള്ള മൂന്നാമൻ ഗ്വാങ്ഫു ബഹിരാകാശ നിലയത്തിനകത്തിരുന്ന് ഇരുവർക്കും സാങ്കേതിക സഹായം നൽകിയതായി ചൈനീസ് ബഹിരാകാശ സംഘടന ചൈന മാൻഡ് സ്പേസ് ഏജൻസി പറഞ്ഞു.
ബഹിരാകാശ നടത്തത്തിനിടെ ബഹിരാകാശ നിലയത്തിലുള്ള യന്ത്രക്കൈക്ക് ആവശ്യമായ ഡിവൈസും കണക്ടറുകളും ഇരുവരും സ്ഥാപിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ബഹിരാകാശ നിലയത്തിെൻറ അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധനയും നിർവഹിച്ചു. ഒക്ടോബർ 16ന് ടിയങ്കോങ് ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ആദ്യമായാണ് ഇവർ പുറത്തിറങ്ങുന്നത്. ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തിറങ്ങി ഭൂമിയെ നോക്കി യാപിങ് കൈവീശുന്നതിെൻറ വിഡിയോ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
2012ൽ ലിയു യാങ്ങിന് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ചൈനക്കാരിയാണ് യാപിങ്. 1984 മുതൽ ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നടത്തം നടത്തിയത്. നിർമാണം പൂർത്തിയാകുന്നതോടെ ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകും ചൈനയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.