"ഇന്ത്യയെപ്പോലെ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ആവശ്യമായിരുന്നു, പക്ഷേ..." ഇംറാന്‍റേത് ഖേദപ്രകടനമോ?
text_fieldsഇസ്ലാമാബാദ്: ഇന്ത്യൻ വിദേശ നയത്തെ ഒരിക്കൽകൂടി പുകഴ്ത്തി പാക് മുൻപ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇന്ത്യയെപ്പോലെ പാകിസ്താനും കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ ആവശ്യമാണെന്നും അത് ലഭ്യമാക്കാൻ കഴിയാത്തതിനാലാണ് തന്‍റെ സർക്കാർ വീണതെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയെപ്പോലെ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പക്ഷേ അത് സംഭവിച്ചില്ല, അവിശ്വാസ പ്രമേയത്തെത്തുടർന്ന് എന്റെ സർക്കാർ വീണു," ഇംറാൻ ഖാൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
23 വർഷത്തെ ഇടവേളക്ക് ശേഷം റഷ്യ സന്ദർശിച്ച ആദ്യ പാക് പ്രധാനമന്ത്രിയായിരുന്നു ഇംറാൻ ഖാൻ എന്നത് ശ്രദ്ധേയമാണ്. എന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്കുതകുന്ന ഒരു കരാറിലും ധാരണയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല യുദ്ധം തുടങ്ങിയ ആദ്യ നാളുകളിലായിരുന്നു ഇംറാന്‍റെ റഷ്യൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.
യുക്രയിൻ യുദ്ധം നടന്നു കൊണ്ടിരുക്കുന്ന ഘട്ടത്തിലും റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിയ ഇന്ത്യൻ മാതൃക പാകിസ്താന് പിന്തുടരാൻ കഴിയാത്തതിലെ ഖേദപ്രകടനം കൂടിയായിരുന്നു ഇംറാന്‍റെ വീഡിയോ സന്ദേശം. പുടിനുമായുള്ള തന്‍റെ കൂടിക്കാഴ്ചയെയും ഇംറാൻ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിച്ച് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയെ ആദ്യമായല്ല ഇംറാൻ ഖാൻ പുകഴ്ത്തുന്നത്.
പാകിസ്താൻ അതി രൂക്ഷമായ സാമ്പത്തിക പ്രതി സന്ധിയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പതിനാണ് അവിശ്വാസ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇംറാൻ അധികാരത്തിൽ നിന്നു പുറത്താത്. അതേസമയം റഷ്യയിൽ നിന്ന് ഈ മാസത്തോടെ കുറഞ്ഞ നിരക്കിൽ എണ്ണ എത്തിക്കുമെന്നും ഇതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായും പാക് പെട്രോളിയം മന്ത്രി മുസാദിക് മാലിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.