ന്യൂയോർക് നഗരത്തിലെ എലിയെ പിടിക്കുന്ന ജോലിക്ക് ആളെ വേണം; ശമ്പളം 1.39 കോടി രൂപ
text_fieldsഎലിശല്യത്താൽ വീർപ്പുമുട്ടുന്ന അമേരിക്കയിലെ ന്യൂയോർക് നഗരത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് മേയർ. 'സമ്പൂർണ എലി നിർമാർജന യജ്ഞ'മാണ് നഗരത്തിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. എലികൾക്കെതിരായ സമ്പൂർണ യുദ്ധമായിരിക്കും ഇതെന്നും മേയർ എറിക് ആദംസ് ട്വീറ്റ് ചെയ്തു.
'എനിക്ക് എലികളേക്കാൾ വെറുപ്പുള്ളതായി ഒന്നുമില്ല. ന്യൂയോർക്ക് നഗരത്തിലെ എലികളുടെ അനിയന്ത്രിതമായ ജനസംഖ്യയ്‌ക്കെതിരെ പോരാടാൻ ആവശ്യമായ പ്രേരണയും നിശ്ചയദാർഢ്യവും നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു'-മേയർ ട്വീറ്റിൽ കുറിച്ചു.
എലി നിർമാർജന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിട്ടായിരിക്കും നിയമനം നൽകുക. 1,20,000 മുതൽ 1,70,000 ഡോളർവരെയാണ് ശമ്പള പാക്കേജ്. രൂപയിൽ കണക്കാക്കിയാൽ ഇത് 1,38,44,375.00 രൂപ വരും. എലി നിർമാർജന പദ്ധതികൾ തയ്യാറാക്കുക, മേൽനോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഡയറക്ടർ ചെയ്യേണ്ടി വരിക.
ജോലിക്ക് കാര്യമായ വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ല. മൈക്രോസോഫ്റ്റ് വേഡ് അറിഞ്ഞിരിക്കണം. പ്രോജക്ട് വർക്കുകളിൽ ടീമുകളെ നയിച്ചുള്ള പരിചയം അഭികാമ്യം. ഡപ്യൂട്ടി മേയർക്ക് നേരിട്ടാകും ഇയാൾ റിപ്പോർട്ട് ചെയ്യേണ്ടത്.
ഏറെക്കാലമായി ന്യൂയോർക്ക് നഗരം എലി ശല്യത്താൽ വീർപ്പുമുട്ടുകയാണ്. നഗരത്തിൽ ഏകദേശം 1.8 കോടി എലികളുണ്ടെന്നാണ് കണക്ക്. ഇവയെ എല്ലാം ഇല്ലാതാക്കാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. എലിശല്ല്യം ഇല്ലാതാക്കാൻ നഗരവാസികളും ശ്രമിക്കണം എന്നും മേയർ ആവശ്യെപ്പട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.