യുദ്ധം, ആഭ്യന്തര സംഘർഷം; ലോകത്ത് 473 ദശലക്ഷം കുട്ടികൾക്ക് നരകജീവിതം
text_fieldsജനീവ: ലോകത്ത് ആഭ്യന്തര സംഘർഷങ്ങളും യുദ്ധങ്ങളും വർധിച്ചതോടെ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതസാഹചര്യം ദുരിതപൂർണമാണെന്ന് ഐക്യരാഷ്ട്ര സഭ. ലോകത്ത് അഞ്ച് കുട്ടികളിൽ ഒരാൾ വീതം സംഘർഷബാധിത പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. അതായത് 473 ദശലക്ഷം കുഞ്ഞുങ്ങൾ വിവിധ രാജ്യങ്ങളിൽ സംഘർഷ മേഖലയിലാണുള്ളതെന്ന് യു.എൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു.
ഗസ്സ, യുക്രെയ്ൻ, സുഡാൻ തുടങ്ങിയ പ്രദേശങ്ങൾ മാസങ്ങളായി സംഘർഷം നേരിടുന്നതിനിടെയാണ് യുനിസെഫ് പുതിയ കണക്ക് പുറത്തുവിട്ടത്. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം വർധിച്ചു, അവരുടെ പഠനം മുടങ്ങി, പോഷകാഹാരക്കുറവ് രൂക്ഷമായി, സായുധ സംഘർഷം കുട്ടികളുടെ മാനസിക നില തകർത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
1990 മുതലുള്ള കണക്കുപ്രകാരം സംഘർഷ മേഖലയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഇരട്ടിച്ചു. പത്ത് ശതമാനത്തിൽനിന്ന് 19 ശതമാനമായാണ് വർധിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെ 47.2 ദശലക്ഷം കുട്ടികൾ സംഘർഷത്തിൽ കുടിയിറക്കപ്പെട്ടു. ഈ വർഷം മ്യാൻമറിലും ലബനാനിലും പുതിയ സംഘർഷങ്ങളുണ്ടാവുകയും ഹെയ്തിയിലും ഗസ്സയിലും സുഡാനിലും ഏറ്റുമുട്ടൽ രൂക്ഷമാവുകയും ചെയ്തേതാടെ പലായനം ചെയ്യപ്പെട്ട കുട്ടികളുടെ എണ്ണം വർധിച്ചു.
22,557 കുട്ടികൾക്കെതിരെ 32,990 ഗുരുതര നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഘർഷ മേഖലകളിലെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും മോശം വർഷമാണിതെന്ന് യുനിസെഫ് എക്സി. ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. യുദ്ധങ്ങളും സംഘർഷങ്ങളും കാരണം പുതിയ തലമുറ കടുത്ത ദുരന്തം നേരിടേണ്ടിവരുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണത്തിൽ 17,492 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഭക്ഷ്യവസ്തുക്കളുടെ വിതരണം വിലക്കിയതിനാൽ 90 ശതമാനം കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.