അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കമ്പ്യൂട്ടർ ശൃംഖല ഹാക്ക് ചെയ്തു
text_fieldsഹേഗ്: നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) കമ്പ്യൂട്ടർ ശൃംഖല ഹാക്ക് ചെയ്തു. ചൊവ്വാഴ്ച ഐ.സി.സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി.
കഴിഞ്ഞയാഴ്ച അവസാനത്തോടെ തങ്ങളുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ അസാധാരണമായി പ്രവൃത്തികൾ നടന്നതായി തിരിച്ചറിഞ്ഞെന്ന് ഐ.സി.സി അറിയിച്ചു. ഹാക്കിങ് എത്രത്തോളം ഗുരുതരമാണെന്നോ പൂർണമായും പരിഹരിച്ചുവെന്നോ പിന്നിലാരാണെന്നോ ഉള്ള കാര്യങ്ങൾ ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. സൈബർ സുരക്ഷാ വീഴ്ചയോട് പ്രതികരിക്കാനും അതിന്റെ ആഘാതം ലഘൂകരിക്കാനും ഉടനടി നടപടികൾ സ്വീകരിച്ചുവെന്ന് മാത്രമാണ് അറിയിച്ചത്.
2002ലാണ് യുദ്ധക്കുറ്റങ്ങളും മറ്റ് ക്രൂരതകളും കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഇടപെടാൻ ഹേഗ് ആസ്ഥാനമായി ക്രിമിനൽ കോടതി സ്ഥാപിച്ചത്. 123 രാജ്യങ്ങളാണ് അംഗങ്ങളായിട്ടുള്ളത്.
ഇക്കഴിഞ്ഞ മാർച്ചിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിലൂടെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വാർത്തകളിൽ ഇടംനേടിയിരുന്നു. യുദ്ധക്കുറ്റങ്ങൾക്കൊപ്പം യുക്രെയ്നിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയെന്നതുമാണ് പുടിനെതിരെ ചുമത്തിയ കുറ്റം. എന്നാൽ ഇത് കോടതിയുടെ അതിരുകടന്ന നടപടിയാണെന്നാണ് റഷ്യ പ്രതികരിച്ചിരുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ റഷ്യ അംഗമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.