യുദ്ധം ഇസ്രായേലിനെ സാമ്പത്തികമായി തളർത്തുന്നു; 40,000ത്തിലധികം ബിസിനസ് സംരംഭങ്ങൾ പൂട്ടലിന്റെ വക്കിൽ
text_fieldsതെൽ അവീവ്: ഗസ്സ യുദ്ധം ഇസ്രായേലിനെ സാമ്പത്തികമായി തളർത്തിയതായി റിപ്പോർട്ട്. വിവിധ മന്ത്രാലയങ്ങളോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടതിനു പുറമെ, ചില മന്ത്രാലയങ്ങൾ തന്നെ പിരിച്ചുവിടാനുള്ള ശിപാർശ ധനമന്ത്രി ബെസലേൽ സ്മോട്റിച് മുന്നോട്ടുവെച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനെ ചൊല്ലി മന്ത്രിസഭയിൽ കനത്ത വാഗ്വാദമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. നിരവധി ബിസിനസ് സംരംഭങ്ങൾ പൂട്ടി. രാജ്യത്തെ 40,000ത്തിലധികം ബിസിനസ് സംരംഭങ്ങൾ പൂട്ടലിന്റെ വക്കിലാണ്. വിനോദസഞ്ചാര മേഖല സ്തംഭിച്ചു. യുദ്ധച്ചെലവുകൾക്കായി കോടികൾ വായ്പയെടുക്കേണ്ടിവന്നു. ഹിസ്ബുല്ല ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രായേലിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയത് ഈ മേഖലയിൽ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി. ഇടക്കിടെ, ആക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നതിനാൽ ആളുകൾ പരമാവധി പുറത്തിറങ്ങുന്നില്ല.
രാജ്യത്തിനകത്ത് സ്ഫോടനങ്ങൾ ആവർത്തിക്കുന്നതും സുരക്ഷ ഭീഷണി ഉയർത്തുന്നു. ഇരട്ട പൗരത്വമുള്ള ലക്ഷക്കണക്കിനാളുകൾ ഇസ്രായേൽ വിട്ടു. ഇത് ഉപഭോഗം ഗണ്യമായി കുറയാനും വ്യാപാര മാന്ദ്യത്തിനും കാരണമായി. ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം ഹൂതികൾ തടസ്സപ്പെടുത്തുന്നത് വലിയ നഷ്ടമാണ് ഇസ്രായേലിന് വരുത്തിയത്. സജീവമായിരുന്ന തുറമുഖങ്ങൾ ശുഷ്‍കിച്ചു. ഇനി എത്രകാലം യുദ്ധം മുന്നോട്ടുകൊണ്ടുപോകേണ്ടിവരുമെന്ന് ഒരു ധാരണയുമില്ല. ഇസ്രായേലിനെതിരായ പ്രതിരോധം നാൾക്കുനാൾ ശക്തിപ്പെടുന്നതും പുതിയ യുദ്ധമുഖങ്ങൾ തുറക്കുന്നതും ജനങ്ങൾക്കിടയിൽ നിരാശ പടർത്തിയിട്ടുണ്ട്. ജോർഡൻ അതിർത്തിയിൽ ട്രക്ക് ഡ്രൈവർ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നതിനെ തുടർന്ന് അതിർത്തി അടച്ചിരുന്നു. ഇസ്രായേലുമായി നല്ല ബന്ധം പുലർത്തിയിരുന്ന അയൽരാജ്യമാണ് ജോർഡൻ.
അതിനിടെ, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇറാൻ ആക്രമിക്കുമെന്ന് ഇസ്രായേലും കരുതുന്നുണ്ടെങ്കിലും എന്ന്, എപ്പോൾ, ഏതു രൂപത്തിൽ എന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. രാജ്യത്തെ ഭീതിയിലും അനിശ്ചിതത്വത്തിലും നിർത്തുന്നതിൽ ഇതും ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.