യുദ്ധം ഫലസ്തീൻ സമ്പദ്വ്യവസ്ഥ തകർക്കും -യു.എൻ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ സാമൂഹിക സാമ്പത്തിക ആഘാതം ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. യുദ്ധം ഒരുമാസം പിന്നിട്ടിരിക്കേ, ദാരിദ്ര്യം 20 ശതമാനം വർധിച്ചു.
മൊത്ത ആഭ്യന്തര ഉൽപാദനം 4.2 ശതമാനം കുറഞ്ഞതായും യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാമും പശ്ചിമേഷ്യക്കുവേണ്ടിയുള്ള യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷനും പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിറിയ, യുക്രെയ്ൻ എന്നിവിടങ്ങളിലെ സംഘർഷം, മുൻകാലങ്ങളിലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം എന്നിവയേക്കാൾ ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ യുദ്ധം.
യുദ്ധം രണ്ടാം മാസവും തുടർന്നാൽ ഫലസ്തീന്റെ ജി.ഡി.പിയിൽ 170 കോടി ഡോളറിന്റെ കുറവുണ്ടാകും. മുൻകാലത്ത് 2040 കോടി ഡോളറായിരുന്നു ജി.ഡി.പി. യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നാൽ സമ്പദ് വ്യവസ്ഥയിൽ 12 ശതമാനത്തോളം ശോഷണമുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. 250 കോടി ഡോളറിന്റെ നഷ്ടത്തിന് പുറമേ, 6,60,000 പേർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യും.
വർഷാവസാനം ജി.ഡി.പിയിൽ 12 ശതമാനം കുറവുണ്ടാകുന്നത് കനത്ത പ്രഹരമുണ്ടാക്കുന്നതും മുമ്പുണ്ടാകാത്തതുമാണെന്ന് യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം അസി. സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ദർദാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സിറിയയിൽ സംഘർഷത്തിന്റെ മൂർധന്യാവസ്ഥയിൽ പ്രതിമാസം ഒരു ശതമാനം വീതമാണ് ജി.ഡി.പിയിൽ കുറവുണ്ടായത്. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒന്നര വർഷം കൊണ്ടാണ് യുക്രെയ്ൻ ജി.ഡി.പിയിൽ 30 ശതമാനം കുറവുണ്ടായത്.
ജനുവരിയിൽ 46 ശതമാനമെന്ന ഉയർന്ന തൊഴിലില്ലായ്മാ നിരക്കിന്റെ പിടിയിലായിരുന്നു ഗസ്സ. അതേസമയം, വെസ്റ്റ് ബാങ്കിലെ തൊഴിലില്ലായ്മാ നിരക്ക് 13 ശതമാനമായിരുന്നു. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ 390,000 പേർക്കാണ് തൊഴിൽ നഷ്ടമായത്. വെസ്റ്റ് ബാങ്കിലെ കാർഷിക, വിനോദ സഞ്ചാര മേഖലക്കും യുദ്ധം തിരിച്ചടിയായി.
ഇതിന് പുറമേ, വ്യാപാര രംഗത്തും ഇസ്രായേലിൽനിന്ന് ഫലസ്തീൻ അതോറിറ്റിക്കുള്ള പണം കൈമാറ്റത്തിലും തടസ്സം നേരിടുകയാണ്. നവംബർ മൂന്നുവരെയുള്ള കണക്കനുസരിച്ച് 35,000 വീടുകൾ ഭാഗികമായും 2,20,000 വീടുകൾ ഭാഗികമായും തകർന്നു. ഗസ്സയിലെ 45 ശതമാനത്തോളം വീടുകൾ തകർക്കപ്പെട്ടു. ഈ സ്ഥിതി തുടർന്നാൽ, ഭൂരിഭാഗം ഗസ്സ നിവാസികൾക്കും വീടില്ലാതാകുമെന്ന് പശ്ചിമേഷ്യക്കുവേണ്ടിയുള്ള യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റോള ദഷ്തി പറഞ്ഞു.
‘ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗസ്സ’
ഗസ്സ: കനത്ത വ്യോമാക്രമണവും ഉപരോധവും മൂലം പൊറുതിമുട്ടിയ വടക്കൻ ഗസ്സയെ ഭൂമിയിലെ നരകമെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം വക്താവ് ജെൻസ് ലാർക്. ‘‘ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗസ്സയാണ്. രാവും പകലും ജനങ്ങൾ ഭയന്നാണ് അവിടെ കഴിയുന്നത്.
ഈയൊരു സാഹചര്യത്തിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് എന്താണ് മറുപടി പറയുക? ആകാശത്ത് കാണുന്ന തീ നിങ്ങളെ കൊല്ലാനുള്ളതാണെന്നോ? ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരിക്കലും വടക്കൻ ഗസ്സയിലേക്ക് സഹായവുമായി പോകാനാവില്ല. പതിനായിരങ്ങൾ അവിടെ ജീവനുവേണ്ടി കേഴുകയാണെന്നറിയാമെങ്കിലും’’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.