ചെർണോബിൽ ആണവ വികിരണ മുന്നറിയിപ്പുമായി യുക്രെയ്ൻ; ആശങ്ക
text_fieldsകിയവ്: റഷ്യൻ സൈന്യം നിയന്ത്രണം കൈക്കലാക്കിയ യുക്രെയ്നിലെ പ്രവർത്തനം നിലച്ച ചെർണോബിൽ ആണവനിലയത്തിൽ നിന്ന് വികിരണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുക്രെയ്ൻ സർക്കാറിന് കീഴിലെ ആണവ ഏജൻസിയാണ് റേഡിയോ ആക്ടീവ് പദാർഥങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ആണവ ഇന്ധനത്തെ തണുപ്പിക്കാൻ കഴിയാത്തതാണ് ആശങ്കയുയർത്തുന്നത്. പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നതിനാലും നിലയം റഷ്യൻ സൈന്യത്തിന്‍റെ കീഴിലായതിനാലും പ്ലാന്റിലേക്കുള്ള കണക്ഷൻ നന്നാക്കാനോ വൈദ്യുതി പുനഃസ്ഥാപിക്കാനോ ഉള്ള പ്രവർത്തനങ്ങൾ സാധ്യമായിട്ടില്ലെന്നും യുക്രെയ്ൻ ആണവ ഏജൻസി അറിയിച്ചു.
ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ ആണവ നിരീക്ഷണ വിഭാഗമായ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസിയും (ഐ.എ.ഇ.എ) ചെർണോബിൽ നിലയത്തെ കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ചെർണോബിൽ ആണവനിലയവുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടി.
ചെർണോബിൽ ആണവനിലയത്തിൽ സ്ഥാപിച്ച നിരീക്ഷണസംവിധാനത്തിൽനിന്നുള്ള വിവരകൈമാറ്റങ്ങൾ നിലച്ചിട്ടുണ്ടെന്നും നിലയവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐ.എ.ഇ.എ തലവൻ റാഫേൽ ഗ്രോസി പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്നിലെ മറ്റു സ്ഥലങ്ങളിലുള്ള നിരീക്ഷണസംവിധാനങ്ങളുടെ സ്ഥിതി പരിശോധിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം 24നാണ് റഷ്യ ചെർണോബിൽ നഗരവും ആണവനിലയവും നിയന്ത്രണത്തിലാക്കിയത്. 1986ലെ ആണവദുരന്തത്തിനുശേഷം ഡീകമ്മീഷൻ ചെയ്ത റിയാക്ടറുകളും റേഡിയോ ആക്ടീവ് മാലിന്യസജ്ജീകരണങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന പ്രത്യേക മേഖലയ്ക്കകത്താണ് ചെർണോബിൽ ആണവനിലയം സ്ഥിതി ചെയ്യുന്നത്. മറ്റൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട നിരന്തര മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി ഇവിടെ 2,000ത്തോളം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലയം റഷ്യ നിയന്ത്രണത്തിലാക്കിയ ശേഷം ഇവിടെ 200ലേറെ സാങ്കേതിക വിദഗ്ധരും സുരക്ഷാജീവനക്കാരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.