ദീർഘ യുദ്ധത്തിന് ഹമാസ് തയാറെടുത്തിരുന്നോ?
text_fieldsബൈറൂത്: ഗസ്സ മുനമ്പിൽ അതിശക്തവും ഏറെനാൾ നീണ്ടുനിൽക്കുന്നതുമായ യുദ്ധത്തിന് ഹമാസ് തയാറെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നോ? സിവിലിയന്മാർ കൂട്ടക്കുരുതിക്കിരയാകുമ്പോഴും ഹമാസിനുമേൽ എത്രത്തോളം നാശമേൽപിക്കാനായെന്ന് കൃത്യത വരുത്താൻ ഇസ്രായേൽ പ്രയാസപ്പെടുന്നതിനിടെ നീണ്ടകാലം പൊരുതാൻ കഴിയുംവിധം ആയുധങ്ങൾ, ഭക്ഷണം, മരുന്നുകൾ എന്നിവ സംഭരിച്ചിട്ടുണ്ടെന്ന് സംഘടനാനേതൃത്വത്തോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. ഫലസ്തീൻ മണ്ണിലെ ആഴമേറിയ തുരങ്കങ്ങളിൽ ആയിരക്കണക്കിന് പോരാളികൾക്ക് മാസങ്ങളോളം അതിജീവിക്കാനും നഗര ഗറില്ല തന്ത്രങ്ങൾ ഉപയോഗിച്ച് ഇസ്രായേലി സേനയെ ചെറുക്കാനും കഴിയുമെന്ന് ഹമാസിന് ഉറപ്പുണ്ടെന്ന് ഇവർ വാർത്ത ഏജൻസിയോട് വ്യക്തമാക്കി.
ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിനു മാത്രം ഏകദേശം 40,000 പോരാളികളുണ്ടെന്നാണ് സൂചന. മറ്റു വിഭാഗങ്ങളിലായി 20,000വും. നൂറുകണക്കിന് കിലോമീറ്റർ നീളവും 80 മീറ്റർ വരെ ആഴവുമുള്ള തുരങ്കങ്ങളാണ് അവരുടെ സഞ്ചാരവഴി. 25 മൈൽ മാത്രം നീളമുള്ള ഗസ്സയിൽ 300 മൈൽ നീളത്തിലായി 1300 തുരങ്കങ്ങൾ പ്രവർത്തിക്കുന്നതായാണ് ഇസ്രായേൽ കണക്കുകൂട്ടൽ. ഇവയിൽ പലതും തീരെ കുടുസ്സായതാണെങ്കിൽ ചിലത് വിശാലതയുള്ളവയാണ്. ഇത് മനസ്സിലാക്കിയാണ് ഇസ്രായേൽ സൈനിക മേധാവി ഇവയെ ‘ഗസ്സ മെട്രോ’ എന്ന് പേരിട്ടത്. പൂർണമായും സൈനിക ആവശ്യങ്ങൾക്കുള്ളവയാണ് ഈ ഭൂഗർഭപാതകൾ. കഴിഞ്ഞ ദിവസം ഗസ്സയിലെ തുരങ്കങ്ങളിൽനിന്ന് ഇസ്രായേലി ടാങ്കുകൾക്കുനേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈറൂത് ആസ്ഥാനമായ ഹമാസിന്റെ വിദേശ ബന്ധങ്ങളുടെ തലവൻ അലി ബറക, തങ്ങളുടെ സൈനിക ശേഷി ക്രമേണ മെച്ചപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. നേരത്തെ ഹമാസ് റോക്കറ്റുകളുടെ പരമാവധി ദൂരപരിധി 40 കിലോമീറ്റർ ആയിരുന്നത് 2021ലെ സംഘർഷത്തോടെ 230 കിലോമീറ്ററായി വർധിപ്പിക്കാനായി. ഓരോ യുദ്ധത്തിലും തങ്ങൾ ഇസ്രായേലികളെ പുതിയ എന്തെങ്കിലുംകൊണ്ട് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം വാർത്ത ഏജൻസി റോയിട്ടേഴ്സിനോട് പറഞ്ഞു.
സിവിലിയൻ നാശനഷ്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദം ഉണ്ടാകുമെന്നാണ് ഹമാസ് കരുതുന്നത്. ഇസ്രായേൽ ബന്ദികൾക്ക് പകരമായി ആയിരക്കണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതുപോലുള്ള ഒത്തുതീർപ്പുകൾക്കും ഇസ്രായേൽ നിർബന്ധിതമാകുമെന്നുമാണ് പ്രതീക്ഷ. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഹമാസ് ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ 17 വർഷത്തെ ഗസ്സ ഉപരോധം അവസാനിപ്പിക്കണമെന്നും അൽ-അഖ്സ പള്ളിയിൽ ഇസ്രായേൽ സുരക്ഷ സേനയുടെ ഇടപെടൽ കുറക്കണമെന്നും ഹമാസ് മുന്നോട്ടുവെക്കുന്നു. അതിനിടെ ഹമാസിനെ തകർക്കുക എന്ന ദൗത്യം ദുഷ്കരമാകുമെന്ന് അമേരിക്കയിലെ കാർണഗീ എൻഡോവ്മെന്റ് പ്രതിനിധിയും ജോർഡൻ മുൻ ഉപപ്രധാനമന്ത്രിയുമായ മർവാൻ അൽ മുഅശർ ചൂണ്ടിക്കാട്ടുന്നു. ‘‘ഈ സംഘട്ടനത്തിന് സൈനിക പരിഹാരമില്ല. നമ്മൾ ചില ഇരുണ്ട സമയങ്ങളിലാണ്. ഈ യുദ്ധം ചെറുതായിരിക്കില്ല’’ -അദ്ദേഹം പറയുന്നു. ഭാവി കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് മിഥ്യാധാരണകളൊന്നുമില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരും പറയുന്നു. ദീർഘവും വേദനജനകവുമായ യുദ്ധത്തിന് രാജ്യം തയാറായിക്കഴിഞ്ഞതായി യു.എന്നിലെ മുൻ ഇസ്രായേലി അംബാസഡർ ഡാനി ഡാനൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.