ട്രംപിനെ കൊല്ലാൻ ഒരവസരം കാത്തിരിക്കുകയാണ് ഞങ്ങൾ -വെളിപ്പെടുത്തി ഇറാൻ
text_fieldsതെഹ്റാൻ: തങ്ങളുടെ സൈനിക കമാൻഡറെ വധിച്ചതിന് തിരിച്ചടിയായി യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊല്ലാനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാൻ. അടുത്തിടെ ഇറാൻ വികസിപ്പിച്ച 1650 കി.മി പരിധിയുള്ള ബാലിസ്റ്റിക് മിസൈൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഇറാനിയൻ ഡ്രോണുകൾ ഉപയോഗിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി അമീറലി ഹാജിസദേഹ് ഭീഷണി മുഴക്കിയത്.
പാവപ്പെട്ട സൈനികരെ കൊലപ്പെടുത്താൻ ഇറാന് യാതൊരു താൽപര്യവുമില്ലെന്നും സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട ട്രംപിനെയും മുൻ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാൻ അവസരം കാത്തിരിക്കുകയാണെന്നും ടെലിവിഷൻ പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി. 2020 ൽ ബാഗ്ദാദിൽ വെച്ച് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
സുലൈമാനിയെ വധിച്ചതിന് പകരം വീട്ടുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കാറുള്ളതാണ്. യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഭീഷണി പ്രതിരോധിക്കാൻ ഇറാൻ സമീപ കാലത്ത് മിസൈൽ പദ്ധതി വിപുലീകരിച്ചിരുന്നു. കൂടുതലായും ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാനാണ് ഇറാൻ താൽപര്യം കാണിക്കുന്നത്. യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുമ്പ് റഷ്യക്ക് ഡ്രോണുകൾ നൽകിയ കാര്യവും ഇറാൻ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.