‘ഞങ്ങൾ ഒന്നും കഴിക്കാതെയാണ് ഉറങ്ങാൻ കിടക്കുന്നത്’; പട്ടിണിയുടെ നിലയില്ലാക്കയത്തിൽ ഗസ്സ
text_fieldsഗസ്സ സിറ്റി: ഭർത്താവിനും നാല് പെൺമക്കൾക്കുമൊപ്പം ഒരു കുടുസ്സു കൂടാരത്തിൽ മരച്ചില്ലകളും വേസ്റ്റ് പേപ്പറുകളും ഉപയോഗിച്ച് കരുപ്പിടിപ്പിച്ച തീയിൽ ഒരു പാത്രത്തിൽ അൽപം പയറ് പാകം ചെയ്യുകയാണ് യാസ്മിൻ ഈദ്. പുകയേറ്റ് ചുമച്ച് അവർ ഇടക്കിടെ മുഖം പൊത്തിപ്പിടിക്കുന്നു. ആ കുടുംബത്തിന്റെ ബുധനാഴ്ചത്തെ ഒരേയൊരു ഭക്ഷണമായിരുന്നു അത്. മാസങ്ങളായി യാസ്മിനും കുടുംബവും കിടന്നുറങ്ങുന്നത് കാലിയായ വയറോടെയാണ്.
‘എന്റെ കുട്ടികൾ വിശപ്പ് സഹിക്കാനാവാതെ അവരുടെ തള്ളവിരൽ കുടിക്കുന്നു. അവരുറങ്ങുന്നത് വരെ ഞാൻ മുതുകിൽ തട്ടിക്കൊണ്ടിരിക്കും. എല്ലാത്തിനും വിലയേറി. ഞങ്ങൾക്ക് ഒന്നും വാങ്ങാനുള്ള കഴിവില്ല. എന്നും ഞങ്ങൾ അത്താഴം കഴിക്കാതെയാണ് ഉറങ്ങാൻ കിടക്കുന്നത്’ -വേദനയോടെ യാസ്മിൻ പറഞ്ഞു. അഞ്ച് തവണ കുടിയൊഴിപ്പിക്കപ്പെട്ട ശേഷം ഈ കുടുംബം ഒടുവിൽ താമസിക്കുന്നത് മധ്യ ഗസ്സയിലാണ്. ദേർ അൽ ബലാഹിൽ വൃത്തിഹീനമായ കൂടാര ക്യാമ്പുകളിൽ അഭയം പ്രാപിച്ച ലക്ഷക്കണക്കിന് നിസ്സഹായരിൽ ഇവരും ഉൾപ്പെടുന്നു. അവിടെ സഹായ ഗ്രൂപ്പുകൾക്ക് വടക്കൻ ഗസ്സയേക്കാൾ താരതമ്യേന കൂടുതൽ പ്രവേശനമുണ്ട്. എന്നിട്ടും ഈ ദിവസങ്ങളിലും മിക്കവരും പട്ടിണിയിലാണ്.
മധ്യ ഗസ്സയിലെ പ്രാദേശിക ബേക്കറികൾ ഈ ആഴ്ച അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. കൂടുതൽ സാധനങ്ങൾ എത്തുന്നതിന് മുന്നേ അലമാരയിൽനിന്ന് ബ്രെഡും മാവും അപ്രത്യക്ഷമായതിനാൽ ബുധനാഴ്ചയോടെ ഒരു പാക്കറ്റ് ബ്രെഡിന്റെ വില 13 ഡോളറിനും മുകളിലെത്തി. കടുത്ത പട്ടിണി അനുഭവിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ തീർത്തും വർധന ഉണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയം മുന്നറിയിപ്പ് നൽകി. വടക്കൻ ഭാഗം പൂർണ ക്ഷാമത്തിന്റെ പിടിയിൽ ആയിരിക്കുമെന്ന് നിരീക്ഷകരും പറയുന്നു.
‘പട്ടിണിയെ യുദ്ധത്തിന്റെ ഒരു രീതിയായി’ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി ഗാലന്‍റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ തെക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക സ്ഥാനങ്ങൾക്ക് സമീപത്തുവെച്ച് 100 ഓളം സഹായ ട്രക്കുകൾ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയിരുന്നു. ഗസ്സ മുനമ്പിലെ 23ലക്ഷം ഫലസ്തീനികൾക്കുള്ള ഭക്ഷണവും മറ്റ് സുപ്രധാന സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള നിരവധി തടസ്സങ്ങളിലൊന്നായി കൊള്ളയും മാറുകയാണെന്ന് സന്നദ്ധ സംഘങ്ങൾ പറയുന്നു.
ഇസ്രായേൽ ഏർപ്പെടുത്തിയ സഞ്ചാര നിയന്ത്രണങ്ങൾ, തുടർച്ചയായ ആക്രമണങ്ങൾ, റോഡുകളിലും പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലും ബോംബാക്രമണം നടത്തിയുണ്ടാക്കിയ കനത്ത നാശനഷ്ടങ്ങൾ എന്നിവയുമായി പൊരുതുന്നതിനിടെയാണ് ക്രമസമാധാനം പൂർണമായി തകർന്നതിന്റെ സൂചന നൽകുന്ന കൊള്ളകൾ. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പല സ്ഥലങ്ങളിൽ നിന്നും അപ്രത്യക്ഷരായത് ക്രമസമാധാനത്തകർച്ചയിലേക്ക് നയിച്ചതായി പറയുന്നു.
നൂറുകണക്കിന് ആൾക്കൂട്ടം സഹായ ഭക്ഷണം ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്നു. അങ്ങനെ കാത്തുനിന്ന് ഭക്ഷണം വാങ്ങുന്നവർക്കുമേലും ഇസ്രായേൽ ബോംബ് വർഷിക്കുന്നു. തന്റെ സംഘത്തിന് ദിവസത്തിലൊരിക്കൽ ചെറിയ പാത്രങ്ങളിൽ അരിയോ പാസ്തയോ മാത്രമേ നൽകാനാകുന്നുള്ളൂവെന്ന് ‘ഗസ്സ സൂപ്പ് കിച്ചന്റെ’ സഹസ്ഥാപകനായ ഹാനി അൽമധൂൻ പറയുന്നു. നിർത്താതെയുള്ള ആക്രമണം, ഇസ്രായേൽ നിഷേധിച്ച സഹായ നീക്കങ്ങൾ, ക്രമസമാധാന തകർച്ച എന്നിവ കാരണം ഇവിടേക്കെത്തുന്ന ലോഡുകളുടെ പകുതിയിൽ താഴെ മാത്രമാണ് വിതരണം ചെയ്യാനാവുന്നതെന്ന് യു.എന്നും പറയുന്നു.
ഗസ്സയിൽ പ്രവേശിക്കുന്ന സഹായത്തിന് പരിധിയിവെച്ചിട്ടില്ലെന്നും അത് വർധിപ്പിക്കാൻ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇസ്രായേൽ പറയുമ്പോൾതന്നെ ഗസ്സയിലേക്കുള്ള സഹായത്തിന്റെ അളവ് ഒക്ടോബറിൽ 1,800 ട്രക്കുകളായി കുറഞ്ഞുവെന്ന് സൈന്യത്തിന്റെ സ്വന്തം കണക്കുകൾ കാണിക്കുന്നു. യുദ്ധത്തിന് മുമ്പ് ഓരോ ദിവസവും 500 ട്രക്കുകൾ അതിർത്തി വഴി പ്രവേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.