‘ഞങ്ങൾക്കും മറ്റു കുട്ടികളെപോലെ ജീവിക്കണം’
text_fieldsഗസ്സ സിറ്റി: ജീവിക്കാനുള്ള മാർഗങ്ങൾ ഒന്നൊഴിയാതെ ഇസ്രായേൽ നിലംപരിശാക്കുമ്പോഴും ജീവിക്കാൻ തങ്ങൾക്ക് കൊതിതീർന്നിട്ടില്ലെന്ന് പിഞ്ചുമക്കൾ. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്ക് മുന്നിലാണ് കുരുന്നുകൾ കൂട്ടമായിനിന്ന് ലോകത്തോടായി മാധ്യമപ്രവർത്തകർക്കു മുന്നിൽ തങ്ങളുടെ സ്വപ്നങ്ങളും ആധികളും വിളിച്ചുപറഞ്ഞത്. ഹമാസിനെതിരായ ആക്രമണമെന്ന പേരിൽ ഇസ്രായേൽ നടത്തുന്ന സിവിലിയൻ കുരുതിയിൽ 4000ലേറെ കുഞ്ഞുങ്ങൾ ഇതിനകം ഗസ്സയിൽ അറുകൊല ചെയ്യപ്പെട്ടിട്ടുണ്ട്.
‘‘ഒക്ടോബർ ഏഴു മുതൽ ഉന്മൂലനവും കൊലപാതകവും തലക്കു മുകളിൽ പതിക്കുന്ന ബോംബിങ്ങുമാണ് ഞങ്ങൾ അനുഭവിച്ചുവരുന്നത്. ലോകം കണ്ടുകൊണ്ടിരിക്കെയാണ് ഇതെല്ലാം. പോരാളികളെ വധിക്കുകയാണെന്ന് ലോകത്തോട് അവർ കള്ളംപറയുന്നു. അവർ ശരിക്കും കൊലചെയ്യുന്നത് ഗസ്സയിലെ ജനങ്ങളെയാണ്. അവരുടെ സ്വപ്നങ്ങളും ഭാവിയുമാണ്’’- കുരുന്നുകളിലൊരാൾ പറഞ്ഞു.
‘‘അധിനിവേശ ശക്തികൾ ഞങ്ങളെ പട്ടിണിക്കിടുകയാണ്. ഞങ്ങൾക്ക് കുടിവെള്ളമില്ല, ഭക്ഷണവുമില്ല. ഉപയോഗശൂന്യമായ വെള്ളം കുടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളെ രക്ഷപ്പെടുത്തണേയെന്ന് അപേക്ഷിക്കാനാണ് ഞങ്ങൾ ഉറക്കെ വിളിക്കുന്നത്. ഞങ്ങൾക്കും ജീവിക്കണം.
കുരുന്നുകളെ അറുകൊല ചെയ്തവർക്കെതിരെ ഞങ്ങൾക്ക് വിധിപറയണം. ഞങ്ങൾക്ക് മരുന്ന് വേണം, ഭക്ഷണവും വിദ്യാഭ്യാസവും വേണം. മറ്റുകുട്ടികൾ ജീവിക്കുംപോലെ ഞങ്ങൾക്കും ജീവിക്കണം’’ -അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗസ്സയിൽ കുട്ടികളും സ്ത്രീകളും വൃദ്ധരുമാണ് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.