അധികാരത്തിൽ പുതുരക്തം വരണമെന്ന് ലബനാൻ ജനത
text_fieldsബൈറൂത്: രാജ്യത്തെ തകർച്ചയിലെത്തിച്ചതിെൻറ ഉത്തരവാദികളായ, അഴിമതിയിൽ മുങ്ങിയ ഭരണവർഗത്തെ തുടച്ചുമാറ്റണമെന്ന ആവശ്യവുമായി ലബനീസ് ജനത. തിങ്കളാഴ്ചയിലെ ഹസൻ ദിയാബ് സർക്കാറിെൻറ രാജികൊണ്ട് രാജ്യം എത്തിപ്പെട്ട ദുരന്തത്തിൽനിന്ന് കരകയറാനാവില്ലെന്ന് അവർ കരുതുന്നു. ആഗസ്റ്റ് നാലിന് വൻ സ്ഫോടനം നടന്ന തുറമുഖത്തിന് സമീപം നടത്തുന്ന പ്രതിഷേധ പരിപാടിയുടെ മുദ്രാവാക്യം 'ആദ്യം അധികൃതരെ മറവു ചെയ്യൂ' എന്നാണ്. രാജ്യത്ത് നിലനിൽക്കുന്ന സവിശേഷമായ അഴിമതിയാണ് തുറമുഖ സ്ഫോടനത്തിന് കാരണമെന്ന് രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹസൻ ദിയാബ് കുറ്റപ്പെടുത്തിയിരുന്നു.
തകർച്ചയിലായ സമ്പദ്വ്യവസ്ഥ കഴിഞ്ഞയാഴ്ചയിൽ നടന്ന ബൈറൂത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ സ്ഫോടനത്തോടെ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയത്. നാണയത്തിെൻറ മൂല്യമിടിയുകയും ബാങ്കിങ് സംവിധാനം തകരുകയും ചെയ്തതോടെ രൂക്ഷമായ വിലക്കയറ്റം നേരിടുകയാണ് രാജ്യം. സർക്കാറിെൻറ രാജികൊണ്ട് ഈ പ്രതിസന്ധി തീരില്ലെന്നാണ് ജനം പങ്കുവെക്കുന്ന വികാരം. പ്രസിഡൻറ് മിഷേൽ ഔൻ, സ്പീക്കർ നബീഹ് ബെറി അടക്കമുള്ള മുഴുവൻ സർക്കാർ സംവിധാനങ്ങളും അതുപോലെ നിലനിൽക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ലബനാനിൽ മന്ത്രിമാർ വെറും കാഴ്ചവസ്തുക്കൾ മാത്രമാണെന്നും അവർക്കു പിറകിലുള്ള ശക്തികളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും ബൈറൂത്തിൽ കച്ചവടക്കാരനായ റോണി ലത്തീഫ് പറയുന്നു. ഇവരെ തുരത്താൻ ജനം ശക്തമായ നീക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലബനാന് സഹായം: ഉച്ചകോടിയിൽ പിരിഞ്ഞത് 2236 കോടി
ഐക്യരാഷ്ട്ര സഭ: തുറമുഖ സ്ഫോടനത്തിൽ തകർന്ന ബൈറൂതിന് ജീവകാരുണ്യ സഹായമെത്തിക്കുന്നതിന് സംഘടിപ്പിച്ച വെർച്വൽ ഉച്ചകോടിയിൽ പിരിഞ്ഞത് 2236 കോടി രൂപ (300 ദശലക്ഷം ഡോളർ). 36 രാജ്യങ്ങൾക്ക് പുറമെ ഐക്യരാഷ്ട്ര സഭയും വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
അഴിമതിയിൽ മുങ്ങിയ ലബനാൻ സർക്കാറിന് പകരം തുക നേരിട്ട് ജനങ്ങളിലെത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ സംഘാടകർ അറിയിച്ചു. വ്യാഴാഴ്ച ബൈറൂത് സന്ദർശിക്കാനെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് മുമ്പാകെ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഫണ്ട് സർക്കാർ അധികൃതർക്ക് കൈമാറരുതെന്നും അവർ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് അസാധരണമായ നടപടിക്ക് ഉച്ചകോടി തീരുമാനമെടുത്തത്.
ഇന്ത്യയുടെ കൂടുതൽ സഹായം ലബനാന് കൂടുതൽ സഹായം നൽകുമെന്ന് ഉച്ചകോടിയിൽ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു. മരുന്നും ഭക്ഷ്യ വസ്തുക്കളുമുൾപ്പെടെയുള്ള ജീവകാരുണ്യമാണ് നൽകുക. ദുരന്തത്തിൽ രാജ്യത്തിെൻറ അനുശോചനവും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.