'സ്വതന്ത്ര മാധ്യമങ്ങളെ ഞങ്ങൾ പിന്തുണക്കുന്നു': ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയിൽ വിലക്കിയതിനെതിരെ യു.എസ്
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയതിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. ഇത് പത്രസ്വാതന്ത്ര്യത്തിന് എതിരാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഇന്ത്യയുൾപ്പടെ ലോകത്തെമ്പാടും ഉയർത്തിക്കാട്ടേണ്ട സമയമാണിതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ലോകമെമ്പാടുമുള്ള സ്വതന്ത്ര മാധ്യമങ്ങളെ വാഷിങ്ടൺ പിന്തുണക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നത് ഞങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. ലോകരാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് ഇതേ കാര്യം തന്നെയാണ്. ഇന്ത്യയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് ഞങ്ങൾ സ്വീകരിച്ചത്"- നെഡ് പ്രൈസ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ബി.ബി.സി ഡോക്യുമെന്‍ററിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ പറ്റി തനിക്ക് അറിവില്ലെന്നും എന്നാൽ യുനൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തെ കുറിച്ച് തനിക്ക് അറിവുണ്ടെന്നും പ്രൈസ് മറുപടി നൽകി. ഇന്ത്യയുമായുള്ള യു.എസിന്റെ ആഗോള ബന്ധം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയവും, സാമ്പത്തികവും, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമുൾപ്പടെയുള്ള ഘടകങ്ങളെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച യു.കെ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിക്കുകയും ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വഭാവരൂപീകരണത്തോട് യോജിക്കുന്നില്ലെന്ന് മറുപടി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.