അമ്മേ, സ്വർഗത്തിൽ കണ്ടുമുട്ടാം: യുദ്ധത്തിൽ കൊല്ലപ്പെട്ട അമ്മക്ക് ഒമ്പത് വയസുകാരിയുടെ കത്ത്
text_fieldsകിയവ്: റഷ്യൻ അധിനിവേശം യുക്രെയ്ൻ ജനങ്ങൾക്ക് സമ്മാനിച്ചത് നഷ്ടങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്. നിരവധി പൗരൻമാർക്ക് അവരുടെ ഉറ്റവരെ നഷ്ടമായി. സ്വയരക്ഷക്ക് വേണ്ടി എന്നന്നേക്കുമായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരും ഏറെയാണ്.
ഇത്തരത്തിൽ ഒമ്പത് വയസുള്ള ഒരു യുക്രെയ്ൻ പെൺകുട്ടി യുദ്ധത്തിൽ കൊല്ലപ്പെട്ട തന്‍റെ അമ്മക്ക് വേണ്ടി കരളലലിയിപ്പിക്കുന്ന ഒരു കത്ത് എഴുതി. അതിലെ ഓരോ വരികളും യുദ്ധത്തിന് പിന്നിൽ നിന്നവരെ പോലും ഒരു നിമിഷം ചിന്തിപ്പിക്കുന്നത് തന്നെയായിരിക്കുമെന്ന് തീർച്ചയാണ്. യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്‌ചെങ്കോയാണ് കുട്ടിയുടെ കത്തിന്‍റെ പകർപ്പ് അദ്ദേഹത്തിന്‍റെ ട്വിറ്റർ വഴി പങ്കുവെച്ചത്.
തന്‍റെ ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായെങ്കിലും കൂടെ ഉണ്ടായിരുന്ന ഒൻപത് വർഷങ്ങൾ അവളുടെ കൊച്ചു ജീവതത്തെ ഏറ്റവും മികച്ചതാക്കി മാറ്റിയതിന് അവൾ അമ്മക്ക് നന്ദി പറഞ്ഞു.
മാർച്ച് എട്ടിന് താൻ അമ്മക്ക് നൽകുന്ന സമ്മാനമാണ് ഈ കത്തെന്ന് അവൾ എഴുതി. "എന്‍റെ ജീവതത്തിലെ ഏറ്റവും മികച്ച ഒൻപത് വർഷങ്ങൾ സമ്മാനിച്ചതിന് നന്ദി. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച അമ്മ, ഞാൻ ഒരിക്കലും നിങ്ങളെ മറക്കില്ല. അമ്മ ആകാശത്ത് സന്തോഷവതിയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു". അമ്മ സ്വർഗത്തിൽ പോകാൻ താൻ പ്രാർഥിക്കുമെന്നും, സ്വർഗത്തിൽ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്നും കൊച്ചു പെൺകുട്ടി അവളുടെ കത്തിലൂടെ അമ്മക്ക് ഉറപ്പ് നൽകി. സ്വർഗത്തിൽ പോകാൻ ഒരു നല്ല പെൺകുട്ടിയാകുന്നതിന് താൻ എപ്പോഴും ശ്രമിക്കുമെന്നും അവൾ കൂട്ടിച്ചേർത്തു.
തന്‍റെ കുട്ടിക്കാലം ഏറ്റവും മികച്ചതാക്കി മാറ്റിയ അമ്മക്കായി ഈ കൊച്ചു പെൺകുട്ടി എഴുതിയ കത്തിലെ ഓരോ വരികളും ആരുടെയും മനസലിയിപ്പിക്കുന്നതാണ്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 മുതൽ ഇത്തരത്തിൽ കരളലിയിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും തന്നെയാണ് യുക്രെയ്നിൽ നിന്നും ഒരോ നിമിഷവും പുറത്ത് വന്നു കൊണ്ടിരുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കാറിന് നേരെ ഉണ്ടായ റഷ്യൻ സേനയുടെ ആക്രമണത്തിനിടെയാണ് പെൺകുട്ടിയുടെ അമ്മ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.