Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭൂമിയിലെ നരകമായി...

ഭൂമിയിലെ നരകമായി സുഡാൻ; കൊടുംപട്ടിണിയിൽ പ്രതിദിനം പത്ത് കുട്ടികളെങ്കിലും മരിക്കുന്നു

text_fields
bookmark_border
ഭൂമിയിലെ നരകമായി സുഡാൻ; കൊടുംപട്ടിണിയിൽ   പ്രതിദിനം പത്ത് കുട്ടികളെങ്കിലും മരിക്കുന്നു
cancel

ദാർഫുർ: ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും പിടിമുറുക്കിയ സുഡാനിൽനിന്ന് ഹൃദയഭേദകമായ വാർത്തകൾ. വടക്കൻ സംസ്ഥാനമായ ദാർഫുറിലെ തവില എന്ന ചെറുപട്ടണത്തിൽ പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണി മൂലം മരിക്കുന്നതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ദാർഫുറി​ൽ നിന്ന് 70കിലോമീറ്റർ അകലെ, ആഭ്യന്തര യുദ്ധത്താലും ഉപരോധത്താലും നരകമായിത്തീർന്ന എൽ ​ഫാഷറിൽനിന്ന് പതിനായിരക്കണക്കിന് പേർ പലായനം ചെയ്ത് അടുത്തുള്ള തവില നഗരത്തിൽ അഭയം തേടുന്നു. ഒരൊറ്റ ഹെൽത്ത് ക്ലിനിക്ക് മാത്രമുള്ള ഇവിടെ എല്ലാ സംവിധാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

പട്ടിണി മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് സിവിൽ ഭരണകൂടത്തിലെ ജീവനക്കാരിയായ ഐഷ ഹുസൈൻ യാക്കൂബ് പറഞ്ഞു. വിശപ്പ് മാത്രമല്ല കൊലയാളി. മലേറിയ, മീസിൽസ്, വില്ലൻ ചുമ എന്നിവയും കാട്ടുതീ പോലെ പടരുന്നു. എൽ ഫാഷറിൽനിന്ന് കുടിയിറക്കപ്പെട്ടവരിൽ പലരും തങ്ങളുടെ ക്ലിനിക്കിൽനിന്ന് വളരെ അകലെയാണ് താമസിക്കുന്നതെന്നും അവർക്ക് അവിടെ എത്താൻപോലും കഴിയുന്നില്ലെന്നും ഐഷ പറഞ്ഞു. ജൂലൈ ആദ്യത്തെ രണ്ടാഴ്ചയിൽ മാത്രം പ്രസവത്തിനിടെ മരിച്ച 19 സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. എൽ ഫാഷറി​ലെ രണ്ട് അഭയാർത്ഥി ക്യാമ്പുകളായ അബു ഷൗക്കി​ന്‍റെയും സംസാമി​​ന്‍റെയും പരിസരത്ത് നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്നും അവർ പറഞ്ഞു.


സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികൾക്കുമെതിരായ ക്രൂരമായ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സി​ന്‍റെ (ആർ.എസ്.എഫ്) ​കൈയ്യിലാണിന്ന് നഗരം. കഴിഞ്ഞവർഷം ഘോരമായ പോരാട്ടത്തി​ന്‍റെ വേദിയായിരുന്ന തവിലയും. സൈന്യവും ആർ.എസ്.എഫും പിൻവാങ്ങിയതിനുശേഷം വിമത ഗ്രൂപ്പായ സുഡാൻ ലിബറേഷൻ ആർമിയുടെ കയ്യിലാണ് പട്ടണത്തി​ന്‍റെ ഭരണം. ഈ പട്ടണത്തി​ന്‍റെ പ്രാന്തപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന മിലിഷ്യകൾ ബലാത്സംഗം ചെയ്യുമെന്ന് ഭയന്ന് പുറത്തുപോയി വിറകും പുല്ലും ശേഖരിക്കാൻവരെ സ്ത്രീകൾക്ക് ഭയമാണ്.

കലാപം നടക്കുന്ന എൽ ഫാഷറി​ന്‍റെ ഒരേയൊരു തുറന്ന കവാടമായ പടിഞ്ഞാറൻ ഗേറ്റിലൂടെ രക്ഷപ്പെടാൻ കഴിഞ്ഞവരാണ് പുറംലോകത്ത് അഭയാർഥികളാക്കപ്പെട്ടത്. അവിടെനിന്ന് പുറപ്പെടുന്ന പലരും പട്ടണത്തിലെത്തുന്നില്ല. എൽ ഫാഷറിൽ നിന്നുള്ള ദീർഘവും ഭയാനകവുമായ നടത്തത്തിനിടെ മരിക്കുന്നു. കത്തിനശിച്ച ഗ്രാമങ്ങൾ കടന്ന് സായുധ സംഘങ്ങൾ നിലയുറപ്പിച്ച റോഡുകളിലൂടെയാണ് അവരുടെ യാത്ര.

ഭർത്താവിനെ എൽ ഫാഷറിൽ ഉപേക്ഷിച്ച് കുഞ്ഞുമായി അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നുവെന്ന് 25കാരിയായ ഹദീൽ ഇബ്രാഹിം പറഞ്ഞു. രണ്ട് വയസ്സുള്ള മകൾ റിറ്റാലിനെ പോഷകാഹാരക്കുറവ് മൂലം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ഓടിക്കളിക്കുന്ന മിടുക്കിയായ കുട്ടിയായിരുന്നു അവൾ. ഇപ്പോൾ അവളുടെ കോലം നോക്കൂ. എ​ന്‍റെ കയ്യിൽ പണമില്ല. ജോലിയുമില്ല - ഹദീൽ കരഞ്ഞു പറഞ്ഞു. ‘ഇവിടെ ഭക്ഷണമില്ല. ദിവസം ഒരു നേരം ഭക്ഷണം കിട്ടിയാൽ തന്നെ ഭാഗ്യം. എൽ ഫാഷറിൽ ഞങ്ങൾക്ക് സുസ്ഥിരമായ ഒരു ജീവിതം ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടു. കൂടുതൽ സഹായം ലഭിച്ചില്ലെങ്കിൽ കൂടുതൽ കുട്ടികളെയും അമ്മമാരെയും നഷ്ടപ്പെടുമെന്ന് ഹദീലിനൊപ്പം നാടുവിട്ടോടേണ്ടിവന്ന ബന്ധുവായ സ്ത്രീ പറയുന്നു.

എൽ ഫാഷറിൽ നിന്ന് ഓടി​പ്പോരവെ തനിക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും ഭർത്താവിനെ ഉപേക്ഷിക്കേണ്ടിവന്നുവെന്നും ഒസാസ് എന്ന യുവതി പറഞ്ഞു. പല സ്ത്രീകളും സ്വമേധയാ ജോലി ചെയ്ത് വല്ലതും സമ്പാദിക്കുന്നുണ്ട്. എൽ ഫാഷറിലായിരിക്കെ ഉണ്ടായ പരിക്കുകൾ മൂലം ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ ഇവൾക്ക് കഴിയുന്നില്ല. ഏഴും ഒമ്പതും വയസ്സുള്ള രണ്ട് ആൺകുട്ടികൾ കഴുതപ്പുറത്ത് യാത്രക്കാരെ കയറ്റി ചെറിയ വരുമാനം നേടുന്നു. മക്കളെ കഠിനമായ ജോലിക്ക് അയക്കാതെ വേറെ വഴിയില്ലെന്നും അങ്ങനെയെങ്കിലും തങ്ങൾക്ക് കുറച്ച് ഭക്ഷണം കിട്ടുമെന്നും അവൾ പറഞ്ഞു.


ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത നിരന്തരമായ യുദ്ധത്തി​ന്‍റെ അനന്തരഫലമായി ജനസംഖ്യയുടെ പകുതിയിലധികം പേരും കൊടിയ പട്ടിണിയിലാണ്. നിലവിലെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി ആറ് ക്യാമ്പുകൾ തവിലയിൽ ഉണ്ടായിരുന്നു. അഭയാർഥികളുടെ ആധിക്യം മൂലം ആറ് എണ്ണം കൂടി തുറന്നുവെങ്കിലും താൽക്കാലിക ക്യാമ്പായി മാറ്റിയ മുൻ സ്കൂളിൽ നൂറുകണക്കിന് കുടുംബങ്ങൾ ക്ലാസ് മുറികളിൽ ഞെരുങ്ങിക്കഴിയുകയാണ്.


യു.എൻ ഏജൻസികളും ‘മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്’ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര എൻജികളും സുരക്ഷയുടെ അഭാവം കാരണം ഈ വർഷാദ്യം തന്നെ എൽ ഫാഷർ പ്രദേശം വിട്ടതാണ്. കഴിഞ്ഞ ആഗസ്റ്റിൽ ക്യാമ്പിലെ ആളുകൾക്കുള്ള സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്ന രണ്ട് സഹായ ട്രക്കുകൾ തവിലയുടെ പടിഞ്ഞാറ് വെച്ച് ആർ.എസ്.എഫ് സംഘം തടഞ്ഞിരുന്നു. തവില, എൽ ഫാഷർ, അയൽപട്ടണങ്ങൾ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്നും ഒരു വൻ മാനുഷിക ദുരന്തമാണ് അവിടെ നടക്കുന്നതെന്നും സുഡാനിലെ യു.എൻ ഡെപ്യൂട്ടി ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ടോബി ഹാർവാർഡ് പറഞ്ഞു. ലക്ഷക്കണക്കിന് നിരപരാധികൾ ഗുരുതരമായ അപകടത്തിലാണെന്നും ഈ പ്രദേശം മുഴുവൻ ഭൂമിയിലെ നരകം പോലെയാണെന്നും ഹാർവാർഡ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hungerafrican hunger crisisdarfursudan warSudan civil conflict
News Summary - ‘We’ve lost everything’: inside a Sudanese town where children die of hunger every day
Next Story