സെപ്റ്റംബർ 11: അമേരിക്ക മാറിമറിഞ്ഞ മണിക്കൂറുകൾ (ലോകവും)
text_fieldsലോകചരിത്രത്തെ പലരീതിയിൽ വിഭജിക്കാറും അടയാളപ്പെടുത്താറുമുണ്ട്. നാം ജീവിക്കുന്ന ലോകത്തെ രേഖപ്പെടുത്തപ്പെടുക 11 സെപ്റ്റംബർ 2001നുശേഷമുള്ള കാലം എന്നായിരിക്കും. അമേരിക്കയിലെ ഐതിഹാസികമായ വേൾഡ് ട്രേഡ് സെൻററും പെൻറഗൺ ബിൽഡിങ്ങും ആക്രമിക്കപ്പെട്ട ദിവസം. ലോകക്രമത്തെത്തന്നെ മുച്ചൂടും മാറ്റിമറിച്ച ആ ഭീകരാക്രമണം അരങ്ങേറിയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് പൂർത്തിയാവുന്നു. കാലിഫോർണിയ വഴി പോകേണ്ടിയിരുന്ന നാലു യാത്രാവിമാനങ്ങളാണ് 19 പേരടങ്ങുന്ന അൽഖാഇദ ഭീകരസംഘം റാഞ്ചിയത്. അതിൽ രണ്ടു വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻററിെൻറ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റി. മറ്റൊന്ന് വാഷിങ്ടണിലെ പെൻറഗൺ ബിൽഡിങ്ങിൽ, നാലാമത്തെ വിമാനം പെൻസൽവേനിയയിൽ തകർന്നുവീഴുകയും ചെയ്തു.
3000ത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. എത്രയോ ഇരട്ടി പേർക്ക് പരിക്കേറ്റു. സംഭവം സൃഷ്ടിച്ച മാനസിക-സാമൂഹിക ആഘാതങ്ങൾ വിവരണങ്ങൾക്കപ്പുറം. കാര്യകാരണങ്ങൾ വിശദമായി വിലയിരുത്തുംമുമ്പ് അക്രമത്തിന് പകരംവീട്ടാൻ അൽഖാഇദ ഭീകരർ ഒളിച്ചുപാർക്കുന്ന ഇടമെന്നാരോപിച്ച് അഫ്ഗാനിസ്താനിലേക്ക് അമേരിക്ക അധിനിവേശവുമാരംഭിച്ചു. രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തിനൊടുവിൽ ലക്ഷ്യമൊന്നും നേടാതെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വസ്ഥതയും നശിപ്പിച്ച് അമേരിക്കൻ സൈന്യം അവിടംവിട്ടുപോവുകയും ചെയ്തു.
ഇങ്ങനെയായിരുന്നു ആ ദിവസത്തെ സംഭവഗതികൾ:
രാവിലെ 7.59: ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 81 യാത്രക്കാരെയും 11 ജീവനക്കാരെയും വഹിച്ച് ലോസ് ആഞ്ജലസ് വഴിയുള്ള അമേരിക്കൻ എയർലൈൻസിെൻറ 11ാം നമ്പർ വിമാനം പുറപ്പെടുന്നു. യാത്രക്കാരെന്ന നാട്യത്തിൽ അഞ്ചു ഭീകരരും അതിൽ കയറിപ്പറ്റിയിരുന്നു.
8.14: 56 യാത്രക്കാരും ഒമ്പതു ജീവനക്കാരുമടങ്ങുന്ന യുനൈറ്റഡ് എയർലൈൻസിെൻറ 175ാം നമ്പർ വിമാനം ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നു. ലോസ് ആഞ്ജലസ് വഴിയുള്ള ഈ വിമാനത്തിലും അഞ്ചു ഭീകരർ കയറിയിരുന്നു.
8.19: 11ാം നമ്പർ വിമാനത്തിൽ ദാനിയേൽ ലെവിൻ എന്ന യാത്രക്കാരന് ഭീകരിലൊരാളുടെ കുത്തേൽക്കുന്നു, വിമാനം റാഞ്ചപ്പെട്ടതായി ജീവനക്കാർ അറിയിക്കുന്നു.
8.20: അമേരിക്കൻ എയർലൈൻസിെൻറ 77ാം നമ്പർ വിമാനം വാഷിങ്ടൺ വിമാനത്താവളത്തിൽനിന്ന് ലോസ് ആഞ്ജലസിലേക്ക് പറന്നുയരുന്നു.
8.42: യുനൈറ്റഡ് എയർലൈൻസിെൻറ 93ാം നമ്പർ വിമാനം 33 യാത്രക്കാരും ഏഴു ജീവനക്കാരുമായി പറന്നുയരുന്നു. നാലു ഭീകരർ വിമാനത്തിലുണ്ട്.
8.46: റാഞ്ചപ്പെട്ട 11ാം നമ്പർ വിമാനം വേൾഡ് ട്രേഡ് സെൻററിെൻറ നോർത്ത് ടവറിലേക്ക് ഇടിച്ചുകയറുന്നു. വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെടുന്നു.
8.50: വിമാനം തകർന്ന വിവരം പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷ് അറിയിക്കുന്നു.
8.50: 77ാം നമ്പർ വിമാനം തെക്കൻ ഒഹായോയിൽവെച്ച് റാഞ്ചപ്പെടുന്നു.
9.03: 175ാം നമ്പർ വിമാനം വേൾഡ് ട്രേഡ് സെൻററിെൻറ സൗത്ത് ടവറിലേക്ക് ഇടിച്ചുകയറുന്നു.
9.28: 93ാം നമ്പർ വിമാനം വടക്കൻ ഒഹായോയിൽ റാഞ്ചപ്പെടുന്നു.
9.37: 77ാം നമ്പർ വിമാനം പെൻറഗൺ ബിൽഡിങ്ങിലിടിച്ച് തീ പടരുന്നു.
9.45: വിമാനങ്ങളെല്ലാം അടിയന്തരമായി സമീപ വിമാനത്താവളങ്ങളിൽ ഇറക്കാൻ യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) നിർദേശം നൽകുന്നു.
9.57: 93ാം നമ്പർ വിമാനത്തിലെ യാത്രക്കാർ റാഞ്ചികൾക്കെതിരെ ചെറുത്തുനിന്ന് വിമാനത്തിെൻറ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.
9.59: ഇടിയുടെ ആഘാതത്തിൽ സൗത്ത് ടവർ തകർന്നു വീഴുന്നു, 800ലേറെ ജീവനാശം.
10.03: യാത്രക്കാരും ജീവനക്കാരും കോക്പിറ്റിൽ ഇരച്ചു കയറിയതിനു പിന്നാലെ 93ാം നമ്പർ വിമാനം പെൻസൽവേനിയയിൽ തകർന്നുവീഴുന്നു. 40 പേർ മരിക്കുന്നു. മരിച്ചവരിൽ റാഞ്ചികൾ ഇല്ല.
10.28: വിമാനം ഇടിച്ച് 42 മിനിറ്റുകൾക്കുശേഷം നോർത്ത് ടവറും ഇടിഞ്ഞുവീഴുന്നു. കെട്ടിടത്തിനകത്തും പരിസരത്തുമുണ്ടായിരുന്ന 1600ലേറെ പേരാണ് കൊല്ലപ്പെട്ടത്.
10.50: പെൻറഗണിെൻറ അഞ്ചു നിലകൾ തകർന്നുവീഴുന്നു.
രാത്രി 8.30: വൈറ്റ് ഹൗസിൽ പ്രസിഡൻറ് ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ഈ ദുഷ്ടപ്രവൃത്തിക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മറുപടി നൽകുമെന്ന് പ്രഖ്യാപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.