അമേരിക്ക യുക്രെയ്ന് നൽകുന്ന ക്ലസ്റ്റർ ബോംബുകളെ പേടിക്കേണ്ടത് എന്തുകൊണ്ട്?
text_fieldsകിയവ്: റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് യുക്രെയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകുമെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അമേരിക്ക സ്വീകരിച്ച തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മനുഷ്യാവകാശ സംഘടനകളും യു.എൻ സെക്രട്ടറി ജനറലും അമേരിക്കയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.
ക്ലസ്റ്റർ ബോംബുകൾ നിർമിക്കുന്നതും ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും 123 രാജ്യങ്ങൾ നിരോധിച്ചതാണ്. ക്ലസ്റ്റർ ബോംബിനെ പേടിക്കേണ്ടതിന്റെ കാരണങ്ങൾ പലതാണ്.
എന്താണ് ക്ലസ്റ്റർ ബോംബ്?
നിരവധി ചെറുബോംബുകൾ അടങ്ങിയതാണ് ക്ലസ്റ്റർ ബോംബ്. കരയിൽനിന്നോ ആകാശത്തുനിന്നോ പ്രയോഗിക്കുന്ന ക്ലസ്റ്റർ ബോംബ് പാതിവഴിയിൽവെച്ച് പൊട്ടുകയും ഉള്ളിലുള്ള ചെറുബോബുകൾ ചിതറിത്തെറിക്കുകയും ചെയ്യും. വലിയൊരു പ്രദേശത്ത് വ്യാപകമായി നാശം വിതക്കാൻ കഴിയുന്നതാണ് ഈ ബോംബ്.
ആക്രമണസമയത്തും പിന്നീട് വർഷങ്ങളോളവും മനുഷ്യർക്ക് കടുത്ത ഭീഷണി സൃഷ്ടിക്കും ഈ ബോംബ്. ബോംബുകൾ ചിതറി വീഴുന്ന പ്രദേശത്തുള്ള മനുഷ്യരെ കൊല്ലുകയും വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്യും. ഒരു ഷെല്ലിനകത്ത് 2000ഓളം ചെറുബോംബുകൾ ഉണ്ടാകും.
പൊട്ടാതെ അവശേഷിക്കുന്ന ബോംബുകൾ പിന്നീടെപ്പോഴെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയേറെയാണ്. ഈ ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുകയെന്നത് ചെലവേറിയ പ്രക്രിയയാണ്. ഒരു തവണ ആക്രമണം നടത്തുമ്പോൾ രണ്ട് മുതൽ 40 ശതമാനം വരെ ബോംബുകൾ പൊട്ടാതെ അവശേഷിക്കുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.