Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കലുഷിതമാണ്, പുതിയ കസാഖിന്റെ ഇതിഹാസം
cancel
Homechevron_rightNewschevron_rightWorldchevron_rightകലുഷിതമാണ്, പുതിയ...

കലുഷിതമാണ്, പുതിയ കസാഖിന്റെ ഇതിഹാസം

text_fields
bookmark_border
പുതുവർഷം പിറന്നപ്പോൾ കസാഖ്സ്താനിൽ അരങ്ങേറിയ ജനകീയ പ്രക്ഷോഭം പ്രത്യക്ഷത്തിൽ ഇന്ധന വിലവർധനക്കെതിരെ ആയിരുന്നെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങൾ നിരവധിയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായ വ്യക്തിയെന്ന ബഹുമതിയോടെ നസർബയേവ് സ്ഥാനമൊഴിഞ്ഞെങ്കിലും തിരശ്ശീലക്ക് പിന്നിൽ നിന്ന് അധികാരം ദൃഢപ്പെടുത്താനായിരുന്നു രാജിക്കു ശേഷവും അദ്ദേഹത്തിന്റെ ശ്രമം. പ്രക്ഷോഭത്തിനിറങ്ങിയ ഭൂരിഭാഗം ആളുകളും ഈ രാഷ്ട്രീയ കരുനീക്കങ്ങളെയാണ് പ്രത്യക്ഷമായി ആക്രമിച്ചത്. കോവിഡ് മഹാമാരി കാലത്തുണ്ടായ ഭരണവർഗ അഴിമതി, വരുമാന അസമത്വം,സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. പല അനീതികളോടുമുള്ള പൗരന്മാരുടെ തുറന്നുപറച്ചിലുകളാണ് ജനകീയ പ്രക്ഷോഭമായി പുറത്തുവന്നത്.

മധ്യേഷ്യൻ രാജ്യമായ കസാഖ്സ്താനിലെ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് ആഗോള ശ്രദ്ധ തിരിച്ചാണ് ഈ വർഷമാരംഭിച്ചത്. രാഷ്ട്രീയ അരക്ഷിതാവസ്ഥ നൽകിയ സൂചനകള്‍ വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രക്ഷോഭത്തി​ന്റെ ആദ്യനാളുകൾ കടന്നുപോയത്. എന്നാൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സി.എസ്.ടി.ഒ) തന്ത്രപരമായ സൈനിക നീക്കങ്ങളിലൂടെ ജനകീയ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പാശ്ചാത്യ അട്ടിമറി ശ്രമമായും ഇസ്‍ലാമിക തീവ്രവാദമായും സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ജനകീയ രോഷമായുമെല്ലാം വ്യാഖ്യാനിക്കപ്പെടുന്ന ഈ പ്രക്ഷോഭത്തെ കസാഖ് ചരിത്രത്തെ കൂടി ചേര്‍ത്ത് വായിച്ചുവേണം വിലയിരുത്താൻ.


ഉദാരവത്കൃത സമ്പദ് വ്യവസ്ഥയും എണ്ണ വിഭവങ്ങളുടെ ലഭ്യതയും കണക്കിലെടുത്താൽ മധ്യേഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറാനുള്ള കഴിവ് കസാഖിനുണ്ട്. 2000ൽ കാസ്പിയൻ കടലിനോട് ചേർന്നുള്ള കസാഖ് ഭാഗത്ത് കണ്ടെത്തിയ എണ്ണ നിക്ഷേപം, 30 വർഷത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ആഗോള എണ്ണ ശേഖരത്തിന്റെ മൂന്നു ശതമാനത്തിലധികം കൽക്കരിയും ധാതുസമ്പത്തുകളും ഇവിടെ ഉത്പാദിക്കപ്പെടുന്നുണ്ട്. വടക്ക് റഷ്യയും കിഴക്ക് ചൈനയും തെക്ക് കിർഗിസ്താനും ഉസ്ബെക്കിസ്താനും പടിഞ്ഞാറ് കാസ്പിയൻ കടലുമായും തുർക്ക്മെനിസ്താന്റെ ഭാഗവുമായാണ് കസാഖ് അതിര്‍ത്തി പങ്കിടുന്നത്. മധേഷ്യയിലെ ഏറ്റവും വലിയ രാജ്യവും ലോകത്തിലെ ഒമ്പതാമത്തെ വലിയ രാജ്യവുമായ കസാഖില്‍ 1.9 കോടി ജനസംഖ്യയാണുള്ളത്. ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും തദ്ദേശിയരായ കസാഖുകളും ഒരു ഭാഗം റഷ്യക്കാരും ബാക്കി ന്യൂനപക്ഷക്കാരായ ചെറുവിഭാഗങ്ങളുമാണുള്ളത്.

ചരിത്ര പശ്ചാത്തലം

നാടോടികളായ തുർക്കി (Turkic) ഗോത്രവിഭാഗക്കാരായിരുന്നു കസാഖിന്റെ തദ്ദേശീയ ജനത. 13-ാം നൂറ്റാണ്ടിൽ മംഗോളിയന്മാര്‍ പ്രദേശം കീഴടക്കുകയും തർത്താർ ഖാനേറ്റുകളുടെ ആധിപത്യത്തിലാക്കുകയും ചെയ്തു. തുടര്‍ന്ന് 18-ാം നൂറ്റാണ്ടിലാണ് റഷ്യ കസാഖ് കീഴടക്കുന്നത്. 1920ൽ കസാഖിനെ കിർഗിസ് സ്വയംഭരണ റിപ്പബ്ലിക്കി​ന്റെ ഭാഗമാക്കി മാറ്റുകയും 1925 ഓടെ ഈ സ്ഥലത്തി​ന്റെ പേര് കസാഖ് സ്വയംഭരണ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (കസാഖ് എ.എസ്.എസ്.ആർ) ആയി പ്രഖ്യാപിക്കുകയും ചെയ്തു. 1927ഓടുകൂടി തദ്ദേശീയരായ കസാഖുകാരെ സ്റ്റേറ്റ് ഫാമുകളിൽ സ്ഥിരതാമസമാക്കാൻ സോവിയറ്റ് ഗവൺമെൻറ്​ നിർബന്ധിച്ച് തുടങ്ങിയിരുന്നു, കൂടാതെ റഷ്യക്കാരെയും സ്ലാവുകളെയും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നയങ്ങള്‍ക്കും സോവിയറ്റ് യൂണിയൻ രൂപം നല്‍കി. 1936 ഡിസംബർ 5ന് കസാഖ് ഔപചാരികമായി സോവിയറ്റ് യൂണിയന്റെ ഒരു ഘടക യൂണിയൻ റിപ്പബ്ലിക്കായി മാറി. നികിത ക്രൂഷ്ചേവിന്റെ സെക്രട്ടറിഷിപ്പിന്റെ ആദ്യ കാലത്ത് സോവിയറ്റ് യൂണിയനിൽ കസാഖിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നു.

1953ൽ ആരംഭിച്ച വിർജിൻ ആൻഡ് ഐഡൽ ലാൻഡ്സ് പ്രോഗ്രാം പ്രകാരം വടക്കൻ കസാഖിലെ വിശാലമായ പുൽമേടുകൾ സ്ലാവിക് കുടിയേറ്റക്കാര്‍ക്ക് ഗോതമ്പ് കൃഷി ചെയ്യാനായി തുറന്നുകൊടുത്തു. സോവിയറ്റ് യൂണിയന്റെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രവും ആണവായുധങ്ങളുടെ ഗണ്യമായ ഭാഗവും ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമെല്ലാം കസാഖിലായിരുന്നു. ഇതെല്ലാം 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രദേശത്ത് നിരവധി ഗുരുതര പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കാൻ കാരണമായി. 1991ൽ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ കസാഖ് സ്വതന്ത്രമാകുകയും ഡിസംബർ 21ന് മറ്റ് മുന്‍ പത്ത് സോവിയറ്റ് റിപ്പബ്ലിക്കുകൾക്കൊപ്പം കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻറ്​ സ്റ്റേറ്റ്‌സിൽ അംഗത്വം നേടുകയും ചെയ്തു. നൂർസുൽതാൻ നസർബയേവി​ന്റെ ഭരണത്തിനു കീഴിലാണ് കസാഖിൽ സ്വതന്ത്ര ഭരണം ആരംഭിക്കുന്നത്. മറ്റ് അയൽ മധ്യേഷ്യൻ രാജ്യങ്ങളുടെ ഭരണവുമായി താരതമ്യപ്പെടുത്തുമ്പോൾ നാസർബയേവിന്റെ ഭരണം തുടക്കത്തിൽ ഭേദപ്പെട്ടതായിരുന്നെങ്കിലും കാലക്രമേണ അത് കൂടുതൽ സ്വേച്ഛാധിപത്യമായി വളർന്നുവന്നു.

നൂർ സുൽതാൻ നസർബയേവ്

സ്വാതന്ത്ര്യലബ്​ധിക്ക് ശേഷമുള്ള സ്വേച്ഛാധിപത്യഭരണകാലം

1989 മുതലേ നൂർസുൽത്താൻ നസർബയേവ് കസാഖിന്റെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തി തുടങ്ങിയിരുന്നു. രാജ്യത്തിന്റെ ധാതുസമ്പത്തുകൾ ഉപയോഗപ്പെടുത്തി സമ്പദ് വ്യവസഥയെ മെച്ചപ്പെടുത്താനുള്ള നിരവധി നാടകീയ ശ്രമങ്ങൾ നസർബയേവിന്റെ നേതൃത്വത്തിൽ നടന്നു. 1994ൽ രാജ്യ തലസ്ഥാനം അൽമാട്ടിയിൽ നിന്ന് അഖ്മോലിൻസ്​കിലേക്ക് മാറ്റാനുള്ള തീരുമാനം അത്തരത്തിലൊന്നായിരുന്നു. 1997ൽ തലസ്ഥാനം ഔദ്യോഗികമായി മാറ്റി. 1998ൽ നഗരത്തിന്റെ പേര് അസ്താന എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1999 ജനുവരിയിൽ നസർബയേവ് ഏഴു വർഷത്തേക്ക് കസാഖ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിപക്ഷ നേതാവിനെ അയോഗ്യനാക്കി നടന്ന ഈ തെരഞ്ഞെടുപ്പ് അന്ന് വ്യാപക വിമർശനങ്ങൾ നേരിട്ടിരുന്നു.

തുടര്‍ന്നുവന്ന 2005 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ 91 ശതമാനം വോട്ട് നേടി പ്രസിഡന്റായി നസർബയേവ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ പാർട്ടികളെ മുഴുവൻ അടിച്ചമർത്തുന്ന രീതിയിലുള്ള സമീപനങ്ങളാണ് നസർബയേവിന്റെ നേതൃത്വത്തിൽ ഭരണ കക്ഷികൾ നടപ്പാക്കി കൊണ്ടിരുന്നത്. പ്രസിഡൻഷ്യൽ കാലാവധി കുറക്കുന്നതും പാർലമെന്ററി അധികാരം വിപുലികരിക്കുന്നതുമായ ഒരു പരിഷ്കരണ നയം 2007ൽ പാർലമെന്റില്‍ പാസാക്കിയെങ്കിലും അതിനോടോപ്പം തന്നെ പ്രസിഡന്റാവാനുള്ള രണ്ട് വര്‍ഷകാല സ്റ്റാൻഡേർഡ് പരിധിയിൽ നിന്ന് നസർബയേവിനെ ഒഴിവാക്കുന്ന ഒരു ഭരണഘടനാ ഭേദഗതിയും തന്ത്രപരമായി പാസാക്കിയിരുന്നു. ജൂണിൽ, നസർബയേവ് പാർലമെന്റ് പിരിച്ചുവിടുകയും ഷെഡ്യൂളിന് രണ്ട് വർഷം മുമ്പ് ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. പ്രചാരണത്തിന് വേണ്ടത്ര സമയംനൽകിയില്ലെന്ന് പ്രതിപക്ഷ കക്ഷികൾ പരാതി ഉന്നയിച്ചിരുന്നു. 2007 ആഗസ്റ്റില്‍ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ, നസർബയേവിന്റെ പാര്‍ട്ടിയും ഭരണകക്ഷിയുമായ നൂർ ഒട്ടാൻ 88.1 ശതമാനം വോട്ടുകളും 98 സീറ്റുകളും നേടി കസാഖ് ഭരണത്തില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിച്ചു.

ഇതിന്റെ അനന്തര ഫലമായി അടുത്ത രണ്ട് റൗണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ റദ്ദാക്കി കൊണ്ട് 2020 വരെ നസർബയേവിന് അധികാരസ്ഥാനത്ത് ഇരിക്കാനുള്ള കാലാവധി കൂട്ടിക്കൊണ്ടുള്ള റഫറണ്ടം 2010 ൽ കസാഖ് പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, 2011ൽ കസാഖ്സ്താന്റെ ഭരണഘടന കോടതി ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം നടത്തുകയും ചെയ്തു. പക്ഷേ, 2011 ഏപ്രിലിൽ നടന്ന ഈ തെരഞ്ഞെടുപ്പിലും 95 ശതമാനത്തിലധികം വോട്ടുകൾ നേടി നസർബയേവ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്. കസാഖ്സ്താനിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നസർബയേവിനുണ്ടായിരുന്ന ആധിപത്യവും പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യനായ ഒരു പ്രതിപക്ഷ സ്ഥാനാർഥി ഇല്ലാത്തതിന്റെ അഭാവവുമാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായി ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ-ഓപ്പറേഷൻ ഇൻ യുറോപ്പിന്റെ നിരീക്ഷകർ അഭിപ്രായപ്പെട്ടത്.

2011 മേയിൽ തുച്ഛമായ ശമ്പളത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും എതിരെ ഷണോസെൻ പട്ടണത്തിലെ എണ്ണ തൊഴിലാളികൾ പണി മുടക്കുകയും സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. നസർബയേവിന്റെ സർക്കാറിനെതിരെ വലിയ വെല്ലുവിളി ഉയർത്തിയ ഈ കലാപം ഡിസംബർ വരെ തുടർന്നു. ഡിസംബർ 16ന് പ്രക്ഷോഭത്തിനിടെ പോലീസ് വെടി ഉതിർക്കുകയും 17 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിയോജിപ്പുകളെ എത്ര നിഷ്ഠൂരമായാണ് കസാഖ് സർക്കാർ അടിച്ചമർത്തുന്നത് എന്നതിന്റെ നേർ ഉദാഹരണമായിരുന്നു ഇത്. 2012 ജനുവരിയിൽ ബഹുകക്ഷി സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് നസർബയേവ് ആഹ്വാനം ചെയ്തു. വർധിച്ചുവരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് പെട്ടന്നുള്ള തെരഞ്ഞെടുപ്പിന് കാരണമായി നസർബയേവ് പറഞ്ഞത്. പക്ഷേ, ബഹുകക്ഷി സംവിധാനം പേരിൽ മാത്രം ഒതുക്കിക്കൊണ്ട് നസർബയേവിന്റെ പാർട്ടിക്ക് കൂടുതല്‍ മുൻതൂക്കം നൽകി തന്നെയാണ് അത്തവണയും തെരഞ്ഞെടുപ്പ് നടന്നത്.

ദരിഗ നസർബയേവ്

തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം പ്രതിപക്ഷ സ്ഥാനാർഥികളെ ബാലറ്റുകളിൽ നിന്നും നീക്കം ചെയ്തതിന്റെയും വോട്ടർ തട്ടിപ്പിന്റെയും നിരവധി ഉദാഹരണങ്ങൾ ഓർഗനൈസേഷൻ ഫോർ സെക്യൂരറ്റി ആന്റഡ് കോർപറേഷൻ ഇൻ യൂറോപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ നൂർ ഒട്ടെൻ 80.7 ശതമാനം ഭൂരിപക്ഷം നേടികൊണ്ട് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ നടന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നസർബയേവ് 98 ശതമാനത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. ആ വർഷം സെപ്റ്റംബറിൽ അദ്ദേഹം തന്റെ മകൾ ദരിഗ നസർബയേവിനെ ഉപപ്രധാനമന്ത്രിയായി നിയമിക്കുകയും ഒരു വർഷത്തിനു ശേഷം സെനറ്റിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. നസർബയേവിന്റെ പ്രസിഡന്റ് സ്ഥാനം മകൾക്ക് കൈമാറാനുള്ള അധികാര പരിവർത്തന ശ്രമമാണിതെന്ന് പലരും വിമർശിച്ചിരുന്നു.

പാർലമെന്റിനും മന്ത്രിസഭയ്ക്കും പരമാധികാരം നൽകുന്ന നിരവധി ഭരണഘടന ഭേദഗതികൾ 2017ൽ നസർബയേവ് മുന്നോട്ടു വെച്ചു. 2019 ഫെബുവരിയിൽ അദ്ദേഹം മന്ത്രിസഭ പിരിച്ചുവിടുകയും പുതിയ നയപരിപാടികൾ ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് നസർബയേവ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ നയിക്കാൻ പുതുതലമുറയിലെ ആളുകൾക്ക് അവസരം നൽകുകയാണെന്ന് പ്രഖ്യാപിച്ച് 2019 മാർച്ച് 19ന് നസർബയേവ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി വെച്ചു. തുടർന്ന് മാർച്ചിൽ പ്രസിഡന്റായി സ്‌ഥാനമേറ്റ ഖാസിം ജോമാർത്ത് തൊഖയേവ്, നസർബയേവിനോടുള്ള ബഹുമാനാർഥം തലസ്ഥാന നഗരത്തിന്റെ പേര് നൂർ സുൽതാൻ എന്നാക്കി മാറ്റുകയും നസർബയേവിന്റെ മകളെ സെനറ്റ് സ്പീക്കറായി നിയമിക്കുകയും ചെയ്യതു

ഖാസിം ജോമാർത്ത് തൊഖയേവ്

നസർബയേവിന്റെ പാവ സര്‍ക്കാര്‍

സ്വതന്ത കസാഖ്സ്താന്റെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണാധികാരിയായ നൂർ സുൽതാൻ നസർബയേവ് 2019 മാർച്ചിൽ സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ദീർഘകാല സഹപ്രവർത്തകനായ ഖാസിം ജോമാർത്ത് തൊഖയേവാണ് പ്രസിഡന്റായി ചുമതലയേറ്റത്. 1991ലെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങി വിവിധ ഉന്നത പദവികളിൽ തൊഖയേവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജൂണിൽ വൻ ഭൂരിപക്ഷത്തോടെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് തൊഖയേവ് തെരഞ്ഞെടുക്കപ്പെട്ടു. അത്രയും കാലം സെനറ്റിന്റെ ചെയർമാനായി പ്രവര്‍ത്തിച്ചിരുന്ന തൊഖയേവ്

നസർബയേവിന്റെ നയങ്ങൾ തുടരുമെന്നും സുപ്രധാന നയരൂപീകരണങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസിഡന്‍റ് സ്ഥാനമേറ്റത്. പുതിയ മന്ത്രിസഭയിലും സുരക്ഷ കൗൺസിലിന്റെ ചെയർമാൻ എന്ന നിലയിൽ വ്യക്തമായ സ്വാധീനം ഉറപ്പിച്ചുകൊണ്ട് തന്നെയാണ് നസർബയേവ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

ഭരണത്തിന്റെ തുടക്കത്തിൽ രാഷ്ട്രീയ എതിർപ്പുകൾ ലഘൂകരിച്ച് കസാഖ്സ്താനെ ഉദാരവത്കരിക്കാൻ നിരവധി പരിഷ്കാരങ്ങൾ തൊഖേയേവ് നടത്തിയിരുന്നു. പക്ഷേ, നസർബയേവിനെ പോലെ തന്നെ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് തൊഖയേവിനും ഉണ്ടായിരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന 2021ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. ഒരു പ്രതിപക്ഷ പാർട്ടികളും മത്സരിക്കാതിരുന്ന ആദ്യത്തെ പാർലമെന്ററി തെരഞ്ഞെടുപ്പായിരുന്നു അത്.

2022 ജനുവരിയിൽ ഊർജവിപണി ഉദാരമാക്കുക, ഇന്ധനക്ഷാമം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ ദ്രവീകൃത പെട്രോളിയ വാതകത്തിന്റെ (എൽ.പി.ജി) വില നിയന്ത്രണം എടുത്തുകളയുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിലൂടെ വില ലിറ്ററിന് 50 ടെഞ്ചില്‍ നിന്ന് 120 ടെഞ്ച് ആയി ഉയർന്നു. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വില കുറവായതിനാൽ ഭൂരിപക്ഷം കസാഖുകാരും തങ്ങളുടെ കാറുകളില്‍ എൽ.പി.ജി ആയിരുന്നു ഉപയോഗിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന വില നിയന്ത്രണം എൽ.പി.ജി ക്ഷാമത്തിലേക്ക് നയിക്കുന്നുവെന്ന് ഉന്നയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വില ഇരട്ടിയാക്കിയത്.


ജനങ്ങൾ തെരുവിലിറങ്ങുന്നു

ഒരു പ്രധാന എണ്ണ രാഷ്ട്രമായിരുന്നിട്ടും ഉൽപാദകർക്ക് കയറ്റുമതിയില്‍ കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ കസാഖ്സ്താൻ ആഭ്യന്തര വിപണിയില്‍ പതിവായി എൽ.പി.ജി ക്ഷാമം നേരിട്ടിരുന്നു. ഇന്ധനവില വർധനക്കെതിരെ ജനുവരി രണ്ടിന് സാൻഹൊസെനിൽ ജനകീയ പ്രക്ഷോഭമാരംഭിക്കുകയും രാജ്യത്തുടനീളം പ്രതിഷേധം വ്യാപിക്കുകയും ചെയ്തു.

പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങൾ കത്തിക്കുകയും അൽമാട്ടി അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുക്കുകയും ചെയ്തു. ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് പ്രധാനമന്ത്രി അസ്കർ മാമിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെക്കുകയും വില പരിധി പുനഃസഥാപിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ ഇതിന് മുമ്പും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുള്ളതിനാല്‍ തെരുവുകളില്‍നിന്ന് പിന്മാറാന്‍ ജനങ്ങള്‍ തയ്യാറായില്ല. മാസങ്ങളായി അധികാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഈ ഉത്തരവെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.

നസർബയേവിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായാണ് എല്‍.പി.ജിയുടെ വില ഇരട്ടിയാക്കിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പൊതുജനങ്ങളുടെ രോഷം കണക്കിലെടുത്ത് നസർബയേവിനെ സുരക്ഷാ കൗൺസിലിന്റെ തലവൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും തൊഖേയവ് സ്വയം സ്ഥാനമേറ്റുടുക്കുകയും ചെയ്തിരുന്നു. ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ജനുവരി ആറിന് രാജ്യത്ത് ക്രമസമാധാനം സ്ഥാപിക്കാൻ റഷ്യ, അർമീനിയ, ബെലറൂസ്, കസാഖ്സ്താൻ, കിർഗിസ്താൻ, തജികിസ്താൻ എന്നീ രാജ്യങ്ങളുടെ സൈനിക സഖ്യമായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ (സി.എസ്.ടി.ഒ) സൈനിക സേനയെ തൊഖേയവ് ക്ഷണിച്ചു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ബാഹ്യ സൈനിക ഭീഷണികളെ നേരിടാനുള്ള ഒരു സഖ്യമെന്ന നിലയിലാണ് 30 വർഷം മുമ്പ് സി.എസ്.ടി.ഒ സ്ഥാപിതമായത്. റഷ്യൻ സൈനിക താവളങ്ങൾ, റഷ്യൻ ബഹിരാകാശനിലയം, ഗ്യാസ് പൈപ്പ് ലൈനുകൾ തുടങ്ങിയ ഭരണകൂട, സൈനിക സ്ഥാപനങ്ങൾ സംരക്ഷിക്കുന്ന സമാധാന സേനയാണ് സി.എസ്. ടി.ഒ .

കസാഖ്സ്താനില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സുരക്ഷാസേനയെ അയക്കുമെന്ന് അർമീനിയൻ പ്രധാനമന്ത്രിയും സി.എസ്.ടി.ഒയുടെ ചെയർമാനുമായ നിക്കോൾ പഷിനിയൻ ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്. എന്നാൽ, അതേ സമയം കിർഗിസ്താനിൽ വംശീയ കലാപമുണ്ടായ സമയത്ത് സർക്കാറിന്റെ അഭ്യർഥന പ്രകാരം സി.എസ്.ടി.ഒയുടെ സമാധാന സേനയെ അയക്കുന്നതിന് പകരം അഭ്യന്തര കാര്യങ്ങൾ രാജ്യത്തിനകത്തുതന്നെ ഒത്തുതീർപ്പാക്കാനാണ് റഷ്യ പറഞ്ഞത്. അംഗരാജ്യങ്ങൾ ഒത്തുചേർന്നുള്ള കൂട്ടായ്മയാണ് സി.എസ്.ടി.ഒ എങ്കിലും റഷ്യക്കാണ് ഇതിൽ മുൻതൂക്കം കൂടുതലുള്ളത്.


കസാഖിലെ റഷ്യൻ ആധിപത്യം

സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ചെറിയ ചില പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും റഷ്യയും കസാഖ്സ്താനും സൗഹൃദപരമായൊരു ബന്ധം തുടർന്നുപോന്നിരുന്നു. സാമ്പത്തിക പങ്കാളിത്തം, രാഷ്ട്രീയ ഉടമ്പടികൾ, രാജ്യസുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം ഉറപ്പു വരുത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുളള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ നിലനിർത്തുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേതൃത്വത്തിൽ 2010ൽ റഷ്യയും ബെലറൂസും കസാഖ്സ്താനും ചേർന്നുകൊണ്ട് യൂറേഷ്യൻ കസ്റ്റംസ് യൂണിയൻ എന്നൊരു കുട്ടായ്മയും സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് 2015ൽ

അർമേനിയയും കിർഗിസ്താനും ഈ യൂണിയനിൽ അംഗത്വമെടുത്തു. 2020ൽ ബെലറൂസിൽ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങളാണ് കസാഖ്സ്താനിലും ആവർത്തിച്ചത്. അതുകൊണ്ടുതന്നെ കസാഖ്സ്താനെ ഈയവസ്ഥയിൽ ഒറ്റപ്പെടുത്താൻ റഷ്യക്ക് കഴിയുമായിരുന്നില്ല. നിലവിൽ റഷ്യയും കസാഖ്സ്താനും തമ്മിൽ 7644 കീലോമീറ്ററിലധികം ‍അതിർത്തി പങ്കിടുന്നുണ്ട്. റഷ്യയുടെ ബഹിരാകാശ വിക്ഷേപണ നിലയമായ ബൈകനൂർ കോസ്‌മോഡ്രോമും കസാഖ്സ്താനിലാണ് സ്ഥിതി ചെയ്യുന്നത്.

ഇന്ധന വിലവർധനക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തെ വിദേശ പിന്തുണയോടു കൂടിയുള്ള ഭീകരവാദമായാണ് പുടിനും തൊഖയേവുംചിത്രീകരിക്കുന്നത്. ജോർജിയ, യുക്രെയ്ൻ, കിർഗിസ്താൻ, അർമീനിയ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാറുകളെ അട്ടിമറിച്ച വർണ്ണ വിപ്ലവത്തിന് (color revolution) പിന്നിൽ പ്രവർത്തിച്ച പടിഞ്ഞാറൻ രാജ്യങ്ങളാണ് കസാഖ്സ്താനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിലുമെന്നാണ് പുടിൻ ആരോപിക്കുന്നത്. വിദേശ പരിശീലനം ലഭിച്ച തീവ്രവാദി സംഘടനകളാണ് രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നതെന്ന് തൊഖയേവും ആവര്‍ത്തിച്ചു. ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഉള്ളതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുവേണ്ടി പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവും തൊഖയേവ് പുറപ്പെടുവിച്ചിരുന്നു. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ എന്ന പരിവേഷവും നൽകിയിരുന്നു. ഇതിന്റെ പേരിൽ രണ്ടു കുട്ടികളടക്കം 225 പേരെ സൈനികർ വെടിവെച്ചു കൊന്നതായി റഷ്യൻ വാർത്താ ഏജൻസി സ്പടുനിക് റിപ്പോർട്ട് ചെയ്തു. കസാഖ്സ്താനിലെ അൽമാട്ടിയിൽ മാത്രം 103 പേരാണ്

കൊല്ലപ്പെട്ടത്. നിരവധി പേരെ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് തടവിൽ വെച്ചിട്ടുണ്ട്. മുൻ ഇന്റലിജൻസ് മേധാവിയും രണ്ട് തവണ കസാഖ്സ്താൻ പ്രധാനമന്ത്രിയുമായ കരിം മാസിമോവടക്കം ഒമ്പതിനായിരത്തിലധികം ആളുകളെയാണ് സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തത്.


കലാപത്തിന്റെ ഒടുക്കവും അനന്തര ചോദ്യങ്ങളും

ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലാന്നാണ് കസാഖ്സ്താൻ. ഈ വർഷമാരംഭിച്ച പ്രക്ഷോഭങ്ങൾ കാരണം യുറേനിയത്തിന്റെ വിലയിൽ എട്ട് ശതമാനം വർധനവുണ്ടായി. എണ്ണ കയറ്റുമതി ചെയ്യുന്നതിൽ ലോക രാജ്യങ്ങളിൽ ഒമ്പതാം സ്ഥാനവും കൽക്കരി ഉൽപാദിപ്പിക്കുന്നതിൽ പത്താംസ്ഥാനവും കസാഖ്സ്താനാണ്. കൂടാതെ അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ബിറ്റ്കോയിൻ മൈനിങ് നടക്കുന്നതും അവിടെയാണ്. പ്രക്ഷോഭം കാരണം ഇന്റർനെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത് കൊണ്ട് ഹാഷ് റേറ്റിൽ പത്തു ശതമാനം കുറഞ്ഞുവെന്ന് ക്രിപ്റ്റോ മൈനിങ് സ്ഥാപനമായ BTC.com പറഞ്ഞു. ആളോഹരി വരുമാനത്തിൽ മധ്യേഷ്യൻ റിപ്പബ്ലിക്കുകളിൽ ഏറ്റവും സമ്പന്നമായ രാജ്യമാണ് കസാഖ്സ്താനെങ്കിലും ജനസംഖ്യയുടെ പകുതിയും പൊതുസേവനങ്ങൾ ലഭ്യമല്ലാത്ത ഒറ്റപ്പെട്ട ഗ്രാമീണ മേഖലകളിലാണ് താമസിക്കുന്നത്. സമ്പത്തിലുള്ള ഈ അസമത്വങ്ങൾ കസാഖ്സ്താനിൽ വളരെക്കാലമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത്രയേറെ സമ്പന്ന രാജ്യമായിട്ടും ഊർജമേഖലയിൽ കസാഖ്സ്താന് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം മതിയായ വൈദ്യുതി രാജ്യത്തിന് ഉത്പാദിപ്പിക്കാൻ കഴിയാത്തത് അടിയന്തിര ഷട്ട് ഡൗൺ പ്രഖ്യാപനങ്ങളിലേക്കും വൈദ്യുതിക്ക് വേണ്ടി റഷ്യയെ ആശ്രയിക്കേണ്ടതിലേക്കും നയിച്ചിരുന്നു. ഇതു കൂടാതെ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതും കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളും കസാഖിലെ സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്ത് ഒരു വരേണ്യവർഗ വിഭാഗം സമ്പന്നരാകുകയും സാധാരണക്കാരായ കസാഖുകൾ ഈ അരക്ഷിതാവസ്ഥകൾ അനുഭവിക്കാൻ ബാധ്യസ്ഥരാവുകയും ചെയ്തു. കസാഖ്സ്താന്റെ 1.9 കോടി ജനസംഖ്യയിൽ 10 ലക്ഷം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണുള്ളത്. ഇത്തരം അനീതികളോടുള്ള അവരുടെ തുറന്നു പറച്ചിലുകളാണ് ജനകീയ പ്രഷോഭമായി പുറത്തുവന്നത്.

കസാഖ്സ്താൻ സ്വതന്ത്രമായതിന് ശേഷം മൂന്നു പതിറ്റാണ്ടോളം ഭരണാധികാരിയായി പ്രവർത്തിച്ച നസർബയേവ് തന്റെ സ്വേ സ്വേച്ഛാധിപത്യപരമായ നടപടികൾ കൊണ്ട് കസാഖ്സ്താന്റെ ചരിത്രത്തിൽ വലിയ പോറലുകളാണ് വരുത്തിയത്. എണ്ണ, വാതക മേഖലയിൽ പാശ്ചാത്യ നിക്ഷേപം പോത്സാഹിപ്പിക്കുക വഴി രാജ്യത്തേക്ക് സമ്പത്ത് കൊണ്ടുവരാൻ നസർബയേവിന് സാധിച്ചിട്ടുണ്ട്. പക്ഷേ, ഈ നടപടികളിലൂടെ സമ്പത്തിന്റെ ഭൂരിഭാഗവും സർക്കാറിലെ വരേണ്യവർഗത്തിന്റെ കുത്തകയായി മാറുകയായിരുന്നു. സോവിയറ്റിന്റെ തകർച്ചക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയായ വ്യക്തിയെന്ന ബഹുമതിയോടെയാണ് 81കാരനായ നസർബയേവ് 2019ൽ രാജി വെച്ചത്.

പക്ഷേ പുതിയ ഭരണത്തിന്റെ സുരക്ഷാ കൗൺസിലിന്റെ തലവനായി തുടർന്നുകൊണ്ട് തിരശ്ശീലക്ക് പിന്നിൽ നിന്ന് അധികാരം ദൃഢപ്പെടുത്താനാണ് രാജിക്കു ശേഷവും നസർബയേവ് ശ്രമിച്ചത്. രാഷ്ട്രീയ സ്വാതന്ത്രങ്ങൾ വർധിപ്പിക്കുമെന്നും സമ്പദ് വ്യവസ്ഥയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ തൊഖയേവും തുടക്കംമുതൽ തന്നെ നസർബയേവിന്റെ കളിപാവയായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. 'ഓൾഡ് മാൻ ഔട്ട്' എന്ന മുദ്രാവാക്യം ഉയർത്തി, നസർബയേവിന്റെ പ്രതിമ തകര്‍ത്തുകൊണ്ട് ഇന്ധന വിലവർധനക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ ഭൂരിഭാഗം ആളുകളും ഈ രാഷ്ട്രീയ കരുനീക്കങ്ങളെയാണ് പ്രത്യക്ഷമായി ആക്രമിച്ചത്. കോവിഡ് മഹാമാരി കാലത്തുണ്ടായ ഭരണവർഗ അഴിമതി, വരുമാന അസമത്വം,സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.


കാലങ്ങളായി അധികാരികൾ അനുവർത്തിച്ചു പോരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെയും അടിച്ചമർത്തലിന്റെയും പ്രതികരണങ്ങളാണ് കസാഖ്സ്താനിൽ പ്രതിഷേധങ്ങളായി നടന്നതെന്നാണ് ലോക രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഏകപക്ഷീയമായ ഭരണകൂട ചെയ്തികൾ കൊണ്ട് തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും ഭരണ ദുരുപയോഗങ്ങളെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ഇന്റർനാഷ്ണലിന്റെ മധ്യേഷ്യൻ മേധാവി മേരി സ്ട്രൂതേഴ്സ് അഭിപ്രായപ്പെട്ടു. കസാഖ്സ്താനിൽ നിലവിലുണ്ടായിരുന്ന സ്വേച്ഛാധിപത്യപരമായ രാഷ്ട്രീയ സംവിധാനം, വിയോജിപ്പുകളോടുള്ള ഭരണകൂടത്തിന്റെ അസഹിഷ്ണുത മനോഭാവം, മാധ്യമ സ്വാതന്ത്യത്തിനുമേലുള്ള കടുത്ത നിയന്ത്രണങ്ങൾ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളുടെ അഭാവം തുടങ്ങിയവ മുമ്പും നിരവധി വിമർശനങ്ങൾ നേരിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ളതും സർക്കാർ അനുകൂല സ്ഥാപനങ്ങളുമായ മാധ്യമങ്ങൾ രാജ്യത്ത് ആധിപത്യം പുലർത്തിയിരുന്നതു കൊണ്ടു തന്നെ ഭരണകൂട വിയോജിപ്പുകൾക്ക് അവിടെ സ്ഥാനമില്ലായിരുന്നു. സോഷ്യൽ മീഡിയകളും വെബ് സൈറ്റുകളും അധികാരികൾ പതിവായി ബ്ലോക്ക് ചെയ്യാറുണ്ടായിരുന്നു.

ജനകീയ പ്രക്ഷോഭം ഉണ്ടായപ്പോള്‍ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് ഭരണാധികാരികൾ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. നിലവിലെ പ്രതിസന്ധി നിരവധി മാറ്റങ്ങൾക്കുള്ള തുടക്കമായും കാണാവുന്നതാണ്. ജനകീയ പ്രക്ഷോഭം തുടങ്ങിയ സമയത്ത് തൊഖയേവ് പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പിരിച്ചുവിടുകയും നസർബയേവിനെ സുരക്ഷാ കൗൺസിലില്‍ നിന്ന് പുറത്താകുകയും ചെയ്തിട്ടുണ്ട്. നസർബയേവിന്റെ സ്വാധീനങ്ങളെയും അധികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളെയും വേരോടെ കസാഖ്സ്താനിൽനിന്ന് പിഴുതുകളയാനുള്ള അവസരം ഈ പ്രക്ഷോഭത്തിലൂടെ തൊഖയേവിന് കിട്ടിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെയും സുരക്ഷാ സേനയുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ തൊഖയേവിനെ അനുവദിച്ചു.

ജനകീയ രോഷം കണക്കിലെടുത്തുകൊണ്ട് ഇന്ധന വിലപരിധി താൽക്കാലികമായി പുനഃസ്ഥാപിക്കാൻ പ്രസിഡന്റ് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കസാഖ്സ്താനിൽ ദേശീയ വികാരം പ്രകടിപ്പിക്കുന്ന സമയത്ത് റഷ്യൻ നേതൃത്വത്തിലുള്ള സി.എസ്.ടി.ഒയെ ക്രമസമാധാനം സ്ഥാപിക്കാൻ ക്ഷണിക്കുന്നത് തൊഖയേവിന്റെ തന്ത്രപരമായ നീക്കമായിരുന്നു. സുരക്ഷാ സേനയുടെ കടന്നുവരവോടെ റഷ്യക്ക് കസാഖ്സ്താനിന്റെ മേലുള്ള ആധിപത്യം വർധിക്കുകയും ബന്ധം ദൃഢമാക്കുകയും ചെയ്തു. കസാഖ്സ്താനുമായി അതിർത്തി പങ്കിടുന്ന ചൈനയും തൊഖയേവിന്റെ നീക്കങ്ങളെ പിന്തുണക്കുകയാണ് ചെയ്തിട്ടുള്ളത്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, തൊഖയേവിന്റെ പ്രവൃത്തികളെ ഉത്തരവാദിത്തപരമായ നടപടികളെന്ന് വിശേഷിപ്പിച്ചതായി വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കസാഖ്സ്താന്റെ ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും മനുഷ്യാവകാശങ്ങളെ ഉയർത്തിപിടിക്കേണ്ടതിന്റെയും പ്രാധാന്യത്തെ ഒരുപോലെ പിന്തുണക്കുന്ന രീതിയിലുള്ള സമീപനമാണ് യു.എസ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. സി.എസ്.ടി.ഒ സൈനികരുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം അടിച്ചമർത്തിയതിനു ശേഷം കസാഖ്സ്താൻ വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങുകയാണ്. നിലവിൽ രാജ്യത്തെ എല്ലായിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് തൊഖയേവ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രക്ഷോഭകരുടെ കൈയ്യിൽ ആയുധങ്ങൾ കണ്ടെടുത്തത് കൊണ്ട് ഇത് മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രിത കലാപമായും ചിത്രീകരിക്കപ്പെടുന്നുണ്ട്. 2011 ഷണോസെൻ പട്ടണത്തിൽ നടന്ന കലാപത്തിന് കൃത്യം പത്ത് വർഷം പൂർത്തിയാകുന്ന സമയത്ത് നടന്ന ഈ ജനകീയ പ്രക്ഷോഭത്തിന്റെ യാദൃശ്ചികതയും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. എന്നിരുന്നാലും കസാഖ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെയും അനീതികളെയും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയർത്തി കാണിക്കാൻ ഈ പ്രക്ഷോഭത്തിലൂടെ സാധിച്ചിട്ടുണ്ട്. പുതിയ രാഷ്ടീയ മാറ്റങ്ങളിലൂടെ മെച്ചപ്പെട്ട ഭരണസംവിധാനം കസാഖ്സ്താനിൽ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What made Kazakhstan unrest- Have a look
Next Story