ജോ ബൈഡൻ യു.എസ് പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻമാറുമോ? എങ്കിൽ പകരം ആര്?
text_fieldsവാഷിങ്ടൺ: വ്യാഴാഴ്ച നടന്ന ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നിൽ അടി പതറിയതോടെ ഡെമോക്രാറ്റിക് സ്ഥാനാർഥിയും പ്രസിഡന്റുമായ ബൈഡനെ മത്സരരംഗത്ത് നിന്ന് പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളും ഓർമക്കുറവും 81കാരനായ ബൈഡനെ അലട്ടുകയാണ്.
എന്നാൽ ഡെമോക്രാറ്റുകളുടെ നോമിനിയായ ബൈഡനെ മാറ്റുക എന്നത് എളുപ്പമല്ല. ഡെമോക്രാറ്റിക് പ്രൈമറികളിൽ ബൈഡൻ വിജയം ഉറപ്പിച്ചതാണ്. ബൈഡൻ തന്നെ കാര്യങ്ങൾ മനസിലാക്കി മത്സരരംഗത്തുനിന്ന് പിൻമാറുകയാണ് പിന്നെയുള്ള വഴി. അങ്ങനെ സംഭവിച്ചാൽ യു.എസ് പ്രസിഡന്റ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാകും അത്. റിപ്പോർട്ടനുസരിച്ച് 1972ൽ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഡെമോക്രാറ്റിസ് സ്ഥാനാർഥി തോമസ് ഈഗിൾട്ടൻ മനോരോഗത്തിന് ചികിത്സയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൻവൻഷനിൽ നിന്ന് മാറിനിൽക്കാൻ നിർബന്ധിതനായിരുന്നു.
അപ്പോൾ ബൈഡന് പകരം ആരായിരിക്കും സ്ഥാനാർഥി. കമലാഹാരിസ് ആണ് സാധ്യത പട്ടികയിൽ മുൻനിരയിലുള്ള ആൾ. എന്നാൽ ബൈഡൻ ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായ കമല കാര്യമായി ഒരു ജോലിയും ചെയ്തിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അവർ മത്സരിച്ചാൽ ട്രംപിന് ജോലി ഏറെക്കുറെ എളുപ്പമാകും.
മുൻ പ്രഥമ വനിത മിഷേൽ ഒബാമയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കമല കഴിഞ്ഞാൽ സ്ഥാനാർഥിയാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് കാലിഫോർണിയ ഗവർണർ ആയ ഗാവിൻ ന്യൂസമിനാണ്.
ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, നേരത്തേ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച ഗ്രെച്ചെൻ വിറ്റ്മെർ, ഒഹിയോയിൽ നിന്നുള്ള സെനറ്റംഗം ഷെറോഡ് ബ്രൗൺ, ഡീൻ ഫിലിപ്സ് എന്നിവരും സാധ്യതാപട്ടികയിലുണ്ട്.
അതിനിടെ, മത്സരരംഗത്ത് നിന്ന് പിൻമാറണമെന്ന ആവശ്യം ബൈഡൻ തള്ളിക്കളഞ്ഞിരിക്കുകയാണ്. എതിരാളികളില്ലാതെയാണ് ഇക്കുറി ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.