Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊട്ടിത്തെറിച്ചു,...

പൊട്ടിത്തെറിച്ചു, അഞ്ചുപേരും മരിച്ചു; ടൈറ്റന് വേണ്ടിയുള്ള തെരച്ചിലിൽ ഇനിയെന്ത്?

text_fields
bookmark_border
cancel

ടൈറ്റാനിക്കിന്‍റെ കൗതുകം തേടിപ്പോയ ആ അഞ്ചുപേർ കടലിന്‍റെ ആഴങ്ങളിൽ മറഞ്ഞിരിക്കുകയാണ്. ഓഷ്യൻഗേറ്റിന്‍റെ ടൈറ്റൻ അന്തർവാഹിനിയിൽ ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങൾ കാണാൻ പോയ അഞ്ച് പേരും സമുദ്രത്തിനടിയിലെ കനത്ത മർദത്തെ തുടർന്നുള്ള പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ടൈറ്റന് വേണ്ടിയുള്ള തെരച്ചിലിൽ ഇനി അടുത്ത നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

വിവിധ രാജ്യങ്ങളും സ്വകാര്യ ഏജൻസികളും കൈകോർത്ത രക്ഷാപ്രവർത്തനം, ഇനി ടൈറ്റന്‍റെ അവശിഷ്ടങ്ങൾ തിരിച്ചെടുക്കാനുള്ള പ്രയത്നമായി മാറുകയാണ്. വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്ന യന്ത്രവാഹനങ്ങൾ (ആർ.ഒ.വി) ഉപയോഗിച്ചാണ് കടലിനടിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഇതിൽ, പെലാജിക് റിസർച് സർവിസ് എന്ന സ്ഥാപനത്തിന്‍റെ ഒഡീസിയസ്-6 എന്ന യന്ത്രവാഹനമാണ് തകർന്നുവീണ ടൈറ്റാനിക് കപ്പിലിന് ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. കനത്ത മർദം കാരണം ഉള്ളിലേക്ക് ചുരുങ്ങിയുണ്ടായ പൊട്ടിത്തെറിയാണ് ടൈറ്റന് സംഭവിച്ചതെന്ന് യു.എസ് കോസ്റ്റ് ഗാർഡ് സ്ഥരീകരിക്കുന്നു.

ടൈറ്റന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം

പൊട്ടിത്തെറിച്ച ടൈറ്റൻ അഞ്ച് പ്രധാന ഭാഗങ്ങളായി ചിതറിക്കിടക്കുന്നതായാണ് യു.എസ് നേവി വിദഗ്ധർ വ്യക്തമാക്കിയത്. ഈ ചിതറിയ ഭാഗങ്ങൾ തിരിച്ചെടുക്കുകയാണ് ഇനിയുള്ള ശ്രമകരമായ പ്രവൃത്തി. സമുദ്രത്തിന്‍റെ അടിഭാഗത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അവശിഷ്ടങ്ങൾ സ്ഥലംമാറിപ്പോകാനുള്ള സാധ്യത ഏറെയാണെന്ന് സുദ്രവിദഗ്ധൻ ടോം മഡ്ഡോക്സ് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. അതേസമയം, ഇവരുടെ മൃതദേഹമോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താനാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കടുത്ത സാഹചര്യത്തിലുണ്ടായ പൊട്ടിത്തെറിയിൽ തിരിച്ചെടുക്കാനാവുന്ന വിധം ശരീരാവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നാണ് നിഗമനം.

ടൈറ്റൻ അപകടത്തിൽ മരിച്ചവർ

അതേസമയം, യു.എസിലെയും കാനഡയിലെയും ഏജൻസികൾ ടൈറ്റൻ ദുരന്തത്തിൽ അന്വേഷണം നടത്തും. യു.എസ് കോസ്റ്റ് ഗാർഡും കനേഡിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ ഒരുമിച്ച് അന്വേഷണം നടത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് തങ്ങളും പ്രത്യേകം അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഒരടയാളവും ഇല്ലെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ടൈറ്റാനിക്കിന്‍റെ അവശിഷ്ടം

ടൈറ്റൻ അന്തർവാഹിനിയുടെ ഓപ്പറേറ്റർമാരായ ഓഷ്യൻഗേറ്റ് കടുത്ത നിരീക്ഷണങ്ങൾക്ക് വിധേയമാകാനാണ് സാധ്യത. രണ്ട് കോടി രൂപയാണ് ടൈറ്റാനിക്ക് കാണാനുള്ള യാത്രക്കായി ഒരാളിൽ നിന്ന് ഇവർ ഈടാക്കുന്നത്. അന്തർവാഹിനിയുടെ കാർബൺ ഫൈബർ പുറന്തോടിന്‍റെ സുരക്ഷയെ കുറിച്ച് നേരത്തെ രണ്ട് ജീവനക്കാർ ആശങ്ക ഉന്നയിച്ചിരുന്നുവെന്നും എന്നാൽ കമ്പനി ഇത് അവഗണിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതിൽ ഒരു ജീവനക്കാരനെ ഇക്കാരണത്താൽ പിരിച്ചുവിടുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്രഭാഗത്ത് പ്രവർത്തിക്കുന്നതിനാൽ ടൈറ്റൻ പേടകത്തിന് രാജ്യങ്ങളുടെ നിയമാവലികൾ തടസമായിരുന്നില്ല.

ഓഷ്യൻഗേറ്റ് ഇനിയും തങ്ങളുടെ അന്തർവാഹിനി യാത്ര തുടരുമോയെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷും മരിച്ചവരിൽ ഉൾപ്പെടുന്നു. 'ചില സാഹചര്യങ്ങളിൽ സുരക്ഷ എന്നത് ശുദ്ധ അസംബന്ധമാണ്' എന്നാണ് കഴിഞ്ഞ വർഷത്തെ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. 'നിങ്ങൾ സുരക്ഷിതരായി ഇരിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ കിടക്കയിൽ നിന്ന് പുറത്തിറങ്ങരുത്, കാറിൽ കയറുകയോ മറ്റെന്തെങ്കിലും പ്രവൃത്തിയിലേർപ്പെടുകയോ ചെയ്യരുത്' -എന്നായിരുന്നു സ്റ്റോക്ടൺ റഷിന്‍റെ വാക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:titantitan submersibleocean gate
News Summary - What’s next in the search for the imploded submersible?
Next Story