ചൈനീസ് ടെന്നിസ് താരം പെങ് ഷുവായിയുടെ ദുരൂഹ തിരോധാനം; സുരക്ഷിതയാണെന്നതിന് ചൈന തെളിവു നൽകണം –യു.എന്നും യു.എസും
text_fieldsന്യൂയോർക്: കാണാതായ ടെന്നിസ് താരം പെങ് ഷുവായി സുരക്ഷിതയെന്നതിന് ചൈനയോട് തെളിവുകൾ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യു.എസും. ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗികാരോപണമുന്നയിച്ചതിനു പിന്നാലെയാണ് താരത്തെ കാണാതായത്. തിരോധാനം അന്തർദേശീയ തലത്തിൽ ചർച്ചയായി. തിരോധാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം.
പെങ് സുരക്ഷിതയാണെന്നുലോകത്തെ ബോധ്യപ്പെടുത്താൻ ചൈനക്ക് ബാധ്യതയുണ്ട്-യു.എൻ മനുഷ്യാവകാശ ഓഫിസ് വക്താവ് ലിസ് ത്രോസെസൽ പറഞ്ഞു. പെങ് ഉന്നയിച്ച ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ടെന്നിസ് താരത്തിനു പിന്തുണയുമായി വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. താരം സുരക്ഷിതയാണ് എന്നു കാണിക്കുന്ന വ്യക്തമായ തെളിവുകളാണ് യു.എസ് സർക്കാർ ആവശ്യപ്പെട്ടത്. ഇവർ എവിടെയാണെന്നു വ്യക്തമാക്കണമെന്നും ചൈനയോട് നിർദേശിച്ചു.
മൂന്ന് ഒളിമ്പിക്സില്‍ പങ്കെടുത്ത 35കാരിയായ പെങ് ഷുവായി രണ്ട് ഗ്രാൻഡ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014ല്‍ ഫ്രഞ്ച് ഓപ്പണും 2013ല്‍ വിംബിള്‍ഡണും നേടി. സിംഗിള്‍സില്‍ 2014 യു.എസ് ഓപ്പണ്‍ സെമി ഫൈനലില്‍ എത്തിയതാണ് ഏറ്റവും മികച്ച നേട്ടം. സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ 14ാം സ്ഥാനത്ത് എത്തിയിരുന്നു. ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും സ്വന്തമാക്കി.
പ്രശസ്ത ടെന്നിസ് താരങ്ങളായ നൊവാക് ദ്യോകോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലിസ്റ്റേഴ്സ്, സിമോണ ഹാലെപ്, ആന്‍ഡി മറെ, പെട്രൊ ക്വിറ്റോവ തുടങ്ങിയ താരങ്ങളും പെങ്ങിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 'പെങ് ഷുവായി എവിടെ' എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്താനുള്ള കാമ്പയിൻ നടക്കുന്നത്. തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ടെന്നിസ് അസോസിയേഷനും (ഡബ്ല്യു.ടി.എ) രംഗത്തെത്തി. നടപടി ഉണ്ടായില്ലെങ്കില്‍ ചൈനയില്‍ ഡബ്ല്യു.ടി.എ ടൂര്‍ണമെൻറുകള്‍ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷന് വക്താവ് ഹീഥര്‍ ബോളര്‍ വ്യക്തമാക്കി.
പെങ് സുരക്ഷിത –ഗ്ലോബൽ ടൈംസ്
പെങ് സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് അവകാശപ്പെട്ടു. അധികം വൈകാതെ താരം പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നും സ്വന്തം വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുണ്ടെന്നും ട്വിറ്ററിലൂടെ ഗ്ലോബല്‍ ടൈംസിെൻറ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ വ്യക്തമാക്കി.
നവംബര്‍ രണ്ടിന് സമൂഹ മാധ്യമമായ വെയ്ബോയിലൂടെയാണ് സാങ്ങിനെതിരെ പെങ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം വെയ്ബോ ഉടന്‍ നീക്കംചെയ്തെങ്കിലും അത് വന്‍ വിവാദത്തിലേക്ക് വഴിവെച്ചു. 2018ല്‍ വിരമിച്ച 75കാരനായ സാങ് രാഷ്ട്രീയരംഗത്തില്ല. അതിനിടെ,പെങ്ങിെൻറതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ സി.ജി.ടി.എന്നിൽ വന്ന ഇ-മെയിൽ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂട്ടി. 'ഞാൻ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു' -എന്നാണ് ഇ-മെയിലിലെ അറിയിപ്പ്.
എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്നു
സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിലടച്ച് നിശ്ശബ്ദരാക്കുകയാണ് ചൈന. ആലിബാബ സ്ഥാപകൻ ജാക് മാ, ഹോളിവുഡ് താരം ഫാൻ ബിങ്ബിങ് എന്നിവർ ഉദാഹരണങ്ങൾ. ഫാനിനെ നികുതി വെട്ടിപ്പു കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് മാസങ്ങൾക്കകമാണ് ഇവരെ കാണാതായത്. പിന്നീട് വീട്ടുതടങ്കലിലാണെന്ന റിപ്പോർട്ടുകൾ വന്നു.
2020 ഒക്ടോബറിലാണ് സർക്കാറിനെതിരെ സംസാരിച്ച ജാക്മായെ കാണാതായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ജാക് മാ പൊതുമധ്യേ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും തിരോധാനത്തിനു പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.