ടൈറ്റൻ എവിടെ?; ഷഹ്സാദ ദാവൂദിനും മകൻ സുലൈമാനും വേണ്ടി പ്രാർഥനയോടെ പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരടങ്ങിയ സംഘവുമായി പോയി അപ്രത്യക്ഷമായ ടൈറ്റൻ എന്ന അന്തർവാഹിനി കണ്ടെത്താൻ ലോകം തീവ്രശ്രമം തുടരുകയാണ്. സംഘത്തിലുള്ള പാക് വ്യവസായ പ്രമുഖൻ ഷഹ്സാദ ദാവൂദിനും മകൻ സുലൈമാനുംവേണ്ടി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
48കാരനായ ഷഹ്സാദ എൻഗ്രോ കോർപ് എന്ന വ്യവസായസ്ഥാപനത്തിന്റെ തലവനാണ്. നിലവിൽ കുടുംബവുമായി ബ്രിട്ടനിലാണ് താമസം. 19കാരനായ മകൻ സുലൈമാനൊപ്പമാണ് ഷഹ്സാദ യാത്രാസംഘത്തിൽ ചേർന്നത്. ഞായറാഴ്ച പുലർച്ചയാണ് ഇവർ സഞ്ചരിച്ച അന്തർവാഹിനി ടൈറ്റൻ കാണാതായത്. ഷഹ്സാദ ഫോട്ടോഗ്രഫിയിൽ അതീവ തൽപരനാണെന്നും മകൻ സുലൈമാൻ സയൻസ് ഫിക്ഷനുകളുടെ ആരാധകനാണെന്നും കുടുംബം പറഞ്ഞതായി പാക് മാധ്യമമായ ‘ദി ഡോൺ’ റിപ്പോർട്ട് ചെയ്തു.
ഷഹ്സാദയുടെ ഭാര്യ ക്രിസ്റ്റീൻ, മകൾ എന്നിവർ അന്തർവാഹിനി നിയന്ത്രിക്കുന്ന കപ്പലിലാണുള്ളത്. സമൂഹമാധ്യമങ്ങളിലും മറ്റും സംഘം ദൗത്യം പൂർത്തിയാക്കി തിരികെയെത്തട്ടെ എന്ന പ്രാർഥനകളാൽ നിറഞ്ഞിരിക്കുകയാണ്. ഷഹ്സാദയും മകനും സുരക്ഷിതമായി തിരികെയെത്താൻ പ്രാർഥനയോടെ കാത്തിരിക്കുകയാണെന്ന് ഇവരുടെ കമ്പനിയായ എൻഗ്രോ കോർപ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.