ആശുപത്രി ആക്രമിച്ചതിൽ ഞങ്ങൾക്ക് പങ്കില്ല, തീരുമാനിച്ചത് ഇസ്രായേൽ -അമേരിക്ക
text_fieldsവാഷിങ്ടൺ: ഗസ്സയിലെ അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക. ആശുപത്രി ആക്രമിച്ച് ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മാധ്യമങ്ങളോട് സംസാരിച്ചത്.
‘ആശുപത്രിക്ക് വളയാനും സൈനിക ഓപറേഷൻ നടത്താനും ഇസ്രായേലിന് വാഷിംഗ്ടൺ അനുമതി നൽകിയിട്ടില്ല. ഇത് ഇസ്രായേൽ ആസൂത്രണം ചെയ്യുന്ന സൈനിക നടപടികളാണ്. ആ നടപടിക്രമങ്ങളിൽ അമേരിക്കക്ക് പങ്കില്ല. ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആശുപത്രികൾ നേരെയുള്ള വ്യോമാക്രമണം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിരപരാധികളായ സിവിലിയൻമാരും രോഗികളും മെഡിക്കൽ സ്റ്റാഫും വെടിവെപ്പിന് ഇരകളാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’ -കിർബി പറഞ്ഞു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫക്കുനേരെയുള്ള ഇസ്രായേൽ ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണെന്ന് ഹമാസ്. അൽ ശിഫ ആശുപത്രിക്ക് താഴെ ഹമാസിന്‍റെ കമാൻഡിങ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന ഇസ്രയേലിന്റെ അവകാശവാദം യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങൾ ശരിവെക്കുന്നതായി വൈറ്റ് ഹൗസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്‍റെ പ്രസ്താവന വന്നത്.
ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ ഇസ്രായേലിനുള്ള പച്ചക്കൊടിയാണ് അൽ ശിഫയെ ഹമാസ് ഉപയോഗിക്കുന്നുവെന്ന വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും വ്യാജആരോപണമെന്ന് ഹമാസ് പറഞ്ഞിരുന്നു. യു.എസ് ആരോപണം ആവർത്തിച്ച് നിഷേധിച്ച ഹമാസ്, ഇക്കാര്യത്തിൽ വ്യക്തത വേണമെങ്കിൽ യു.എൻ നേതൃത്വത്തിൽ അന്താരാഷ്ട്ര സമിതി രൂപീകരിച്ച് ഗസ്സയിലെ എല്ലാ ആശുപത്രികളും പരിശോധിക്കാമെന്ന് പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.