വൈറ്റ് ഹൗസിലെ വിരുന്നിൽ മോദിക്കായി ചെറുധാന്യങ്ങൾ മുതൽ കൂൺ വിഭവങ്ങൾ വരെ
text_fieldsവാഷിങ്ടൺ: യു.എസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന്. മാരിനേറ്റ് ചെയ്ത ചെറുധാന്യങ്ങൾ, ചോളംകൊണ്ടുള്ള സാലഡ്, കൂൺകൊണ്ടുള്ള വിഭവങ്ങൾ എന്നിവയായിരുന്നു അത്താഴവിരുന്നിലെ പ്രധാന വിഭവങ്ങൾ. സസ്യാഹാരിയായ മോദിക്കായി രുചികരമായ വെജിറ്റേറിയൻ ഭക്ഷണമാണ് ഒരുക്കിയത്.
ഗ്രിൽ ചെയ്ത ചോളം, തണ്ണിമത്തൻ, അവകാഡോ സോസ്, സ്റ്റഫ് ചെയ്ത പോർട്ടോബെല്ലോ കൂൺ, റിസോട്ടോ എന്നിവയും ഭക്ഷണ മെനുവിൽ ഉൾപ്പെട്ടിരുന്നു. വേണ്ടവർക്കായി മത്സ്യവിഭവങ്ങളും തയാറാക്കിയിരുന്നു. 400 അതിഥികളെയാണ് വൈറ്റ് ഹൗസിന് തെക്കുഭാഗത്തുള്ള പുൽതകിടിയിൽ പ്രത്യേകം തയാറാക്കിയ പവിലിയനിൽ ഒരുക്കിയ വിരുന്നിലേക്ക് ക്ഷണിച്ചത്. മോദിയും ബൈഡനും ഒരുമിച്ച് അത്താഴം കഴിച്ചു. ഇന്ത്യൻ സംഗീത പരിപാടികളും നടന്നു.
പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ഡോ. ജിൽ ബൈഡനും വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര, പ്രോട്ടോക്കോൾ വിഭാഗം ഉപ തലവൻ അസീം വോറ എന്നിവരും മോദിക്കൊപ്പം വൈറ്റ്ഹൗസിലെത്തി.
ബൈഡനും ഭാര്യക്കും മോദി സമ്മാനങ്ങൾ നൽകി. ജയ്പൂരിലെ ശിൽപി നിർമിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് പ്രധാനമന്ത്രി ജോ ബൈഡന് സമ്മാനിച്ചത്. ഗണപതി വിഗ്രഹം, ദിയ (എണ്ണ വിളക്ക്), ഒരു ചെമ്പു തകിട്, പത്ത് നാണയങ്ങൾ അടങ്ങിയ വെള്ളിപ്പെട്ടികൾ, സുഗന്ധമുള്ള ചന്ദനം, വെളുത്ത എള്ള് തുടങ്ങിയവ അടങ്ങിയതാണ് ചന്ദനപ്പെട്ടി. ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചവർക്ക് നൽകുന്ന ദാനത്തെ സൂചിപ്പിക്കുന്ന പട്ടുതുണി, നീളമുള്ള ഒരുതരം അരി, ശർക്കര എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളും ചന്ദനപ്പെട്ടിയിലുണ്ടായിരുന്നു. ദ ടെൻ പ്രിൻസിപ്പൽ ഉപനിഷത്ത്സ്' എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പും ബൈഡന് സമ്മാനിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൈകൊണ്ട് നിർമിച്ച പുരാതന അമേരിക്കൻ പുസ്തകത്തിന്റെ പ്രൂഫ് വായനക്കു മുമ്പുള്ള പതിപ്പ് ബൈഡൻ മോദിക്ക് നൽകി. വിന്റേജ് അമേരിക്കൻ കാമറയും വന്യജീവി ചിത്രങ്ങളടങ്ങിയ പുസ്തകവും റോബർട്ട് േഫ്രാസ്റ്റിന്റെ കവിത സമാഹാരത്തിന്റെ ആദ്യ എഡിഷനിലെ കോപ്പിയും മോദിക്ക് ഉപഹാരമായി നൽകി. ലാബിൽ നിർമിച്ച 7.5 കാരറ്റ് ഹരിതവജ്രമാണ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് മോദി സമ്മാനിച്ചത്.
ബംഗളൂരുവിലും അഹമ്മദാബാദിലും യു.എസ് കോൺസുലേറ്റുകൾ തുറക്കും
വാഷിങ്ടൺ: ബംഗളൂരുവിലും അഹമ്മദാബാദിലും കോൺസുലേറ്റുകൾ തുറക്കാനൊരുങ്ങി അമേരിക്ക. സിയാറ്റിലിൽ ഇന്ത്യയും നയതന്ത്ര ഓഫിസ് തുറക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായാണ് വൈറ്റ്ഹൗസിന്റെ പ്രഖ്യാപനം. നിലവിൽ ഡൽഹിയിൽ യു.എസ് എംബസിയും മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റും പ്രവർത്തിക്കുന്നുണ്ട്. വാഷിങ്ടണിലെ എംബസിക്ക് പുറമെ, ന്യൂയോർക്, സാൻഫ്രാൻസിസ്കോ, ഷികാഗോ, ഹ്യൂസ്റ്റൻ, അറ്റ്ലാന്റ എന്നിവിടങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുമുണ്ട്. കഴിഞ്ഞ വർഷം 1.25 ലക്ഷം വിദ്യാർഥി വിസകൾ ഇന്ത്യക്കാർക്ക് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.