വൈറ്റ് ഹൗസിലേക്ക് വന്ന കത്തിനുള്ളിൽ കൊടുംവിഷം; മൊട്ടുസൂചി മുനയോളം മതി ആളെക്കൊല്ലാൻ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് മാരക വിഷാംശം ഉൾക്കൊള്ളുന്ന കത്തയച്ചു. റസിൻ എന്ന മാരക വിഷപദാർഥമാണ് കത്തിനുള്ളിൽ ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാനഡയിൽ നിന്നാണ് കത്ത് അയച്ചത്.
വൈറ്റ് ഹൗസിലേക്ക് കത്ത് എത്തുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി വിഷ വസ്തു അടങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു.
എഫ്.ബി.ഐയും യു.എസ് രഹസ്യാന്വേഷണ വിഭാഗവും പോസ്റ്റൽ വിഭാഗവും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യം നിലവിലില്ലെന്ന് എഫ്.ബി.ഐ അറിയിച്ചു. വൈറ്റ് ഹൗസ് അധികൃതരോ രഹസ്യാന്വേഷണ വിഭാഗമോ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ല.
ആവണക്കിൽ നിന്ന് വേർതിരിച്ചെടുത്ത് ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുവാണ് റസിൻ. ഇത് ജൈവായുധമായി ഉപയോഗിക്കുന്നുണ്ട്. ഒരു മൊട്ടുസൂചി മുനയോളം വരുന്ന വിഷപദാർഥം മതി 72 മണിക്കൂറിനുള്ളിൽ ഒരാളുടെ മരണത്തിനിടയാക്കാൻ. ഇതിനെ നേരിടാനുള്ള മറുമരുന്നുകൾ കണ്ടെത്തിയിട്ടില്ല.
റസിൻ അടങ്ങിയ കത്ത് നേരത്തെയും അമേരിക്കൻ അധികൃതരുടെ വിലാസത്തിലേക്ക് എത്തിയിട്ടുണ്ട്. 2018ൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും എഫ്.ബി.ഐ മേധാവിക്കും റസിൻ അടങ്ങിയ കത്ത് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വില്യം ക്ലെയിഡ് അലൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ബാരക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് റസിൻ അടങ്ങിയ കത്തയച്ച സംഭവത്തിൽ രണ്ട് പേർ ശിക്ഷയനുഭവിക്കുകയാണ്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.