യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിച്ചേക്കുമെന്ന് യു.എസ് മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: യുക്രെയ്നിൽ റഷ്യ രാസായുധവും ജൈവായുധവും പ്രയോഗിച്ചേക്കുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ്. യുക്രെയ്നിൽ യു.എസ് നിയമവിരുദ്ധമായി രാസായുധങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാൻ സഹായിക്കുന്നുവെന്ന റഷ്യയുടെ വാദവും വൈറ്റ്ഹൗസ് തള്ളി.
യു.എസിന്റെ സഹായത്തോടെ അതിർത്തിയോടുചേർന്ന യുക്രെയ്ൻ പരീക്ഷണശാലകളിൽ നിരോധിത രാസ-ജൈവായുധങ്ങൾ നിർമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖറോവ അവകാശപ്പെട്ടിരുന്നു. റഷ്യയുടെ വാദം അസംബന്ധമാണെന്നും യുക്രെയ്നിൽ അവർ നടത്തുന്ന അധിനിവേശത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി കുറ്റപ്പെടുത്തി. യുക്രെയ്നിൽ രാസായുധപ്രയോഗത്തിന് റഷ്യ തയാറെടുക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും സാകി മുന്നറിയിപ്പു നൽകി.
പ്രതിപക്ഷ നേതാവ് അലക്സി നവാൽനി, മുൻ ചാരൻ സെർജി ക്രിപാൽ എന്നിവർക്കെതിരെ വധശ്രമത്തിന്റെ ഭാഗമായി രാസായുധം പ്രയോഗിച്ചതും സിറിയയിൽ സ്വന്തം ജനതക്കെതിരെ രാസായുധം പ്രയോഗിക്കാൻ ബശ്ശാർ ഭരണകൂടത്തിന് റഷ്യ പിന്തുണ നൽകിയതും പെന്റഗൺ പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.