രാജിയില്ല, ജോലി തുടരും; യു.എസ് തീരുമാനം പുന:പരിശോധിക്കണം -ഡബ്ല്യു.എച്ച്.ഒ തലവൻ
text_fieldsജനീവ: തെൻറ ജോലി ജീവൻ രക്ഷിക്കലാണെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രാജിക്ക് വേണ്ടി അമേരിക്കയിൽനിന്നുള്ള മുറവിളി അദ്ദേഹം തള്ളി. സംഘടനക്കുള്ള ധനസഹായം നിർത്തിയ നടപടി അമേരിക്ക പുനപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടെഡ്രോസ് അഭിപ്രായപ്പെട്ടു.
“ഞാൻ രാപ്പകൽ ജോലിചെയ്യുന്നത് തുടരും. ജീവൻ രക്ഷിക്കുക എന്ന അനുഗ്രഹീതമായ ജോലിയാണിത്. അതിൽ ശ്രദ്ധ കേന്ദ്രീകരിക ്കും” -ഇതായിരുന്നു രാജി ആവശ്യത്തോടുള്ള പ്രതികരണം. ഡബ്ല്യു.എച്ച്.ഒക്ക് സംഭാവന നൽകുന്നതിലൂടെ മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത് എന്ന് യു.എസ് മനസ്സിലാക്കണം. പകർച്ചവ്യാധികൾക്കിടയിൽ യു.എസിനെ സുരക്ഷിതമാക്കാനും ഏജൻസി ഒരു പ്രധാന നിക്ഷേപമാണ് -ടെഡ്രോസ് പറഞ്ഞു.
ചൈനയെ സഹായിക്കാൻ ലോകാരോഗ്യസംഘടന പലതും മറച്ചുവെച്ചതായും തെറ്റിദ്ധാരണ പരത്തിയതായും ആരോപിച്ച് ഡബ്ല്യു.എച്ച്.ഒക്കുള്ള ധനസഹായം യുഎസ് താൽക്കാലികമായി നിർത്തുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജനീവ ആസ്ഥാനമായുള്ള ഈ യു.എൻ ഏജൻസിക്ക് വർഷവും ദശലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക സംഭാവന നൽകുന്നത്.
സംഭാവന നൽകണമെങ്കിൽ ടെഡ്രോസ് രാജി വെക്കണമെന്ന് വ്യവസ്ഥ ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച യു.എസ് ജനപ്രതിനിധിസഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുഎസ് സംഭാവന നിർത്തിയാൽ കുട്ടികളുടെ പ്രതിരോധ കുത്തിെവയ്പ്പുകൾ, പോളിയോ നിർമാർജന ദൗത്യം, അവശ്യ ആരോഗ്യ സേവനങ്ങൾ, ദുർബലരായ ജനങ്ങൾക്കുള്ള അടിയന്തിര സഹായം തുടങ്ങിയ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാൻ പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനക്ക് നൽകിയിരുന്ന പണം അതേ ആവശ്യത്തിനായി ഉപയോഗിക്കുമെന്ന് യുഎസ് അധികൃതർ പറഞ്ഞു. ഡബ്ല്യു.എച്ച്.ഒവിനെ ഇടനിലക്കാരനാക്കാതെ ഇത് ഒാരോ രാജ്യത്തെയും ഗ്രൂപ്പുകൾക്ക് നേരിട്ട് വിതരണം ചെയ്യാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.