Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരാണ് സിറിയയിലെ വിമത...

ആരാണ് സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനി...?

text_fields
bookmark_border
Abu Muhammad Al Julani
cancel
camera_alt

അഹമ്മദ് ഹുസൈൻ അൽ ഷറ എന്ന അബു മുഹമ്മദ് അൽ ജുലാനി - ഫോട്ടോ അൽ ജസീറ


അര നൂറ്റാണ്ടിലേറെ സിറിയയെ കൈപ്പിടിയിലാക്കിയ അസദ് കുടുംബത്തിന്റെ ഭരണം നിലംപൊത്തുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരു പേരുണ്ട്. അബു മുഹമ്മദ് അൽ ജുലാനി. അസദ് ഭരണത്തെ തകർത്ത വിമത മുന്നേറ്റത്തിന്റെ കുന്തമുനയായ ഹയാത്ത് തഹ്‍രീർ അൽ - ഷാം (എച്.ടി.എസ്) എന്ന സേനയുടെ തലവൻ. ഇക്കഴിഞ്ഞ തിങ്കളാഴ്ച റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഓൺലൈനുകളിൽ ചിത്രമടക്കം പ്രചരിപ്പിക്കപ്പെട്ട അതേ ജുലാനി. അലപ്പോയും ദമസ്കസും കീഴടക്കി മുന്നേറുന്ന വിമത സേനയുടെ മുന്നണിയിലും മധ്യനിരയിലുമെല്ലാം സജീവമായി നിൽക്കുന്ന ജുലാനി.

ദമസ്കിലെ തെരുവുകളിൽ വിമതർ ബശ്ശാർ അൽ അസദിന്റെയും പിതാവ് ഹാഫിസ് അൽ അസദിന്റെയും അടയാളങ്ങൾ തച്ചുതകർത്തു മുന്നേറുകയാണ്. ഓരോ കോട്ട കെത്തളങ്ങളും വിമതർ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റ് ബശ്ശാർ അൽ അസദ് രാജ്യം വിട്ടതായാണ് സൂചന. പ്രസിഡന്റ് മുങ്ങിയെങ്കിലും താൻ രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും വിമതരുമായി സഹകരിക്കാൻ തയാറാണെന്നും പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി വ്യക്തമാക്കിയിരിക്കുന്നു. അപ്പോഴും കൂടുതൽ പേർ തിരയുന്നത് ആരാണ് ഈ അബു മുഹമ്മദ് അൽ ജുലാനി എന്നത്രെ.

ദമസ്കസ് പിടിച്ചടക്കിയ വിമതസേന മുൻ സിറിയൻ പ്രസിഡന്റ് ഹാഫിസ് അൽ അസദിന്റെ പ്രതിമ തകർക്കുന്നു

ഇദ്‍ലിബിലെ സ്വതന്ത്ര ഭരണം

പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ വിശ്വസ്തരായ സർക്കാർ സേനയുടെ തകർച്ചയ്ക്ക് ശേഷം സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോ വെറും മൂന്ന് ദിവസം കൊണ്ടാണ് പ്രതിപക്ഷ പോരാളികൾ പിടിച്ചെടുത്തത്. ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല ഹയാത്ത് തഹ്‌രീർ അൽ ഷാം അഥവാ എച്.ടി.എസ്. ചരിത്ര പ്രധാനമായ ഇദ്‍ലിബ് പ്രവിശ്യയുടെ ഭരണം ഏറെ നാളുകളായി അവരുടെ കൈകളിലാണ്.

അറബ് ഏകാധിപത്യ ഭരണകൂടങ്ങളെ വിറപ്പിച്ചുകൊണ്ട് 2011ൽ അരങ്ങേറിയ അറബ് വസന്തത്തെ സിറിയയിൽ അതിക്രുരമായാണ് അസദ് ഭരണകൂടം നേരിട്ടത്. വിപ്ലവകാരികളെ ക്രൂരമായി അടിച്ചമർത്തി. അന്നു മുതൽ തുടരുന്നതാണ് ജുലാനിയുടെയും എച്.ടി.എസിന്റെയും അസദ് ഭരണകൂടത്തോടുള്ള പോരാട്ടം. 2016 മുതൽ ജുലാനി വിമോചിത സിറിയയുടെ സംരക്ഷകരായി തന്നെയും തന്റെ ഗ്രൂപ്പിനെയും പ്രഖ്യാപിച്ചു. 2017ൽ ഇദ്‍ലിബ് കീഴക്കിയ എച്.ടി.എസ് ‘സിറിയൻ വിമോചന സർക്കാറി’ലൂടെ അവിടെ തങ്ങളുടെതായ ഭരണകൂടവും ശക്തമായ സേനയും സ്ഥാപിച്ചു. സിവിൽ ഭരണവും വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യറി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൊക്കെ ഊന്നി തങ്ങളുടെതായ ഭരണവ്യവസ്ഥ ഉറപ്പിച്ചെടുത്തു. എതിർ ശബ്ദങ്ങളോട് അത്രയൊന്നും സഹിഷ്ണുതാപരമായിരുന്നില്ല എച്.ടി.എസിന്റെ നയം എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

​സിറിയൻ സേനക്കുനേരെ വെടിയുതിർക്കുന്ന വിമത സൈനികർ

ആരാണ് ജുലാനി...?

അഹമ്മദ് ഹുസൈൻ അൽ ഷറ ആണ് പിന്നീട് അബു മുഹമ്മദ് അൽ ജുലാനിയായി ആയി അറിയപ്പെട്ടത്. ജുലാനിയുടെ വിമതജീവിതം ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ഹുസൈൻ അൽ ഷറയിൽ നിന്നാണ്. സിറിയയിലെ ചരിത്രപ്രസിദ്ധമായ ഗോലാൻ കുന്നുകളിലായിരുന്നു ഹുസൈന്റെ കുടുംബം. 1967ലെ ആറ് ദിവസ യുദ്ധത്തിൽ ഗോലാൻ പ്രദേശങ്ങൾ ഇസ്രായേൽ കൈയടക്കിയപ്പോൾ അഹമ്മദ് ഹുസൈനും കുടുംബവും അവിടെ നിന്ന് കുടിയിറക്കപ്പെട്ടു. സിറിയയുടെ ഭരണം കൈയാളിയിരുന്ന ബാത്തിസ്റ്റ് ഭരണകൂടം പ്രതിവിപ്ലവത്തിന്റെ പേരിൽ അ​ദ്ദേ​ഹത്തെ തടവിലാക്കി. തടവ് ചാടി ഇറാഖിലേക്ക് രക്ഷപ്പെട്ട ഹുസൈൻ അൽ ഷറ അവിടെയാണ് ഉന്നതപഠനം പൂർത്തിയാക്കിയത്. ഈ സമയത്ത് ഫലസ്തീൻ വിമോചന സംഘടന (പി.എൽ.ഒ)യുമായി സഹകരിച്ച അദ്ദേഹം ജോർദാനിലേക്ക് പോയി. 1970ൽ സിറിയയിൽ മടങ്ങിയെത്തിയ ഹുസൈൻ, ഹഫീസ് അൽ അസാദിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാട്ടം നടത്തിയതിന് വീണ്ടും ജയിലിലായി. പിന്നീട് ജയിൽ മോചിതനായ അദ്ദേഹം സൗദി അറേബ്യയിൽ അഭയം തേടി. എണ്ണ കമ്പനിയിൽ എഞ്ചിനിയറായി ജോലിയിലിരിക്കെയാണ് 1982ൽ അദ്ദേഹത്തിന് അഹമ്മദ് ഹുസൈൻ അൽ ഷറ എന്ന മകൻ ജനിക്കുന്നത്. 1989 ൽ ജുലാനിയും കുടുംബവും സിറിയയിൽ മടങ്ങിയെത്തി.

തനിക്ക് 18 വയസ്സുള്ളപ്പോൾ നടന്ന ഫലസ്തീനിലെ ‘രണ്ടാം ഇൻതിഫാദ’യാണ് തന്നെ വിപ്ലവകാരിയാക്കിയതതെന്ന് അമേരിക്കൻ മാധ്യമമായ ‘ഫ്രണ്ട് ലൈന്’ നൽകിയ അഭിമുഖത്തിൽ ജുലാനി തന്നെ പറഞ്ഞിട്ടുണ്ട്. ‘അധിനിവേശകരാൽ അടിച്ചിറക്കപ്പെട്ട മനുഷ്യർക്കായി തനിക്കെന്ത് ചെയ്യാൻ കഴിയും’ എന്ന ചിന്തയാണ് സമരപാതയിലേക്ക് തന്നെ നയിച്ചതെന്ന് ജുലാനി അഭിമുഖത്തിൽ പറഞ്ഞു.

2003ൽ അദ്ദേഹം ഇറാഖിലേക്ക് നീങ്ങുകയും അമേരിക്കൻ അധിനിവേശത്തെ ചെറുക്കാനായി അൽ ഖാഇദയിൽ ചേരുകയുമുണ്ടായി. 2006 ൽ ഇറാഖിൽ അമേരിക്കൻ സേന അറസ്റ്റ് ചെയ്ത ജുലാനി അബു ഗുറൈബ്, ക്യാമ്പ് ബുക്ക, ക്യാമ്പ് ക്രോപ്പർ, അൽ തജ്ജി ജയിൽ എന്നിവിടങ്ങളിലായി അഞ്ച് വർഷത്തോളം തടവിൽ കിടന്നു. 2011ൽ ജയിൽ ​മോചിതനാകുമ്പോഴാണ് അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയിൽ വിപ്ലവം തുടങ്ങുന്നത്. തന്റെ സാന്നിധ്യം സിറിയയിലാണ് ഉണ്ടാവേണ്ടത് എന്ന് നിശ്ചയിച്ച ജുലാനി നേരേ ഇദ്‍ലിബിലെത്തി. ആ മേഖലയിൽ അൽ ഖാഇദയുടെ സ്വാധീനം ശക്തമാക്കുന്നതിൽ ജുലാനി നിർണായക പങ്ക് വഹിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) ന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയുമായി ജുലാനി ഏകോപിച്ച് പ്രവർത്തിച്ചു.

ജയിൽ മോചിതനായ അദ്ദേഹത്തെ അൽ ഖാഇദയുടെ ശാഖ സ്ഥാപിക്കാനാണ് സിറിയയിലേക്ക് നിയോഗിച്ചത്. ഇദ്‍ലിബിനെ ‘അൽ നു​സ്ര ഫ്രണ്ട്’ എന്ന ആ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കിയത് ജുലാനിയാണ്. 2013 ഏപ്രിലിൽ അൽ ഖാഇദയുമായുള ബന്ധം വേർപെടുത്തി സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റിനെ വ്യാപിപ്പിക്കാൻ അൽ ബഗ്ദാദി തീരുമാനിച്ചു. നുസ്ര ഫ്രണ്ടിനെ വിഴുങ്ങി ബഗ്ദാദി ഐ.എസ്.ഐ.എൽ എന്ന പുതിയ ഗ്രൂപ്പും പ്രഖ്യാപിച്ചു. അതിനോട് യോജിക്കാൻ കഴിയാതിരുന്ന ജുലാനി അൽ ഖാഇദയുമായുള്ള കൂറ് നിലനിർത്തിക്കൊണ്ട് ബഗ്ദാദിയുമായി ബന്ധം വിഛേദിച്ചു.

2014 ൽ ത​ന്റെ ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ, ‘ഇസ്‍ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സിറയ ഭരിക്കപ്പെടേണ്ടത്’ എന്ന് ജുലാനി നയം വ്യക്തമാക്കി. ലോകത്തെ എല്ലാ മുസ്‍ലിം രാജ്യങ്ങളിലും ഇസ്‍ലാമിക ഭരണം സ്ഥാപിക്കുകയും അതുവഴി ഇസ്‍ലാമിക ഖിലാഫത്ത് പുനസ്ഥാപിക്കുകയും ചെയ്യണമെന്ന അൽ ഖാഇദയുടെ പദ്ധതിയിൽ നിന്ന് ജുലാനി പിൻവാങ്ങുകയുണ്ടായി. ലോകമല്ല തന്റെ ലക്ഷ്യം സിറിയയാണെന്ന് കൂടി അദ്ദേഹം പ്രഖ്യാപിച്ചു. അതിനനുസരിച്ച് സേന​യും രൂപീകരിച്ചു.

2016 ജൂലൈയിൽ അലപ്പോ, സർക്കാർ സേനയുടെ നിയന്ത്രണത്തിലായപ്പോൾ ജുലാനിയുടെ സായുധ സംഘങ്ങൾ ഇദ്‌ലിബിലേക്ക് നീങ്ങി. വിമതരുടെ നിയന്ത്രണത്തിലായിരുന്നു ഇദ്‍ലിബ്. 2017ന്റെ തുടക്കത്തിൽ വിവിധ വിമത ഗ്രൂപ്പുകളിലെ ആയിരക്കണക്കിന് പോരാളികൾ അലപ്പോയിൽ നിന്ന് പലായനം ചെയ്ത് ഇദ്‍ലിബിലെത്തി. ആ ഗ്രൂപ്പുകളെ ചേർത്താണ് അൽ ജുലാനി ഹയാത്ത് തഹ്‌രീർ അൽ ഷാം അഥവാ എച്.ടി.എസ് രൂപീകരിച്ചത്. ഇന്ന് ആ സേനയുടെ കീഴിലായിരിക്കുന്നു അലപ്പോയും ദമസ്കസും എല്ലാം. ‘അസദിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് സിറിയയെ മോചിപ്പിക്കുക, ഇറാൻ സേനയെ രാജ്യത്ത് നിന്ന് പുറത്താക്കുക, ഇസ്‍ലാമിക നിയമമനുസരിച്ച് രാജ്യം സ്ഥാപിക്കുക’ എന്നിവയാണ് എച്.ടി.എസിന്റെ ലക്ഷ്യമായി പറയുന്നത്.

ദമസ്കസിൽ വിമത സേനയുടെ വിജയം ആഘോഷിക്കുന്നവർ - ഫോട്ടോ എ.എഫ്.പി

എന്താകും സിറിയ..?

അലപ്പോ കീഴടക്കി തെക്കോട്ട് നീങ്ങിയ ജുലാനിയുടെ സേന സിറിയയിലെ ന്യൂനപക്ഷങ്ങളോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് അലപ്പോ പിടിച്ചടക്കിയതുമുതൽ ജുലാനി ഉറപ്പ് നൽകി. സിറിയയിലെ വിശ്വസനീയമായ ഭരണകൂടമായും ആഗോള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ സാധ്യമാകുന്നത്ര പങ്കാളിയായും എച്.ടി.എസിനെ ബ്രാൻഡ് ചെയ്യാനാണ് അൽ ജുലാനി ആഗ്രഹിക്കുന്നതെന്ന് സിറിയൻകാര്യങ്ങളിൽ വിദഗ്ധനായ ഹസൻ ഹസനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇദ്‌ലിബിൽ, ഹറകത് നൂർ അൽ ദിൻ അൽസിങ്കി, ലിവ അൽ ഹഖ്, ജയ്‌ഷ് അൽ സുന്ന തുടങ്ങിയ മറ്റ് സായുധ പ്രതിപക്ഷ ഗ്രൂപ്പുകളുമായി പങ്കാളിയാകാനും സിറിയയിലെ അൽ ഖാഇദ ഘടകമായ ‘ഹുറാസ് അൽ ദിൻ’ പോലുള്ള മുൻ സഖ്യകക്ഷികളെ ഒഴിവാക്കാനും ജുലാനി ​ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഐക്യരാഷ്ട്രസഭ, തുർക്കി, യു.എസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ എച്.ടി.എസിനെ ഭീകര സംഘടനയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ കാഴ്ചപ്പാടിൽ തലയ്ക്ക് 10 മില്യൻ വിലയിട്ട കൊടും ഭീകരനാണ് ജുലാനി.

തന്റെ പൂർവകാല ബന്ധങ്ങൾ ഉപേക്ഷിച്ച് സിറിയൻ ദേശീയതക്കായി നിലകൊള്ളുന്ന തങ്ങളെ ആഭ്യന്തര ജനതയുടെ അഭിലാഷങ്ങൾ പരിഗണിക്കാതെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അനുചിതമാണെന്ന് അൽ ജുലാനി പറയുന്നു.

ബശ്ശാർ അൽ അസദ് നാടുവിടുകയും വിമത സേന പിടിച്ചടക്കുകയും ചെയ്ത സിറിയയുടെ ഭാവി എന്തായാലും ഇനി അബു മുഹമ്മദ് അൽ ജുലാനിയുടെയും എച്.ടി.എസിന്റെയും കൈകളിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriabashar al asadBashar AssadHTSAL JUlani
News Summary - Who is Abu Muhammad al-Julani, the leader of the rebel forces that occupied Syria?
Next Story