ഇബ്രാഹിം റഈസി: അലി ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവ്
text_fieldsതെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട 63-കാരനായ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസ് അസ്സാദാത്തിയെന്ന ഇബ്രാഹിം റഈസി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
Everyone should pray for health of President & we hope God will return him to arms of the nation pic.twitter.com/9njYc4XQ3d
— Khamenei Media (@Khamenei_m) May 19, 2024
ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിയ തീർഥാടന കേന്ദ്രവുമായ മശ്ഹദിൽ 1960ലാണ് റഈസിയുടെ ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ച റഈസി 1979ൽ ആയത്തുല്ല റൂഹുല്ലാ ഖുമൈനി നയിച്ച ഇസ്ലാമിക വിപ്ലവത്തിൽ പങ്കാളിയായി. 25ാം വയസ്സിൽ തെഹ്റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ചു.
1988ൽ എല്ലാ രാഷ്ട്രീയ എതിർപ്പുകളും അവസാനിപ്പിച്ച് എതിരാളികൾക്ക് കൂട്ട മരണം വിധിച്ച നാല് ജഡ്ജിമാരിൽ ഒരാളായി ആരോപിക്കപ്പെടുന്നു. എന്നാൽ, മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ൽ ഇറാൻ പ്രോസിക്യൂട്ടർ പദവിയിലെത്തി. രണ്ടുവർഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖാംനഈ അദ്ദേഹത്തെ നിയമിച്ചു.
2017 ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റഈസി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിർണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയർമാൻ പദവിയിലും റഈസി നിയമിതനായി.
യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇബ്രാഹിം റഈസി പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിൽ റഈസിയുണ്ടായിരുന്നു. 2019ൽ ഡോണൾഡ് ട്രംപ് ആണ് റഈസിക്ക് വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.