വയസ് 100; ഐറിസ് അമ്മൂമ്മക്കായി കാത്തിരിക്കുകയാണ് ഫാഷൻ ലോകം
text_fieldsന്യൂയോർക്ക്: സെഞ്ച്വറിത്തിളക്കത്തിനിടയിലും ശരീരത്തിന്‍റെ ചുളിവുകൾ മനസിലേക്ക് പടർത്തി വിടാൻ ഒരുക്കമല്ല ഐറിസ് അമ്മൂമ്മ. 100ന്‍റെ നിറവിലും ഫാഷൻ ലോകത്തിന് വിസ്മയമായി മാറിയിരിക്കുകയാണ് ഐറിസ് ആഫേൽ എന്ന മുത്തശ്ശി. അവർക്കായി ലോകത്തെ വമ്പൻ ബ്രാൻഡുകൾ കാത്തിരിക്കുന്നു. ഫാഷൻ മാസികകൾ അവരുടെ ചിത്രങ്ങൾ പകർത്താൻ ക്ഷമയോടെ അവർക്ക് പിന്നാലെ കൂടുന്നു. കേവലം ഫാഷൻ മാത്രമല്ല ഐറിസിന്‍റെ ലോകം. നല്ല ഒന്നാന്തരം ബിസിനസുകാരിയുമാണ്.
ആത്മവിശ്വാസം കൈവരിച്ച് മുന്നേറേണ്ട ലോകമായ ഫാഷൻ മേഖലയിൽ വയസിനൊന്നും വലിയ പ്രാധാന്യമില്ലെന്ന് ഐറിസ് പറയുന്നു. പാഷനാണ് പ്രധാനം. അതിനു വേണ്ടി പണിയെടുക്കുക -ഐറിസ് അമ്മൂമ്മയുടെ പ്രചോദന വാക്കുകൾ ഇങ്ങനെ പോകുന്നു. അറിയപ്പെടുന്ന ഇന്‍റീരിയർ ഡിസൈനറുമാണ് മുത്തശ്ശി. ചെറുപ്പം മുതലേ ഫാഷനോട് താൽപര്യം പുലർത്തിയിരുന്ന ഐറിസ് പിന്നീട് ടെക്സ്റൈൽസ് വ്യവസായ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഈ കാലയളവിനിടയിൽ
അമേരിക്കൻ പ്രസിഡന്‍റുമാർക്കു വേണ്ടി വരെ വസ്ത്രം ഒരുക്കിയിട്ടുണ്ട്. ആഫെലിന്‍റെ ഫാഷൻ ലോകത്തെക്കുറിച്ച് നടന്ന എക്സിബിഷനിലൂടെയാണ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്. കഴിഞ്ഞ ആഗസ്ത് 29നാണ് ഐറിസിന് 100 വയസ് തികഞ്ഞത്. വൻ ആഘോഷങ്ങളാണ് അന്ന് അരങ്ങേറിയത്.
2015ൽ ഐറിസിന്‍റെ അഭിമുഖം ദി ഗാർഡിയൻ പ്രസിദ്ധീകരിച്ചിരുന്നു. ഏറെ പ്രചോദനം നൽകുന്ന ആ അഭിമുഖത്തിൽ താൻ ജെറിയാട്രിക് സ്റ്റാർലറ്റ് (വയോ നക്ഷത്രം) ആണെന്നാണ് ഐറിസ് സ്വയം വിശേഷിപ്പിച്ചത്.
1921 ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ ക്വീൻസിലുള്ള അസ്റ്റോറിയയിൽ ഒരു ജൂത കുടുംബത്തിൽ ജനിച്ച ഐറിസ് ബാരൽ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. ചെറുപ്പത്തിലേ ഫാഷനോട് ആഗ്രഹമായിരുന്നു. 1940-കളുടെ അവസാനത്തിൽ ആഫെൽ ഭർത്താവ് കാളിനെ കണ്ടുമുട്ടി. ഇരുവരും ചേർന്ന് 'ഓൾഡ് വേൾഡ് വീവേഴ്സ്' എന്ന പേരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി സ്ഥാപിച്ചു. ഇവരുടെ തുണിത്തരങ്ങൾ വളരെ വേഗം പ്രചാരം നേടി.
വൈറ്റ് ഹൗസിലേക്കും അതിന്‍റെ വാർത്തകൾ എത്തി. പിന്നീട് കാത്തിരിക്കേണ്ടി വന്നില്ല. വൈറ്റ് ഹൗസിൽനിന്നും കരാറുകൾ തേടിയെത്തി. ഒമ്പത് പ്രസിഡന്‍റുമാരുടെ വസ്ത്രങ്ങളുടെ കരാർ ഐറിസിന്‍റെയും കാളിന്‍റെയും കമ്പനിക്ക് ലഭിച്ചു. 'ഫസ്റ്റ് ലേഡി ഓഫ് ഫാബ്രിക്', 'ഔർ ലേഡി ഓഫ് ദി ക്ലോത്ത്' എന്നീ പേരുകളും ആഫെൽ സ്വന്തമാക്കി. സാമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഐറിസിനെ പിന്തുടരുന്നുണ്ട്.
പ്രായം എന്നത് കേവലമൊരു അക്കം മാത്രമായി മാറിയിരിക്കുകയാണ് ആഫെലിന്‍റെയടുത്ത്. 100 കഴിഞ്ഞെങ്കിലും അവർ വിശ്രമിക്കാൻ ഒരുക്കമല്ല. തന്നെ കാത്തിരിക്കുന്ന പരസ്യ കമ്പനികൾക്കും മാസികകൾക്കും ആയി അണിഞ്ഞൊരുങ്ങുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.