ആരാണ് ലിസ് ട്രസ്; യു.കെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന വനിതയെ അറിയാം
text_fieldsലണ്ടൻ: ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ മുൻ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ് ആണ് ലീഡ് ചെയ്യുന്നത്. ഇന്ത്യൻ വംശജനും മുൻ ധനകാര്യ സെക്രട്ടറിയുമായ റിഷി സുനക്കിനായിരുന്നു സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടത്. എന്നാൽ റിഷി സുനക്കിനെ കടത്തി വെട്ടി ലിസ് ട്രസ് ആണിപ്പോൾ മുന്നിട്ടു നിൽക്കുന്നത്.
കൺസർവേറ്റീവ് പാർട്ടിയിലെ താഴെത്തട്ടിലുള്ള അംഗങ്ങളുടെ പോലും പിന്തുണയുണ്ട് ട്രസ്സിന്. തെരഞ്ഞെടുപ്പിൽ ആരു ജയിക്കണം എന്നു തീരുമാനിക്കാൻ പോലും ശക്തിയുള്ളവരാണ് ഈ അംഗങ്ങൾ. സെപ്റ്റംബർ രണ്ടിനാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്. നിരവധി ടെലിവിഷൻ ചർച്ചകൾക്കും ജനങ്ങൾക്കിടയിൽ നേരിട്ടുള്ള പ്രചാരണങ്ങൾക്കും ശേഷമാണ് അന്തിമ വോട്ടെടുപ്പ് നടക്കുക. ലിസ് ട്രസ് 66 ശതമാനം വോട്ടോടെ വിജയിക്കുമെന്നാണ് സർവേ ഫലങ്ങൾ.
പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ വടക്കൻ ഇംഗ്ലണ്ടാണ് 46 കാരിയായ ട്രസിന്റെ തട്ടകം. ഓക്സ്ഫഡ് ബിരുദധാരിയായ ട്രസ് തന്നെ സോഷ്യൽ ഡെമോക്രാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മേഖലക്കുള്ള പങ്കിനെ കുറിച്ച് നല്ല ബോധ്യമുണ്ട് ട്രസിന്. 10 വർഷം എനർജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രിയിൽ കൊമേഴ്സ്യൽ മാനേജരായി ജോലി ചെയ്തു. രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായെങ്കിലും കടമ്പകൾ കടന്നാണ് ഒരിടത്ത് ഉറച്ചുനിൽക്കാനായത്. 2010ൽ കോമൺ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ൽ സ്റ്റേറ്റ് ഫോർ എജ്യൂക്കേഷൻ ആൻഡ് ചൈൽഡ്കെയർ പാർലിമെന്ററി അണ്ടർ സെക്രട്ടറിയായി.
പിന്നീട് പരിസ്ഥിതി, ഭക്ഷ്യ, നഗരകാര്യ വകുപ്പുകളിലും ജോലി ചെയ്തു. ഈ പരിചയസമ്പത്ത് പ്രചാരണ രംഗത്ത് ട്രസിന് മുതൽക്കൂട്ടായി. 2021 സെപ്റ്റംബറിൽ ബോറിസ് ജോൺസൺ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ട്രസ് സ്വീകരിച്ച നിലപാടുകൾ ലോകം ശ്രദ്ധിച്ചു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകയായ ട്രസ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളും ചുമത്താൻ മുന്നിട്ടിറങ്ങി. ബ്രെക്സിറ്റിന് എതിരായിരുന്നിട്ടു കൂടി യൂറോപ്യൻ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതും ഇവരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.